ജീവിത പങ്കാളി വൃക്ക നൽകും; ഷിജുവിന്റെ ശസ്ത്രക്രിയക്ക് സുമനസ്സുകൾ സഹായിക്കണം
text_fieldsതൃശൂർ: ചിയ്യാരം മഹാത്മാ റോഡ് ആലുക്കൽ വർഗീസിന്റെ മകൻ ഷിജു ഉദാരമതികളുടെ സഹായം കാത്തിരിക്കുകയാണ്. ഇരു വൃക്കയും തകരാറിലായ ഷിജുവിന് വൃക്ക പകുത്തു നൽകാൻ ഭാര്യ ബീന തയാറാണ്. എന്നാൽ, ശസ്ത്രക്രിയക്കും മറ്റും വേണ്ടിവരുന്ന ഭാരിച്ച ചെലവ് ഈ നിർധന കുടുംബത്തെ അലട്ടുന്നു. തൃശൂർ ശക്തൻ മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ് ഷിജു.
ഭാര്യയും വിദ്യാർഥികളായ രണ്ട് മക്കളുമൊത്ത് വാടക വീട്ടിലാണ് താമസം. വൃക്കകൾ തകരാറിലായതോടെ പണിക്ക് പോകാൻ പറ്റാതായി. ഇതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വേണം. എത്രയും വേഗം വൃക്ക മാറ്റിവെക്കണമെന്ന് ഡോക്ടർമാരുടെ നിർദേശവുമുണ്ട്. കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലാണ് ചികിത്സ.
ശസ്ത്രക്രിയക്കും അനുബന്ധ ആവശ്യങ്ങൾക്കുമായി 20 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് പറയുന്നത്. ഷിജുവിനെ സഹായിക്കാൻ തൃശൂർ കോർപറേഷൻ 25ാം ഡിവിഷൻ കൗൺസിലർ നിമ്മി റപ്പായി ചെയർപേഴ്സനും ജസ്റ്റിൻ നടയ്ക്കലാൻ കൺവീനറും ടി.എ. ജോസ് തട്ടിൽ ട്രഷററുമായി സമിതി രൂപവത്കരിച്ച് തൃശൂർ ശക്തൻ ആർക്കേഡിലെ യൂനിയൻ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 338902010028897. ഐഫ്എസ്സി: UBIN533891. ഫോൺ: 9645075508.

