സീതാറാം, വിരുപ്പാക്ക മില്ലുകൾക്ക് വീണ്ടും ജീവൻ വെക്കുന്നു
text_fieldsതൃശൂർ: ശമ്പളം കുടിശ്ശികയാക്കി, തൊഴിലാളികളെ പടിയിറക്കി അടച്ചുപൂട്ടലിന് സമാനമായി മാസങ്ങളായി ‘ലേ ഓഫി’ലായ സീതാറാം, വിരുപ്പാക്ക ടെക്സ്റ്റൈൽമില്ലുകൾ വീണ്ടും പ്രവർത്തിക്കും. ആദ്യഘട്ടമായി സർക്കാർ അനുവദിച്ച തുക അക്കൗണ്ടിലെത്തി.
തൊഴിലാളിക്ക് ഒരു മാസത്തെ ശമ്പളവും ബോണസും വിതരണം ചെയ്ത് തുടങ്ങി. സമ്പൂർണ അടച്ചുപൂട്ടൽ തീരുമാനിച്ച് ആറ് മാസമായി ലേ ഓഫിലാണ് മില്ലുകൾ. ഇതിലാണ് അടച്ചിട്ട മില്ലുകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ 10.5 കോടി അനുവദിച്ചത്. ഇതനുസരിച്ച് സീതാറാം (1.6 കോടി), വിരുപ്പാക്ക (1.30 കോടി) മില്ലുകൾക്കായി മൂന്ന് കോടിയാണ് ലഭിച്ചത്. ചൊവ്വാഴ്ചയോടെ എല്ലാ തൊഴിലാളികൾക്കും ലഭിക്കുമെന്നാണ് പറയുന്നത്.
സർക്കാർ സഹായമില്ലാതായതും വായ്പാ സൗകര്യങ്ങളില്ലാതായതും മില്ലുകളെ കടക്കെണിയിലാക്കിയിരുന്നു. പഞ്ഞിയടക്കമുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവും വാങ്ങി ശേഖരിക്കാൻ ആവശ്യമായ സാമ്പത്തിക പരിമിതിയിലുമായി ഉന്തിത്തള്ളിയായിരുന്നു വർഷങ്ങളായി മില്ലുകളുടെ യാത്ര. ഇടക്ക് ലേ ഓഫ് പ്രഖ്യാപിക്കുമെങ്കിലും പിന്നീട് വീണ്ടും സർക്കാർ ഇടപെടലോടെ പ്രവർത്തിപ്പിക്കാൻ കഴിയുമായിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാർ വന്നതിന് ശേഷം ഒരുതവണ മാത്രമാണ് മില്ലുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നത്. പിന്നീട് പലതവണ വ്യവസായ വകുപ്പുമായും വകുപ്പ് മന്ത്രിയുമായും തൊഴിലാളി സംഘടനകൾ ഇടപെട്ടുവെങ്കിലും ഈ മേഖലയോട് ശ്രദ്ധയുണ്ടായില്ല. കഴിഞ്ഞ ആറ് മാസത്തോളമായി അടച്ചിട്ട മില്ലുകളിലായി ആയിരക്കണക്കിന് തൊഴിലാളികളാണ് പണിയെടുത്ത കൂലി പോലുമില്ലാതെ പെരുവഴിയിലായത്. സീതാറാം മില്ലിൽ - 200, തൃശൂർ കോ ഓപ്പറേറ്റിവ് സഹകരണ സ്പിന്നിങ് മിൽ (വിരുപ്പാക്ക) - 225 എന്നിങ്ങനെ സ്ഥിരം തൊഴിലാളികളുണ്ട്. ഇവർക്ക് ശമ്പള കുടിശ്ശിക മാത്രമല്ല ഇ.എസ്.ഐ, പി.എഫ് എന്നിവയടക്കം മുടക്കമാണ്.
വിരമിച്ചവരിൽ ഗ്രാറ്റുവിറ്റിയും കിട്ടാത്തവരാണ് ഏറെയും. സീതാറാംമില്ലിൽ സി.പി.എം പ്രതിനിധിയായിരുന്നു ചെയർമാനെങ്കിലും മുന്നണി ധാരണയനുസരിച്ച് ഐ.എൻ.എലിന് കൈമാറിയെങ്കിലും ആരും ചുമതലയേറ്റില്ല. വിരുപ്പാക്കയിൽ ബി.ഡി.ജെ.എസ് നേതാവ് കെ.വി. സദാനന്ദനെയാണ് ചെയർമാനായി നിയോഗിച്ചത്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് 30 കോടിയോളം ചെലവിട്ട് 35 വർഷം പഴക്കമുള്ള യന്ത്രങ്ങൾ മാറ്റിയും പദ്ധതികൾ തയാറാക്കിയും ആധുനികവത്കരണത്തിന് ശ്രമം തുടങ്ങിയിരുന്നു.
