സ്വപ്നം യാഥാർഥ്യമാകുന്നു; പാലിപ്പുഴ സ്ലൂയിസ് കം ബ്രിഡ്ജ് നിർമാണത്തിന് 55 കോടി
text_fieldsഅന്നമനട പാലിപ്പുഴ കടവ്
മാള: ആഹ്ലാദ പെരുമഴയായി സംസ്ഥാന ബജറ്റിൽ അന്നമനട-പാലിപ്പുഴ സ്ലൂയിസ് കം ബ്രിഡ്ജ് നിർമാണത്തിന് 55 കോടി. ദീർഘകാലത്തെ സ്വപ്നമാണ് ഇതോടെ യാഥാർഥ്യമാവുന്നത്. കാർഷിക മേഖലയിൽ വൻ കുതിപ്പാകും. വിവിധ പമ്പിങ് കേന്ദ്രങ്ങളുടെ പ്രവർത്തനം ഇതോടെ കാര്യക്ഷമമാകും. ചാലക്കുടിപ്പുഴ മറുകര പറ്റാനും ഇതുവഴിയാകും. പൂവ്വത്തുശ്ശേരി-എളവൂർ തൂക്കുപാലത്തിന് നാട്ടുകാർ ശ്രമം തുടങ്ങിയിട്ട് കാലമേറേയായിരുന്നു. ചാലക്കുടിപ്പുഴക്ക് കുറുകെ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ തൈക്കൂട്ടം, കുണ്ടൂർ തൂക്കുപാലങ്ങളാണ് നിലവിലുള്ളവ. കാടുകുറ്റി, പുളിക്കടവ്,
പാറക്കടവ്, കണക്കൻകടവ് എന്നിവിടങ്ങളിൽ വാഹന ഗതാഗതത്തിനുള്ള മേൽ പാലങ്ങളും നിലവിലുണ്ട്. അതുകൊണ്ട് കൂടിയാവാം അന്നമനട-പാലിപ്പുഴ സ്ലൂയിസ് കം ബ്രിഡ്ജ് എന്ന സങ്കൽപം ചുവപ്പുനാടയിൽ കുടുങ്ങി കിടന്നത്. തൃശൂർ-എറണാകുളം ജില്ലകളുമായി ബന്ധിപ്പിക്കുന്ന പാലിശ്ശേരി-പാലിപ്പുഴ കടവ് കടക്കാൻ നിലവിൽ കടത്തു വഞ്ചിതന്നെയാണ് ആശ്രയം. ചാലക്കുടിപ്പുഴക്ക് കുറുകെ തൂക്കുപാലം അനുവദിക്കണമെന്ന ആവശ്യവും യാഥാർഥ്യമായിരുന്നില്ല. അന്നമനട പഞ്ചായത്തിലെ പാലിശ്ശേരി കടവിൽ പഞ്ചായത്ത് കടത്തുവഞ്ചി ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി വിദ്യാർഥികളാണ് പാലിപ്പുഴയിൽനിന്ന് പാലിശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കാനായി എത്തുന്നത്.മഴക്കാലമായാൽ കടത്തുവഞ്ചിയെ ആശ്രയിക്കാനാവില്ല. ബസിൽ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ചാണ് ഇവർ സ്കൂളിലെത്തിയിരുന്നത്. തിരിച്ചുള്ള യാത്രയിൽ വീട്ടിൽ എത്തുമ്പോൾ വൈകുകയും ആവശ്യമായ ഹോം വർക്കുകൾ പോലും ചെയ്യാൻ കഴിയുന്നില്ലെന്നും വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. ഇത് സംബന്ധിച്ചഎ ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. വിദ്യാർഥികളുൾപ്പെടെയുള്ളവരുടെ യാത്രാദുരിതത്തിന് പാലിപ്പുഴയിലെ നിർമാണം പരിഹാരമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

