വിദ്യാർഥികൾക്ക് എം.ഡി.എം.എ വിറ്റ കേസ്; രണ്ടുപേർകൂടി പിടിയിൽ
text_fieldsസിതിൻ, സിജോ
തൃശൂർ: വിദ്യാർഥികളടക്കമുള്ള 250 പേർക്ക് എം.ഡി.എം.എ വിറ്റ സംഭവത്തിൽ മുഖ്യപ്രതിയുടെ കൂട്ടാളികളും പിടിയിൽ. മരത്താക്കര സ്വദേശി സിതിൻ, സിജോ എന്നിവരെയാണ് എക്സൈസ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
മുഖ്യപ്രതി അരുണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൂട്ടാളികളെക്കുറിച്ച് വിവരം ലഭിച്ചത്. ഇതിൽ ഒരാളുടെ പക്കല്‍നിന്ന് 10 ഗ്രാം എം.ഡി.എം.എ കൂടി പിടിച്ചെടുത്തു.
അരുണിനെ വെള്ളിയാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കാള്‍ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിളിച്ചയാള്‍കൂടിയാണ് സിതിന്‍. ഇയാളുടെ വീട്ടില്‍ പരിശോധനക്ക് എക്സൈസ് സംഘം അരുണുമായി എത്തുകയായിരുന്നു.
അവിടെനിന്നാണ് എം.ഡി.എം.എ പിടിച്ചെടുത്തത്. സിതിനാണ് മറ്റൊരു കൂട്ടാളിയെക്കുറിച്ച് വിവരം നല്‍കിയത്. തുടരന്വേഷണം നടന്നുവരുകയാണെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. ഒക്ടോബർ 21നാണ് കയ്പമംഗലത്ത് വാഹനപരിശോധനക്കിടെ വിഷ്ണു, ജിനേഷ്, അരുണ്‍ എന്നിവരിൽനിന്നായി 18 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.
ദേഹപരിശോധന നടത്തിയപ്പോൾ വിദ്യാർഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെത്തി. 52 പേജുകളിലായാണ് ലഹരിവസ്തുക്കൾ വാങ്ങി പണം തരാനുള്ളവരുടെ വിവരമുള്ളത്. എല്ലാവരും 17നും 25നും ഇടയിൽ പ്രായമുള്ളവരാണ്. പെണ്‍കുട്ടികളടക്കം പട്ടികയിലുണ്ട്.
ഇതിൽ അമ്പതോളം പേർ സ്ഥിരം ഉപഭോക്താക്കളാണ്. സൈബർ സെല്ലിന്‍റെ സഹായത്തോടെ വിദ്യാർഥികളെ കണ്ടെത്താനാണ് എക്സൈസ് ശ്രമിക്കുന്നത്. പ്രതികളായ മൂന്നുപേർക്കും എം.ഡി.എം.എ കിട്ടിയിരുന്നത് ബംഗളൂരു വഴിയാണ്. തൃശൂർ അസിസ്റ്റന്റ് എക്‌സൈസ് കമീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

