സ്നേഹതീരം ബീച്ചിൽ ഇന്ന് തുറക്കും, വായനയുടെ പുതുതീരം
text_fieldsതളിക്കുളം പ്രിയദർശിനി ലൈബ്രറി
തളിക്കുളം: തളിക്കുളം സ്നേഹതീരം ബീച്ചിൽ ഗ്രാമത്തിലുള്ളവരുടെ കൂട്ടായ്മയിൽ അതിമനോഹരമായി പുതുക്കി നിർമിച്ച പ്രിയദർശിനി പബ്ലിക് ലൈബ്രറി 5000ഓളം പുതിയ പുസ്തക ശേഖരവുമായി വ്യാഴാഴ്ച തുറന്ന് കൊടുക്കും. 1984ൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോഴാണ് തളിക്കുളത്ത് പ്രിയദർശിനി സ്മാരക സമിതിക്ക് രൂപം നൽകിയത്. ഇന്ദിര ഗാന്ധി മരിച്ച് ഏഴു ദിവസത്തിനുള്ളിലാണ് തളിക്കുളം ബീച്ചിൽ ഏഴ് സെന്റ് സ്ഥലം വാങ്ങിയത്.
പി.കെ. കോന്നൻ എന്നയാൾ ഒന്നര സെന്റ് നൽകി. അഞ്ചര സെന്റ് സ്ഥലം പണം നൽകിയും വാങ്ങി. ഇന്ദിര ഗാന്ധിയുടെ പേരിലുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാരക മന്ദിരത്തിന് 1986ൽ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനാണ് കല്ലിട്ടത്. അന്ന് കെ.എസ്.യു ജില്ല പ്രസിഡന്റായിരുന്ന തളിക്കുളത്തുകാരനായ ടി.എൻ. പ്രതാപന്റെ നേതൃത്വത്തിൽ ആറ് മാസത്തിനുള്ളിൽ കെട്ടിടം പണി പൂർത്തീകരിച്ചു.
പ്രിയദർശിനി സ്മാരക മന്ദിരത്തിൽ ലൈബ്രറിയും ഓഫിസുമായിരുന്നു പ്രവർത്തനം. കെട്ടിടം കടലോരത്ത് ആയതിനാൽ ഉപ്പുകാറ്റും കാലാവസ്ഥ വ്യതിയാനവും മൂലം തകർന്ന് ഉപയോഗ്യമല്ലാതായി. ടി.എൻ. പ്രതാപന്റെ ഇടപെടലിൽ പ്രവാസികളുടേയും ഗ്രാമവാസികളുടേയും സഹായത്തോടെ കെട്ടിടം വീണ്ടും മനോഹരമായി നവീകരിക്കുകയായിരുന്നു. ഏതാനും മാസം മുമ്പ് കെ. മുരളീധരനാണ് പുതുക്കിപണിയാൻ കല്ലിട്ടത്. വേഗത്തിൽ തന്നെ പണി പൂർത്തീകരിച്ചു.
ആധുനിക രീതിയിലാണ് സ്നേഹതീരം പാർക്കിനടുത്ത് പ്രിയദർശിനി പബ്ലിക് ലൈബ്രറി നവീകരിച്ചത്. എം.പിയായിരുന്നപ്പോൾ പുസ്തകശേഖരണത്തിലൂടെ ടി.എൻ. പ്രതാപന് ലഭിച്ച പുസ്തകങ്ങളും പ്രവാസികളിൽനിന്നടക്കം സംഭാവനയായി ലഭിച്ച തുക കൊണ്ട് വാങ്ങിയതുമടക്കം 5000 ലധികം പുസ്തകങ്ങളാണ് ലൈബ്രറിയിൽ സജ്ജമായത്.
പുസ്തകം സൂക്ഷിക്കാൻ തളിക്കുളത്തെ കൃഷിയുമ്മയായിരുന്ന മരിച്ച ഫാത്തിമയുടെ സ്മരണക്കായി ഹനീഫയും ചൊവ്വൂരുള്ള ജോസഫും തളിക്കുളം പ്രവാസി അസോസിയേഷനും മുൻ പ്രവാസികളും പ്രവാസികളും റേക്കയും അലമാരകളും നൽകി. വായന ദിനത്തിൽ കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജൂലൈ ഒന്നിലേക്ക് ഉദ്ഘാടന പരിപാടി മാറ്റിവെച്ചു. എന്നിരുന്നാലും വായനദിനത്തിൽ ലൈബ്രറി തുറന്നുകൊടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

