തൊഴിലുറപ്പ് പദ്ധതിയിൽ സ്മാര്‍ട്ടായി തലോര്‍ പാറപ്പുറം അംഗൻവാടി
text_fieldsനെന്മണിക്കര പഞ്ചായത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച അംഗൻവാടി
ആമ്പല്ലൂര്‍: വര്‍ഷങ്ങളായി വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന തലോര്‍ പാറപ്പുറം അംഗൻവാടിക്ക് ഇനി സ്വന്തം കെട്ടിടവും സ്മാര്‍ട്ട് പദവിയും. കൊടകര ബ്ലോക്ക് പരിധിയില്‍ ഉള്‍പ്പെട്ട നെന്മണിക്കര പഞ്ചായത്തിലാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ അംഗൻവാടി സ്മാര്‍ട്ടായത്.
കുരുന്നുകള്‍ക്ക് സ്വന്തമായി ക്ലാസ്മുറി ഒരുക്കി കൊടുക്കാന്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് മുന്നിട്ടിറങ്ങിയതോടെ നെന്മണിക്കര ഗ്രാമപഞ്ചായത്ത് വാങ്ങിയ നാല് സെൻറ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ അംഗൻവാടി ഉയര്‍ന്നത്. 17 ലക്ഷം വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. കൊടകര ബ്ലോക്ക് പഞ്ചായത്തിെൻറ ഫണ്ടില്‍ നിന്ന് 10 ലക്ഷവും വനിത ശിശു വികസന വകുപ്പില്‍ നിന്ന് രണ്ട് ലക്ഷവും ലഭ്യമാക്കി. തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് അഞ്ച് ലക്ഷം കൂടി ചെലവഴിച്ച് 516 തൊഴില്‍ ദിനങ്ങളിലൂടെയാണ് രണ്ട് നിലകളിലായി അംഗൻവാടി ഉയര്‍ന്നത്. 2020 ജൂണിലാണ് നിര്‍മാണപ്രവര്‍ത്തനം തുടങ്ങിയത്.
മുകളിലെ നിലയില്‍ ക്ലാസ് റൂമും ശിശു സൗഹൃദ ടോയ്ലറ്റും സജ്ജമാക്കി. താഴെ നിലയില്‍ കളിസ്ഥലമായോ ഓഫിസായോ ഉപയോഗിക്കാവുന്ന ഹാളും അടുക്കളയും ടോയ്ലറ്റ് സൗകര്യവുമുണ്ട്. കെട്ടിടം പണി പൂര്‍ത്തിയായ ശേഷം ഗ്രാമപഞ്ചായത്ത് ഫണ്ട് ചെലവഴിച്ച് ചുറ്റുമതില്‍ കെട്ടി അംഗൻവാടി സുരക്ഷിതമാക്കിയിട്ടുണ്ട്.
കുട്ടികളുടെ കഴിവുകള്‍ വളര്‍ത്താനാവശ്യമായ മികച്ച സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കാന്‍ സ്മാര്‍ട്ട് അംഗൻവാടിക്ക് സാധിക്കും. കോവിഡ് സാഹചര്യം മാറി സാധാരണജീവിതം സാധ്യമാകുമ്പോള്‍ തലോര്‍ പാറപ്പുറത്തെ കുരുന്നുകള്‍ക്ക് ഇനി സ്വന്തം ക്ലാസ് മുറിയില്‍ തങ്ങളുടെ അറിവിെൻറ ആദ്യപാഠങ്ങള്‍ നുകരാം. തൊഴിലുറപ്പുമായുള്ള സംയോജന പദ്ധതികളിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏത് പ്രതിസന്ധിയും മറികടക്കാനാവും എന്നതിെൻറ മികച്ച മാതൃക കൂടിയാണ് കൊടകര ബ്ലോക്ക് പഞ്ചായത്തിെൻറ ഈ പ്രവര്‍ത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

