നഗരത്തെ ആശങ്കയിലാക്കി ‘പുകബോംബ്’
text_fieldsതൃശൂർ നഗരത്തിലെ കൊക്കാലെയിൽ പുല്ലിന് തീപിടിച്ചതിനെത്തുടർന്ന് അഗ്നിരക്ഷസേന രക്ഷാപ്രവർത്തനം നടത്തുന്നു
തൃശൂർ: നഗരത്തെ ആശങ്കയിലാക്കി മാലിന്യക്കൂമ്പാരത്തിലും പുൽക്കാട്ടിലും തീപടർന്നത് ജനത്തെ പരിഭ്രാന്തിയിലാക്കി. ബ്രഹ്മപുരത്തെ അനുസ്മരിപ്പിക്കുമാറ് നഗരത്തിലെ കൊക്കാലെ മേഖലയിൽ മാത്രം ആകാശത്തോളം ഉയർന്നുപൊങ്ങിയ പുകയാണ് ആശങ്ക പടർത്തിയത്.
കൊക്കാലെ കുളത്തിന് സമീപത്തെ പച്ചപ്പുല്ലുകൾക്ക് തീപിടിച്ചതാണ് കാരണം. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിറഞ്ഞ പുക ശക്തൻ സ്റ്റാൻഡ് വരെ വ്യാപിച്ചു. മൂന്നുമണിക്കൂർ ആശങ്ക പരത്തിയ പുകയും തീയും അഗ്നിരക്ഷസേന വിഭാഗം ഒടുവിൽ നിയന്ത്രണവിധേയമാക്കി.
ബുധനാഴ്ച ഉച്ചക്ക് 12.20ന് കോർപറേഷൻ പരിധിയിലെ കൊക്കാലെ കുളത്തിന് സമീപം വർഷങ്ങളായി കൂട്ടിയിട്ട മാലിന്യത്തിനും പുല്ലിനും തീപിടിക്കുകയായിരുന്നു. ഉണങ്ങിയ പുല്ലുകളിലാണ് ആദ്യം തീപടർന്നത്. പിന്നീട് ചതുപ്പിലെ ചെറുമരങ്ങളിലും പടർന്നു. പച്ചപ്പ് നിറഞ്ഞ മരത്തിനും ഇലകൾക്കും തീ പിടിച്ചതോടെയാണ് തീയണഞ്ഞ് പുകയായത്. കനത്ത പുക ഉയർന്നതുമൂലം തൊട്ടടുത്ത തൃശൂർ റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർക്കും പരിസരവാസികൾക്കും ശാരീരിക അസ്വസ്ഥതകളുണ്ടായി.
കൊക്കാലെ മാലിന്യപ്ലാന്റിന് തൊട്ടടുത്ത് വരെ തീ പടർന്നെത്തിയെങ്കിലും അഗ്നിരക്ഷസേനയുടെ ഇടപെടലിൽ അണക്കാനായി. അടക്ക മാർക്കറ്റും കൊക്കാലെ മുനിസിപ്പൽ ബിൽഡിങ്ങും പൂർണമായും പുകയിൽ മുങ്ങി. ചതുപ്പ് പ്രദേശമായത് രക്ഷാപ്രവർത്തനങ്ങളെയും ബാധിച്ചു. മേഖലയിലെ വീട്ടുകാർക്കും കടക്കാർക്കും അധികൃതർ മുന്നറിയിപ്പ് നൽകി.
തൃശൂർ അഗ്നിരക്ഷ യൂനിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ രഘുനാഥൻ നായർ, സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ ബാബു രാജൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു യൂനിറ്റ് ഫയർ എൻജിൻ എത്തിച്ചാണ് പൂർണമായും അണച്ചത്. ഫയർ റെസ്ക്യൂ ഓഫിസർമാരായ പി.കെ. പ്രജീഷ്, കൃഷ്ണപ്രസാദ്, മഹേഷ്, അനിൽജിത്, വനിത ഹോം ഗാർഡ് പി.കെ. ശോഭന എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

