സിഗ്നൽ തെറ്റി മുരിങ്ങൂർ കവല
text_fieldsഅപകടത്തെത്തുടർന്ന് സിഗ്നൽ പ്രവർത്തനരഹിതമായ മുരിങ്ങൂർ കവല
കൊരട്ടി: സിഗ്നൽ സംവിധാനം പ്രവർത്തനരഹിതമായതോടെ ദേശീയപാതയിൽ മുരിങ്ങൂർ കവലയിൽ അപകട ഭീഷണി. വെള്ളിയാഴ്ച പുലർച്ച ലോറി ഇടിച്ചതിനെത്തുടർന്നാണ് മുരിങ്ങൂരിലെ സിഗ്നലിന് കേടുപാട് സംഭവിച്ചത്. തുടർന്ന് ലൈറ്റുകൾ തെളിയുകയോ ടൈമർ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല.
രണ്ടുദിവസമായി ദേശീയപാതയിലൂടെ അതിവേഗം സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കഴിയാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. കൂടാതെ മുരിങ്ങൂർ- ഏഴാറ്റുമുഖം റോഡിലേക്കും തിരിച്ചും ദേശീയപാതയിലേക്ക് വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെ ഗതാഗത തടസ്സം നേരിടുകയാണ്. റോഡ് മുറിച്ചുകടക്കാൻ കഴിയാതെ കാൽനടക്കാരും പ്രാണഭീതിയിൽ കുഴങ്ങുന്നു. ഇപ്പോഴത്തെ പ്രതിസന്ധി മനസ്സിലാക്കി ഗതാഗതം നിയന്ത്രിക്കാൻ പൊലീസുമില്ലെന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു.
ദേശീയപാതയിൽനിന്ന് മുരിങ്ങൂർ റോഡിലേക്ക് വാഹനങ്ങൾ തിരിഞ്ഞുപോകുന്നതും വരുന്നതും ഈ ഭാഗത്തെ റോഡിലെ വളവുമാണ് ദേശീയപാത 544ൽ മുരിങ്ങൂർ കവലയെ അപകടകേന്ദ്രമാക്കുന്നത്. വാഹനങ്ങൾ അതിവേഗത്തിൽ കടന്നുപോകുന്ന മേഖലയാണിത്. വർഷങ്ങൾക്ക് മുമ്പ് പ്രദേശവാസികളായ ഒരു കുടുംബത്തിലെ മൂന്നുപേർ അപകടത്തിൽ മരിച്ചത് നാട്ടുകാരെ ഞെട്ടിച്ചിരുന്നു. തുടർച്ചയായി സംഭവിക്കുന്ന അപകടങ്ങളെ തുടർന്ന് സിഗ്നൽ സംവിധാനം സ്ഥാപിക്കുകയായിരുന്നു. പിന്നീട് സിഗ്നലിന് ടൈമർ ഘടിപ്പിച്ചു. ഇതോടെ അപകടങ്ങൾക്ക് കുറവുണ്ടായിരുന്നു.
സമീപകാലത്ത് ദേശീയപാതയിൽ പുതുതായി അടിപ്പാത നിർമിക്കാൻ തീരുമാനിച്ച 11 കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണിവിടം. ഗതാഗതപ്രശ്നം രൂക്ഷമാകുന്നതിനും അപകടങ്ങൾ സംഭവിക്കുന്നതിനും മുമ്പ് സിഗ്നൽ തകരാറ് പരിഹരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

