കടൽപക്ഷി സർവേ; തൃശൂരിന്റെ ഉൾക്കടലിൽ ‘പമ്പരക്കാട’
text_fieldsകടൽപ്പക്ഷി സർവേയിൽ തൃശൂരിന്റെ ഉൾക്കടലിൽ കണ്ടെത്തിയ റെഡ്-നെക്ക്ഡ് ഫലാറോപ്പ് എന്നറിയപ്പെടുന്ന ‘പമ്പരക്കാട’
തൃശൂർ: വനം വകുപ്പ് സോഷ്യൽ ഫോറസ്ട്രി ഡിവിഷനും കോൾ ബേർഡേഴ്സ് കലക്ടീവും സംയുക്തമായി നടത്തിയ കടൽപ്പക്ഷി സർവേയിൽ തൃശൂരിന്റെ ഉൾക്കടലിൽ റെഡ്-നെക്ക്ഡ് ഫലാറോപ്പ് എന്നറിയപ്പെടുന്ന ‘പമ്പരക്കാട’യെ കണ്ടെത്തി. ഇബേഡ് (eBird) ഡാറ്റാബേസ് പ്രകാരം ജില്ലയിൽ രേഖപ്പെടുത്തുന്ന 449ാമത്തെ പക്ഷിയാണിത്. ചാവക്കാട് തീരത്തുനിന്ന് 41 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ നടത്തിയ പര്യവേക്ഷണത്തിലാണ് ഈ ദേശാടനപ്പക്ഷിയെ സംഘം കണ്ടെത്തിയത്. ആദ്യം ഒരെണ്ണത്തെയും പിന്നീട് ഏഴും അഞ്ചും വീതമുള്ള കൂട്ടങ്ങളായി ആകെ 13 പമ്പരക്കാടകളെയും കണ്ടെത്താനായി.
ആറായിരം കിലോമീറ്ററോളം നിർത്താതെ പറക്കാൻ കഴിവുള്ളവയാണ് പമ്പരക്കാടകൾ. വെള്ളത്തിൽ പമ്പരം പോലെ വട്ടം കറങ്ങി ചെറുമത്സ്യങ്ങളെയും സൂക്ഷ്മ ജീവികളെയും ഭക്ഷിക്കുന്നതിനാലാണ് ഇവക്ക് ‘പമ്പരക്കാട’ എന്ന പേര് ലഭിച്ചത്. വടക്കേ അമേരിക്ക, ആർട്ടിക്, യൂറേഷ്യൻ മേഖലകളിൽ പ്രജനനം നടത്തുന്ന ഇവ ശൈത്യകാലത്താണ് ഉഷ്ണമേഖല സമുദ്രങ്ങളിലേക്ക് എത്തുന്നത്.
നവംബർ 30നായിരുന്നു സർവേ. 10 മണിക്കൂറിലധികം നീണ്ട യാത്രയിൽ ആകെ 37 ഇനം പക്ഷികളുടെ വിവരശേഖരണം നടത്തി. ഇതിൽ 11 എണ്ണം കടൽപക്ഷികളാണ്. മുൾവാലൻ സ്കുവ, കരണ്ടിവാലൻ, പല്ലാസ് ഗൾ, ഹുഗ്ലിൻ കടൽക്കാക്ക, തവിടൻ കടലാള, ചോരക്കാലി ആള, ചെറിയ കടലാള, വലിയ കടലാള എന്നിവയെയും സർവേയിൽ രേഖപ്പെടുത്തി. പര്യവേക്ഷണത്തിന് പക്ഷിനിരീക്ഷകരായ ശ്രീകുമാർ കെ. ഗോവിന്ദൻകുട്ടി, കെ.എസ്. സുബിൻ, ലതീഷ് ആർ. നാഥ്, മനോജ് കരിങ്ങാമഠത്തിൽ എന്നിവർ നേതൃത്വം നൽകി. സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ. മനോജ്, റേഞ്ച് ഫോറസ്റ്റ് ഓഫിസർ വിജി പി. വർഗീസ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ.ഡി. പ്രമോദ് എന്നിവരും സർവേക്ക് നേതൃത്വം നൽകി. ഫിഷറീസ് വകുപ്പിന്റെയും ചാവക്കാട് കോസ്റ്റൽ പൊലീസിന്റെയും സഹകരണത്തോടെയായിരുന്നു സർവേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