2021ൽ 27.35 കോടിയുടെ അടങ്കൽ തുകയുടെ മാസ്റ്റർ പ്ലാനും സർക്കാറിന് സമർപ്പിച്ചിരുന്നു. എല്ലാ പൊതുമേഖല സ്ഥാപനങ്ങളും നവീകരിച്ച് സ്വയംപര്യാപ്തമാക്കുവാനും 2032 ഓടുകൂടി അവയെ ലാഭത്തിലാക്കാനുമായിരുന്നു രണ്ടാം പിണറായി സർക്കാറിന്റെ വ്യവസായ വകുപ്പിന്റെ ആദ്യ പ്രഖ്യാപനം.
നൂലില്ലാത്തതിനാൽ ഉൽപാദനം നടക്കുന്നില്ല. കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് നൂല് വാങ്ങുന്നത്. നൂല് വാങ്ങണമെങ്കിൽ പണവുമില്ല. ഒരാഴ്ച പ്രവർത്തിക്കാതിരുന്നാൽ തകരാറിലാവുന്നതാണ് യന്ത്രങ്ങൾ. ലേ ഓഫ് സമയത്ത് സ്ഥിരം തൊഴിലാളിക്ക് പകുതി ശമ്പളം അനുവദിക്കണമെന്നാണ് ചട്ടം. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ലേ ഓഫ് വേതനവും അനുവദിക്കാത്തതിനാൽ തൊഴിലാളികൾ പട്ടിണിയുടെ വക്കിലായിരുന്നു. ഇതിനിടയിലാണ് ടെക്സ്റ്റൈൽ മില്ലുകളുടെ പ്രവർത്തനത്തിനായി കഴിഞ്ഞ ആഴ്ച സർക്കാർ 10.5 കോടി അനുവദിക്കുമെന്നും ഓണത്തിന് മുമ്പായി മില്ലുകൾ പ്രവർത്തിപ്പിക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചത്.
ഈ തുകയാണ് ഇപ്പോൾ അക്കൗണ്ടിലെത്തിയിരിക്കുന്നത്. സീതാറാംമിൽ അക്കൗണ്ടിൽ തുക എത്തിയെങ്കിലും വിരുപ്പാക്കയിൽ തുക എത്തിയിട്ടില്ലെന്നും ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മിൽ ചെയർമാൻ കെ.വി. സദാനന്ദൻ പറഞ്ഞു.
തൊഴിലാളിക്ക് അഞ്ച് മാസത്തെ ശമ്പള കുടിശ്ശികയും വൈദ്യുതി ബിൽ, അസംസ്കൃത വസ്തുക്കൾ വാങ്ങിയതിലെ കുടിശ്ശികയടക്കമുണ്ട്. ഇപ്പോൾ അനുവദിച്ച തുക മതിയാവില്ല. എന്നാൽ ഒരു മാസത്തെ ശമ്പളവും ബോണസും നൽകിയും വൈദ്യുതി ബിൽ അടക്കുന്നതിന് മന്ത്രിതല ചർച്ചയിലൂടെ സാവകാശം തേടിയും അസംസ്കൃത വസ്തുക്കൾക്കായി പകുതി തുക നൽകി സമയം തേടിയും മില്ലുകളെ വീണ്ടും പ്രവർത്തന ക്ഷമമാക്കാനാണ് പദ്ധതി. എന്നാൽ മാനേജ്മെന്റുകൾ സർക്കാറിനെ തെറ്റിദ്ധരിപ്പിച്ച് സ്ഥാപനത്തെ തകർക്കാനുള്ള നീക്കം നടത്തുകയാണെന്ന് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു.
ചൊവ്വാഴ്ച തിരുവനന്തപുരത്ത് തൊഴിലാളി സംഘടന പ്രതിനിധികൾ ടെക്സ്റ്റൈൽസ് കോർപറേഷൻ എം.ഡിയെയും വ്യവസായ വകുപ്പ് മന്ത്രിയെയും നേരിൽ കാണുന്നുണ്ട്. പെരുവഴിയിലാക്കി അടച്ചുപൂട്ടിയെന്ന് കരുതിയിരിക്കെ തുറന്ന് പ്രവർത്തിക്കാനുള്ള സർക്കാർ തലത്തിലുള്ള ഇടപെടൽ ഈ ഓണക്കാലത്ത് തൊഴിലാളികൾക്ക് പ്രതീക്ഷ പകരുന്നതാണ്. എന്നാൽ തൊലിപ്പുറത്തെ ചികിത്സക്കപ്പുറം ഗൗരവകരമായ ഇടപെടലും പ്രവർത്തനവുമുണ്ടെങ്കിൽ മേഖല വളരാൻ ഏറെ സമയം വേണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

