ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധം; പകരം സാധനങ്ങൾ കിട്ടാനില്ല
text_fieldsതൃശൂർ: സംസ്ഥാന പഞ്ചായത്ത് വകുപ്പ് പ്ലാസ്റ്റിക് മാലിന്യ പരിപാലന നിയമത്തിന്റെ ഭാഗമായി ജില്ലയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധം തുടരുകയാണ്. മാലിന്യം ഉൽപാദിപ്പിക്കുന്നവർ സംസ്ഥാന നയം പിന്തുടരുക. ഇല്ലെങ്കിൽ ശിക്ഷ ഇതായിരുന്നു അടിസ്ഥാനതത്വം.
സർക്കാർ ഉത്തരവിലൂടെ ഉപയോഗത്തിലിരുന്ന ഒറ്റത്തവണ ഉപയോഗിക്കാവുന്ന വിവിധയിനം പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ നിരോധിച്ചുകൊണ്ട് ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ 2020ൽ സംസ്ഥാനത്തെ ആകെ ബാധിച്ച കോവിഡ് മഹാമാരി മാലിന്യപരിപാലന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. 2019ൽ നിരോധിച്ച മിക്ക പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും വിപണിയിലും ദൈനംദിന ഉപയോഗത്തിലും എത്തിച്ചേർന്നു.
പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി കണ്ട് കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിൽ നിന്നും ജൂലൈ ഒന്നുമുതൽ പൂർണമായും നിരോധിക്കാൻ ഉത്തരവിട്ടു.
ഉത്തരവു പ്രകാരം നിയമലംഘനം നടത്തുന്നവർക്ക് തുടക്കത്തിൽ 10,000 രൂപയും രണ്ടാം തവണ 25,000വും തുടർന്നുള്ള ലംഘനത്തിനു 50,000 പിഴയായി ഈടാക്കും. കുറ്റം ആവർത്തിക്കപ്പെട്ടാൽ സ്ഥാപനത്തിന്റെ ലൈസൻസ് വരെ റദ്ദാക്കുന്നതിനും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കു അധികാരമുണ്ട്.
നിയമലംഘനം നടത്തുന്നവർക്ക് പിഴയീടാക്കുന്നതുൾപ്പെടെ നടപടികൾ ഗ്രാമപഞ്ചായത്തുകളുടെ പ്ലാസ്റ്റിക് മാനേജ്മന്റ് ബെലോയിലുണ്ട്. ഇത് അനുസരിച്ച് ജൂലൈ മുതൽ നിരോധനം തുടർന്നു. നിലവിലുള്ളവ വിറ്റുപോകുന്നതിന് സാവകാശം നൽകുന്ന തരത്തിൽ ആഗസ്റ്റ് 28, 29 തീയതികളിലും തുടർന്ന് ഒക്ടോബർ പത്തിലും ജില്ലയിലാകെ പരിശോധന നടന്നു.
പകരം വസ്തുക്കളില്ല
നിരോധിത വസ്തുക്കൾക്ക് പകരം വെക്കാൻ വസ്തുക്കളില്ലാത്തതിനാൽ കച്ചവടക്കാരും ഉപഭോക്താക്കളും വല്ലാതെ പ്രയാസപ്പെടുകയാണ്. വ്യാപകമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾക്ക് പകരം മണ്ണിലലിയുന്നവ ഉണ്ടെങ്കിലും കൂടിയ വില നൽകേണ്ടതിനാൽ അവ കച്ചവടക്കാർ ഉപയോഗിക്കുന്നില്ല.
അതുകൊണ്ട് തന്നെ ഉപഭോക്താക്കളോട് സഞ്ചിയുമായി വരാനാണ് പറയുന്നത്. അതോടൊപ്പം ചില വസ്തുക്കൾക്ക് പകരം സാധനം ഉത്തരവിൽ തന്നെ ഇല്ലെന്ന് വ്യക്തമാക്കുമുണ്ട്. നിരോധനം കൃത്യമായി നടപ്പിലാക്കാൻ പകരം സാധനങ്ങൾ കൂടി ലഭ്യമാക്കുന്ന സാഹചര്യം വേണ്ടതുണ്ടെന്ന നിലപാടാണ് കച്ചവടക്കാർക്കുള്ളത്.
പിടിച്ചെടുത്തത് 29,330 കിലോ പ്ലാസ്റ്റിക്; പിഴയായി ലഭിച്ചത് 2.95 ലക്ഷം
ജൂലൈ ഒന്നിന് നിരോധം പ്രാബല്യത്തിലായെങ്കിലും പരിശോധന നടന്നത് മൂന്നുതവണ മാത്രമാണ്. ഈ പരിശോധനയിൽ 4350 സ്ഥാപനങ്ങളിൽ കയറി 29,330.81 കിലോ പ്ലാസ്റ്റിക് പടിച്ചെടുത്തു. 2,95,150 രൂപ പിഴ ഈടാക്കി. ജൂലൈ 18ലെ പരിശോധനയിൽ 1644 സ്ഥാപനങ്ങളിൽ നിന്നായി 116,150 രൂപ പിഴ ഈടാക്കി.
ആഗസ്റ്റ് 20ന് 1243 സ്ഥാപനങ്ങളിൽ നിന്നായി 213.81 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു, പിഴയായി 34,150 രൂപ ഈടാക്കി. കഴിഞ്ഞ പത്തിന് നടന്ന പരിശോധനയിൽ നിയമം ലംഘിച്ചവരിൽ നിന്നും 1,44,850 രൂപ പിഴ ഈടാക്കി.
1463 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 29,117 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. പുനരുപയോഗിക്കാൻ സാധിക്കാത്ത പ്ലാസ്റ്റിക് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 113 പേരിൽ നിന്നും 84,351 രൂപ പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകി.
പഞ്ചായത്ത് സെക്രട്ടറിമാർക്കുള്ള പരിശീലനം ഇതുവരെ നടന്നില്ല
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നൽകാനുള്ള പരിശീലന ക്ലാസ് ജില്ലയിൽ ഇതുവരെ സംഘടിപ്പിക്കാനായില്ല.
മലിനീകരണ നിയന്ത്രണ ബോർഡാണ് ജില്ലതലത്തിൽ ക്യാമ്പ് സംഘടിപ്പിച്ച് നിരോധിത സാധനങ്ങളെ കുറിച്ച് പിഴയടക്കം കാര്യങ്ങളും വിശദമായി ഉദ്യോഗസ്ഥർക്ക് കാഴ്ചപ്പാട് നൽകേണ്ടത്. സെക്രട്ടറിമാർ അവരുടെ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തുടർന്ന് ഇക്കാര്യം വിശദീകരിക്കേണ്ടതുണ്ട്. പരിശീലനം മുറപോലെ നടക്കാത്തതിനാൽ പരിശോധനയും കൃത്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

