വെറ്റിലപ്പാറ പാലത്തിനടുത്ത് പുഴയിൽ അപകടങ്ങൾ തുടർക്കഥ
text_fieldsവെറ്റിലപ്പാറ പാലം
അതിരപ്പിള്ളി: മുന്നറിയിപ്പ് സംവിധാനങ്ങളുടെ കുറവും ദുരന്ത നിവാരണത്തിന് സൗകര്യങ്ങൾ ഇല്ലാത്തതിനാലും വെറ്റിലപ്പാറ പാലത്തിന് സമീപം പുഴയിൽ മുങ്ങി മരണങ്ങൾ വർധിക്കുന്നു.
അടുത്തടുത്തായി അപകടങ്ങൾ വർധിച്ചു വന്നിട്ടും മേഖലയിൽ ആവശ്യമായ കരുതൽ കൈക്കൊള്ളാൻ അധികൃതർ നടപടിയെടുത്തിട്ടില്ല. ഞായറാഴ്ച വൈകീട്ട് അഴീക്കോട് സ്വദേശികളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
കഴിഞ്ഞ ആഴ്ചയിലാണ് ശബരിമല തീർഥാടകരും തമിഴ്നാട് സ്വദേശികളുമായ സംഘത്തിലെ പിഞ്ചു ബാലൻ പുഴയിൽ മുങ്ങി മരിച്ചത്. ആരും ശ്രദ്ധിക്കാതെ അനാഥമായി കിടക്കുകയാണ് പാലത്തിന്റെ പരിസരം. അതിരപ്പിള്ളി ടൂറിസം മേഖലയിലെ ഒരു പ്രധാന കേന്ദ്രമെന്ന നിലയിൽ ഇവിടെ സുരക്ഷ ജീവനക്കാരെ വെക്കണമെന്നതാണ് പ്രധാന പരിഹാരമാർഗമായി ഉയരുന്നത്.
അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിലെ ഏറ്റവും സുന്ദരമായ സ്ഥലമാണ് ഇത്. വെറ്റിലപ്പാറ, ഏഴാറ്റു മുഖം എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് വെറ്റിലപ്പാറ പാലം. പാലത്തിന്റെ രണ്ട് കരയിലും പുഴയിലേക്കിറങ്ങാൻ വിശാലമായ പടവുകൾ കെട്ടിയിട്ടുണ്ടെന്നത് വലിയ സൗകര്യമാണ്. ചെറിയ കുട്ടികൾക്ക് പോലും ലാഘവത്തോടെ ചാടിയിറങ്ങാം.
നിറയെ പാറക്കെട്ടുകൾ ഉള്ളതിനാൽ ഒറ്റനോട്ടത്തിൽ അപകടം പതിയിരിക്കുന്നത് തിരിച്ചറിയില്ല. പാറക്കെട്ടുകൾക്കിടയിൽ ശക്തമായ ഒഴുക്കുണ്ട്. പുഴയിലെ കയങ്ങൾ ഏറെ ആഴമുള്ളതുമാണ്. ഇതറിയാതെ പുഴയിലിറങ്ങുന്നവരാണ് പലപ്പോഴും അപകടങ്ങളിൽപ്പെടുന്നത്.
നാടിന് തീരാവേദനയായി ആദിൽഷായും ഇഹ്സാൻ അലിയും
എറിയാട്: വെറ്റിലപ്പാറയിൽ സിൽവർ സ്റ്റോമിന് സമീപം അതിരപ്പിള്ളി പുഴയിൽ മുങ്ങി മരിച്ച സുഹൃത്തുക്കളും അയൽവാസികളുമായ ആദിൽഷായുടെയും ഇഹ്സാൻ അലിയുടെയും അകാല വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.
പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി അതിരപ്പിള്ളിയിലെത്തിയ ഇരുവരും ഉൾപ്പെട്ട കൂട്ടുകാരുടെ അഞ്ചംഗ സംഘം ഞായറാഴ്ച വൈകുന്നേരം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. അപരിചിതമായ സ്ഥലത്ത് ഇരുവരും അപകടത്തിൽപ്പെടുകയായിരുന്നു.
അഴീക്കോട് ലൈറ്റ് ഹൗസ് സ്റ്റോപ്പിന് കിഴക്കുവശം കല്ലുങ്ങൽ ഷക്കീറിന്റെ മകൻ ആദിൽഷായുടെ(14) മൃതദേഹം മണിക്കൂറുകൾക്കകം കണ്ടെടുത്തിരുന്നു. അയൽവാസി പരേതനായ തേങ്ങാക്കൂട്ടിൽ ഷമീറിന്റെ മകൻ ഇഹ്സാൻ അലിയുടെ (15) മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹം ലൈറ്റ് ഹൗസ് ജങ്ഷനിൽ പൊതുദർശനത്തിന് വെച്ചു. ശേഷം ഇരുവരുടെയും വീടുകളിൽ എത്തിച്ചു.
അവസാനമായി ഒരു നോക്കു കാണാൻ രണ്ടിടത്തും സഹപാഠികളും അധ്യാപകരും നാട്ടുകാരും ഉൾപ്പെടെ വൻജനാവലിയാണ് ഒഴുകിയെത്തിയത്. വൈകുന്നേരം അഞ്ചിന് ശേഷം ആദിൽഷായുടെ മൃതദേഹം പേബസാർ ജുമാമസ്ജിദ് ഖബർസ്ഥാനിലും ഇഹ്സാൻ അലിയുടെ മയ്യിത്ത് അഴീക്കോട് പുത്തൻപള്ളി ഖബർസ്ഥാനിലും ഖബറടക്കി.
ഇരുവരും അഴീക്കോട് സീതിസാഹിബ് സ്കൂൾ വിദ്യാർഥികളാണ്. ആദിൽഷ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. 10ാം ക്ലാസ് വിദ്യാർഥിയായ ഇഹ്സാൻ അലി എസ്.എസ്.എൽ.സി പരീക്ഷാഫലം കാത്തിരിക്കയായിരുന്നു.
അതേസമയം, അഞ്ചുദിവസത്തിനകം രണ്ട് വ്യത്യസ്ത അപകടങ്ങളിൽ ഇതേ സ്കൂളിലെ മൂന്ന് വിദ്യാർഥികൾ മരിച്ചതിന്റെ ഞെട്ടലിലാണ് വിദ്യാർഥികളും സ്കൂൾ അധികൃതരും. കഴിഞ്ഞ ബുധനാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥിയായ ഷാബാക്ക് ബൈക്കപകടത്തിൽ മരിച്ചത്. സഹപാഠിയായ റിസ് വാൻ സാരമായ പരിക്കുകളോടെ ചികിത്സയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

