കോർപറേഷൻ വൈദ്യുതി വിഭാഗത്തിൽ സ്വകാര്യവത്കരണം?
text_fieldsവൈദ്യുതി വിഭാഗത്തെ സ്വകാര്യ മേഖലക്ക് കൈമാറാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രാജൻ പല്ലന്റെ നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാർ മേയറെ തടഞ്ഞ് മുദ്രാവാക്യം വിളിക്കുന്നു
തൃശൂർ: വൈദ്യുതി വിതരണാവകാശം നിർവഹിക്കുന്ന സംസ്ഥാനത്തെ ഏക തദ്ദേശ സ്വയംഭരണ സ്ഥാപനമായ തൃശൂർ കോർപറേഷനിലെ വൈദ്യുതി വിഭാഗം സ്വകാര്യവത്കരിക്കാൻ നീക്കം നടക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ തടസ്സപ്പെടുത്തി. കോർപറേഷൻ വൈദ്യുതി വിഭാഗത്തെ സ്വകാര്യ മേഖല ഏൽപ്പിക്കാനുള്ള നീക്കത്തിൽ പ്രതിക്ഷേധിച്ച് കൗൺസിൽ യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാർ പ്ലക്കാർഡ് പിടിച്ച് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
അതേസമയം, കോർപറേഷൻ വൈദ്യുതി വിഭാഗം ജീവനക്കാരുടെ പ്രശ്നത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും എന്ത് കാരണത്താലാണ് ഇങ്ങനെ തദ്ദേശസ്വയംഭരണ വകുപ്പ് ഒരു ഓർഡർ ഇറക്കിയതെന്ന് അറിയില്ലെന്നും മേയർ എം.കെ. വർഗീസ് പറഞ്ഞു. രൂക്ഷമായ വാദപ്രതിവാദങ്ങളാണ് കൗൺസിൽ യോഗത്തിൽ അരങ്ങേറിയത്.
കോർപറേഷൻ വൈദ്യുതി വിഭാഗം ജീവനക്കാരെ വെട്ടിക്കുറച്ച് തദേശ സ്വയംഭരണ വകപ്പ് ഇറക്കിയ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് മേയർ ആവശ്യപ്പെട്ടു. ജീവനക്കാരെ വെട്ടിക്കുറച്ച വിഷയത്തിൽ തുടങ്ങിയ സമരം അവസാനിപ്പിച്ച വൈദ്യുതി വിഭാഗം ജീവനക്കാരെ അഭിനന്ദിക്കുന്നതായും കൗൺസിൽ യോഗത്തിൽ മേയർ അറിയിച്ചു.
അതേസമയം, കോർപറേഷന്റെ വൈദ്യുതി വിഭാഗത്തെ തകർക്കാനുള്ള ഗൂഢശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ആരോപിച്ചു. വിഷയത്തിൽ മേയറും സി.പി.എമ്മും ഗൂഢാലോചന നടത്തി. നിലവിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു മേയറായിരിക്കെ കൗൺസിലിൽ പോലും ചർച്ച ചെയ്യാതെ കോർപറേഷന്റെ 58 കോടി രൂപയാണ് കെ.എസ്.ഇ.ബിയിലേക്ക് അടച്ചത്. ഊരാളുങ്കൽ സൊസൈറ്റിക്ക് വൈദ്യുതി മേഖലയെ തീറെഴുതാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് നടക്കുന്നത്.
വൈദ്യുതി വിഭാഗത്തെ ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറുന്നതിന് മുന്നോടിയായി ജീവനക്കാരെ വെട്ടിക്കുറക്കാനുള്ള തീരുമാനം മന്ത്രി എം.ബി. രാജേഷ് കൂടി അറിഞ്ഞെടുത്തതാണ്. അഞ്ച് മണിക്കൂർ നഗരത്തെ ഇരുട്ടിലാക്കിയതിനാണോ വൈദ്യുതി വിഭാഗം ജീവനക്കാരെ മേയർ അഭിനന്ദിച്ചതെന്നും രാജൻ പല്ലൻ ചോദിച്ചു. പ്രഫ.ബിന്ദു മേയറായിരുന്ന കാലത്ത് വൈദ്യുതി വിഭാഗത്തെ തകർക്കാൻ സി.പി.എം ശ്രമം തുടങ്ങിയതാണെന്നും അന്ന് കെ.എസ്.ഇ.ബിയുടെ നഷ്ടം നികത്താൽ കൗൺസിലിന്റെ അംഗീകാരമില്ലാതെ കോടികൾ നൽകി.
ഒരു പരിശോധന പോലുമില്ലാതെ നാല് ചെറുകിട പദ്ധതിക്ക് വേണ്ടി കോടിക്കണക്കിന് രൂപ സർക്കാറില്ലേക്ക് കെട്ടിവെച്ചെന്നും പല്ലൻ ആരോപിച്ചു. മേയറും വർഗീസ് കണ്ടംകുളത്തിയും അറിയാതെ ഇത്തരം ഒരു ഉത്തരവ് പുറത്തിറങ്ങില്ലെന്ന് കൗൺസിലർ ജോൺ ഡാനിയേൽ ആരോപിച്ചു. മേയറുടെ വാക്കിന് ആത്മാർത്ഥതയുണ്ടെങ്കിൽ മേയർ രാജി വെക്കണമെന്നും ഇത് കൗൺസിലിൽ ചുമ്മാ ചർച്ച ചെയ്ത് പോകാമെന്നല്ലാതെ കൗൺസിലിന് ഇതിൽ ഒന്നും ചെയ്യാനാകില്ലെന്നും ഡാനിയേൽ പറഞ്ഞു.
കോർപ്പറേഷനുമായി ആശയവിനിമയം നടത്താതെ സർക്കാർ ഇത്തരം ഒരു ഓർഡർ ഇറക്കില്ലെന്നും തൃശൂർ ജനത ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും ബി.ജെ.പി കോർപ്പറേഷൻ പാർലമെന്റി പാർട്ടി നേതാവ് വിനോദ് പൊള്ളാഞ്ചേരി പറഞ്ഞു. ഐ. സതീഷ് കുമാർ, ഡെപ്യൂട്ടി മേയർ എം.എൽ റോസി തുടങ്ങിയവരും സംസാരിച്ചു. മൂന്നുമാസം മാത്രം ഭരണം ശേഷിക്കെ വൈദദ്യുതി വിഭാഗത്തെ സ്വകാര്യ മേഖലക്ക് നൽകാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് തുടർന്ന് കോൺഗ്രസ് കൗൺസിലർമാർ നടുത്തളത്തിറങ്ങി പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചു. ബി.ജെ.പി കൗൺസിലർമാർ മൗനം പാലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

