അതിരപ്പിള്ളിയിൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
text_fieldsഅതിരപ്പിള്ളി വെള്ളച്ചാട്ടം. കഴിഞ്ഞ ദിവസം വൈകുന്നേരത്തെ കാഴ്ച
അതിരപ്പിള്ളി: വെള്ളച്ചാട്ടം സജീവമാകാത്തതിനാൽ അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. വൻതോതിൽ സഞ്ചാരികൾ എത്തുന്ന സീസണാണെങ്കിലും ഇവർ മറ്റ് മേഖലകളിലേക്ക് യാത്ര മാറ്റുകയാണ്. ഇത് അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര മേഖലയിലെ വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. അതിരപ്പിള്ളിയിൽ വനം വകുപ്പും കെ.എസ്.ഇ.ബി വിഭാഗവും തമ്മിൽ ശീതസമരം നടക്കുന്നുണ്ടെന്നാണ് സൂചന.വേനലിൽ ഷോളയാർ, പെരിങ്ങൽക്കുത്ത് ഡാമുകളിലെ വൈദ്യുതോൽപാദനത്തിന്റെ ഭാഗമായാണ് വെള്ളച്ചാട്ടത്തിലും പുഴയിലും വെള്ളമെത്തുന്നത്. വൈദ്യുതി ബോർഡിന് വിനോദ സഞ്ചാര മേഖലക്ക് പ്രയോജനപ്പെടും വിധം ഇത് നടത്താൻ സാധിക്കും.
വരൾച്ച പരിഹരിക്കാൻ ചാലക്കുടിപ്പുഴയോരത്തെ കർഷകർക്ക് കനാലിലൂടെ വെള്ളമെത്തിക്കാനും വെള്ളം തുറന്നുവിടേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ഈയിടെ പലപ്പോഴും രാത്രിയിലാണ് ഉൽപാദനം നടക്കുന്നത്. അതിനാൽ മിക്ക ദിവസങ്ങളിലും രാവിലെ വെള്ളച്ചാട്ടത്തിൽ നൂലുപോലെയാണ് ഒഴുക്ക്. വൈകീട്ട് വെള്ളം അൽപം കൂടുതൽ ഉണ്ടാകും. എന്നാൽ, അപ്പോഴേക്കും സഞ്ചാരികൾക്ക് തിരിച്ചുപോകാനുള്ള സമയം കഴിഞ്ഞിരിക്കും. അവധി ദിവസങ്ങളായ ശനിയും ഞായറുമൊക്കെ ഇതാണ് അവസ്ഥ. അകലങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾ നിരാശയോടെയാണ് മടങ്ങുന്നത്.
ഡാമുകളിൽ വെള്ളം കുറയുന്നതിനാൽ വേനൽക്കാല ആവശ്യങ്ങൾക്ക് വേണ്ടി കരുതൽ വേണമെന്ന ന്യായീകരണമാണ് കെ.എസ്.ഇ.ബിക്കുള്ളത്. അതിരപ്പിള്ളിയിലെ വിനോദസഞ്ചാര മേഖലയെ ആശ്രയിക്കുന്ന കച്ചവടക്കാരും സഞ്ചാരികളെത്താത്തതിനാൽ ദുരിതത്തിലാണ്. മലക്കപ്പാറ മേഖലയിലെ റോഡ് പണിയാണ് സഞ്ചാരികൾ കുറയാൻ മറ്റൊരു കാരണം. വാൽപ്പാറ, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് പോകാൻ വേണ്ടി കൂടിയാണ് സഞ്ചാരികൾ അതിരപ്പിള്ളിയിൽ എത്തുന്നത്. ഇതു മൂലം തമിഴ്നാട് ഭാഗത്തുനിന്ന് എത്തുന്ന സന്ദർശകരും വളരെ കുറഞ്ഞു.
അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലക്ക് രണ്ടുകോടി
ചാലക്കുടി: അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽ പാർക്കിങ്, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി ഈ വർഷം തന്നെ രണ്ടുകോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു.
അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബജറ്റിൽ അവഗണിച്ചെന്നും ഈ കേന്ദ്രങ്ങളുടെ വികസനത്തിന് തുക അനുവദിക്കണമെന്നും ബജറ്റ് പ്രസംഗത്തിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ രണ്ട് വർഷങ്ങളിലും എം.എൽ.എ സമർപ്പിച്ച ബജറ്റ് നിർദേശങ്ങളിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

