ഓടുന്ന വാഹനത്തിൽ പാമ്പ്
text_fieldsആമ്പല്ലൂർ: ദേശീയപാത നന്തിക്കരയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിനുള്ളിൽ പാമ്പിനെ കണ്ടു. കൊരട്ടിയിൽനിന്ന് നടത്തറയിലേക്ക് ബേക്കറി സാധനങ്ങൾ കൊണ്ടുപോയ ഗുഡ്സ് വാഹനത്തിനുള്ളിലാണ് പാമ്പിനെ കണ്ടത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. വാഹനത്തിന്റെ ഡാഷ് ബോർഡിനുള്ളിൽനിന്ന് സ്റ്റിയറിങ്ങിലേക്ക് എത്തിയ പാമ്പിനെ കണ്ട് ഡ്രൈവർ നന്തിപുലം സ്വദേശി അനീഷ് വാഹനം ദേശീയപാതയിൽ നിർത്തി പുറത്തിറങ്ങുകയായിരുന്നു.
പിന്നീട് വനം വകുപ്പിൽ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ റെസ്ക്യൂ ടീം അംഗം കൊടകര സ്വദേശി ദിജിത്ത് ഏറെ നേരം വാഹനം പാതയോരത്തേക്ക് മാറ്റിയിട്ട് പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഒരുമണിക്കൂറോളം ദേശീയപാതയിൽ കിടന്ന വാഹനത്തിൽനിന്ന് പാമ്പ് പോയിട്ടുണ്ടാകുമെന്നാണ് പറയുന്നത്. കൊരട്ടിയിലെ ഗോഡൗണിന്റെ കോമ്പൗണ്ടിൽ ശനിയാഴ്ച നിർത്തിയിട്ട വാഹനം തിങ്കളാഴ്ച രാവിലെയാണ് എടുത്തതെന്ന് ഡ്രൈവർ പറഞ്ഞു. ഇതിനിടയിലാകാം പാമ്പ് വാഹനത്തിൽ കയറിയത്.

