14കാരിക്ക് ലൈംഗിക പീഡനം; പ്രതിക്ക് ജീവപര്യന്തവും 2.5 ലക്ഷം രൂപ പിഴയും
text_fieldsഹസൻ
വടക്കാഞ്ചേരി: പട്ടികജാതിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2,50,000 രൂപ പിഴയും വിധിച്ചു. പാഞ്ഞാൾ ആലുംപടി പൂളക്കൽ പറമ്പിൽ ഹസനെ (39) വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് (പോക്സോ) സ്പെഷൽ കോടതി ജഡ്ജ് എസ്. സുധീഷ് കുമാറാണ് ശിക്ഷിച്ചത്.
രണ്ടാനമ്മക്കൊപ്പം താമസിച്ചുവന്ന 14കാരിയെ പരിചയക്കാരനായ പ്രതി പലതവണ ഇയാൾ ജോലി ചെയ്ത കടയിൽ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷിച്ചത്. അതിജീവിത കൂട്ടുകാരികളോട് പറഞ്ഞ വിവരം സ്കൂൾ അധികൃതർ മുഖേന ചെറുതുരുത്തി പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ എസ്.ഐ ഇ.വി. സുഭാഷ് രജിസ്റ്റർ ചെയ്താണ് അന്വേഷണം നടത്തിയത്. കുന്നംകുളം അസി. പൊലീസ് കമീഷണർ സി.ആർ. സന്തോഷ് തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ 26 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഇ.എ. സീനത്ത് ഹാജരായി. ലെയ്സൺ ഓഫിസർ പി.ആർ. ഗീത, സി.പി.ഒ ഷമീം എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

