പ്രിയതമന് ഹൃദയത്തിൽനിന്ന് സല്യൂട്ട് നൽകി ഷീജ പടിയിറങ്ങി
text_fieldsപേരാമംഗലം എസ്.ഐ സന്തോഷും ഭാര്യ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷീജയും
തൃശൂർ: പേരാമംഗലം എസ്.ഐ സന്തോഷിന് സിവിൽ പൊലീസ് ഓഫിസർ ഷീജ സല്യൂട്ട് നൽകുമ്പോൾ കൂടി നിന്നവർക്കിടയിൽ കൗതുകവും അമ്പരപ്പും ചിരിയുമുണ്ടായിരുന്നു. സല്യൂട്ട് നൽകിയ ഷീജയുടെ കൈ എസ്.ഐ ചേർത്ത് പിടിച്ചു. ഷീജ അടുത്ത ദിവസം മുതൽ തൃശൂരിൽ വനിത സെല്ലിലേക്ക് മാറുകയാണ്. അതിന്റെ യാത്രയയപ്പായിരുന്നു ചൊവ്വാഴ്ച. എസ്.ഐ സന്തോഷിന്റെ ഭാര്യയാണ് ഷീജ. അതാണ് സല്യൂട്ടും കൈ ചേർത്ത് പിടിക്കലും അമ്പരപ്പിനും കൗതുകത്തിനും ഇടയാക്കിയത്.
പേരാമംഗലം പൊലീസ് സ്റ്റേഷനിൽനിന്ന് വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് സ്ഥലം മാറി പോകുന്ന 11 പൊലീസുദ്യോഗസ്ഥർക്കുള്ള യാത്രയയപ്പായിരുന്നു ചൊവ്വാഴ്ച. സന്തോഷവും വികാര നിർഭരവുമായിരുന്നു ലളിതമായ ചടങ്ങുകളും തുടർന്നുള്ള ഉച്ചഭക്ഷണവും. മറ്റു സ്റ്റേഷനുകളിലേക്ക് സ്ഥലം മാറി പോകുമ്പോൾ പരസ്പരം സല്യൂട്ട് നൽകി യാത്ര പറഞ്ഞു പിരിയുക പതിവാണ്. ഇതിൽ എല്ലാവരുടേയും പ്രത്യേകം ശ്രദ്ധയാകർഷിച്ചത് സബ് ഇൻസ്പെക്ടർ വി.എസ്. സന്തോഷും സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.വി. ഷീജയും പരസ്പരം സല്യൂട്ട് ചെയ്തപ്പോഴാണ്.
കേരള പൊലീസിൽ ഭാര്യയും ഭർത്താവും പൊലീസുദ്യോഗസ്ഥരായി ജോലി ചെയ്യുന്നുണ്ടെങ്കിലും രണ്ടുപേരും ഒരേ പൊലീസ് സ്റ്റേഷനിൽ പ്രവൃത്തിയെടുക്കുക എന്നത് അപൂർവമാണ്. ജോലിക്ക് വരുന്നതും തിരിച്ചുപോകുന്നതും ഇവർ ഒരുമിച്ചാണ്. തിരക്ക് പിടിച്ച ജീവിതത്തിൽ ഔദ്യോഗികവും വീട്ടിലെ പ്രശ്നങ്ങളും ഇരുവരും കൂട്ടിയിണക്കാറില്ല. ഇതിനിടയിൽ എപ്പോഴെങ്കിലും കുട്ടികൾ അച്ഛനേയും അമ്മയേയും തിരക്കി ഫോൺ വിളിക്കും. 2020ലെ കോവിഡ് കാലത്തിന് തൊട്ടുമുമ്പാണ് സീനിയർ സിവിൽ പൊലീസ് ഓഫിസറായി ഷീജ പേരാമംഗലം പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. ഇപ്പോഴത്തെ സ്ഥലം മാറ്റം തൃശൂർ വനിത സെല്ലിലേക്ക്.
സ്ഥലം മാറി പോകുന്ന എല്ലാവരും കോവിഡ് ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ഒന്നിച്ച് ജോലി ചെയ്തവരാണ്. കോവിഡ് ഡ്യൂട്ടിയിലെ മികവ് പരിഗണിച്ച് എല്ലാവർക്കും ഡി.ജി.പിയുടെ കോവിഡ് വാരിയർ ബാഡ്ജും കമീഷണറുടെ പ്രശംസാ പത്രവും ലഭിച്ചിട്ടുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫിസർ അശോക് കുമാർ സ്ഥലം മാറിപ്പോകുന്നവർക്ക് ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

