ഗവ.മെഡിക്കൽ കോളജിൽ ജീവനക്കാരുടെ കുറവ് ; രാത്രി പോസ്റ്റ്മോർട്ടം തുടരാൻ ബുദ്ധിമുട്ടുന്നുവെന്ന് ഫോറൻസിക് മേധാവി
text_fieldsതൃശൂർ മെഡിക്കൽ കോളേജ്
മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം സമയം ദീർഘിപ്പിച്ചത് തുടർന്ന് പോകുവാൻ ബുദ്ധിമുട്ടുന്നുവെന്ന് ഫോറൻസിക് വിഭാഗം മേധാവി. ജീവനക്കാരുടെ കുറവുകൊണ്ടാണ് ഇപ്പോൾ ബുദ്ധിമുട്ടുന്നത്. നാലു മണിക്കു ശേഷം പൊലീസ് എത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം ചെയ്ത് നൽകുന്നത് പൊലീസിനും പൊതു ജനങ്ങൾക്കും ഏറെ സൗകര്യപ്രദമായിരുന്നു.
പോസ്റ്റ്മോർട്ടം നടത്തുന്നത് വൈകീട്ട് ഏഴ് വരെയാക്കി ദീർഘിപ്പിച്ചത് ഒരു മാസം പിന്നിട്ടു. കഴിഞ്ഞ മാസം പ്രഫ.ഡോ.ഹിതേഷ് ശങ്കർ ഫോറൻസിക് വിഭാഗം മേധാവിയായി ചുമതലയേറ്റതിനെ തുടർന്നാണ് രാത്രി കൂടി പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് നടപടിയായത്. നിലവിലെ ജീവനക്കാർ അവധിയെടുക്കാതെയാണ് ഒരു മാസം തുടർന്നത്. ദിവസവും രണ്ട് മുതൽ നാല് വരെ മൃതദേഹങ്ങൾ നാല് മണിക്ക് ശേഷം പോസ്റ്റ്മോർട്ടം ചെയ്തു വരുന്നുണ്ട്. അംഗവൈകല്യമുള്ള ജീവനക്കാരും വനിതാ ജീവനക്കാരും നിലവിൽ പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ ഈ കാര്യത്തിൽ ഏറെ സഹകരിച്ചു വരികയാണ്. എന്നാലും ജീവനക്കാരുടെ കുറവ് കാരണം ഈ സേവനം തുടർന്ന് പോകുവാൻ കഴിയുമോ എന്ന ആശങ്കയിലാണെന്ന് പറയുന്നു.
വനിതാ ജീവനക്കാരടക്കമുള്ളവർക്ക് രാത്രിയിൽ സുരക്ഷ നൽകുന്നതിനായി പൊലീസ് കമീഷണർ ഇടപെട്ട് ഒരു ലൈസൻ ഓഫിസറെ നിയമിച്ചിട്ടുണ്ട്. മറ്റു ജീവനക്കാരുടെ എണ്ണക്കുറവാണ് ഈ സേവനത്തിന് തടസ്സമാകുന്നത്. ആശുപത്രി ഭരണ വിഭാഗത്തെ ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയായില്ല.
ആശുപത്രി വികസന സമിതിയിലുടെ നിയമിച്ച് താൽക്കാലികമായി ഈ പ്രശ്നം പരിഹരിക്കാവുന്നതേ ഉള്ളു. ആശുപത്രി വികസന സമിതി ചെയർമാനായ ജില്ല കലക്ടർ ഇടപെട്ട് പരിഹരിക്കാൻ കഴിയും. എന്നാൽ കലക്ടറുടെ മുന്നിൽ ഇതേ വരെ ഇക്കാര്യം എത്തിയിട്ടില്ല. ആശുപത്രി വികസന സമിതി യോഗവും ചേർന്നിട്ട് ഏറെ നാളുകളായി. ഫോറൻസിക് വിഭാഗത്തിന്റെ ഈ സേവനം തുടരുന്നതിന് ജില്ല നേതൃത്വം ഇടപെടണമെന്നാണ് ജനകീയ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

