കടൽഭിത്തി കെട്ടി ഈ പഞ്ചായത്തിനെയും ജനങ്ങളെയും രക്ഷിക്കണം; എം.എൽ.എക്ക് പഞ്ചായത്തിന്റെ നിവേദനം
text_fieldsകടപ്പുറം പഞ്ചായത്തിലെ കടലാക്രമണം തടയാൻ നടപടിയെടുക്കണമെന്നാശ്യപ്പെട്ട് പ്രസിഡന്റ് ഹസീന താജുദ്ദീന്റെ
നേതൃത്വത്തിൽ അംഗങ്ങൾ എൻ.കെ. അക്ബർ എം.എൽ.എക്ക് നിവേദനം നൽകിയപ്പോൾ
ചാവക്കാട്: തുടർച്ചയായുണ്ടാകുന്ന കടൽക്ഷോഭം മൂലം നിത്യദുരിതം അനുഭവിക്കുന്ന പഞ്ചായത്തിനെയും ജനങ്ങളെയും രക്ഷിക്കണമെന്ന് കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി. എൻ.കെ. അക്ബർ എം.എൽ.എക്ക് നൽകിയ നിവേദനത്തിലാണ് മുസ്ലിം ലീഗ്, സി.പി.എം, സി.പി.ഐ, ബി.ജെ.പി പ്രതിനിധികളായ പഞ്ചായത്ത് അംഗങ്ങൾ ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ, കോൺഗ്രസിന്റെ ഏക അംഗമായ വൈസ് പ്രസിഡന്റ് പങ്കെടുത്തില്ല. കടപ്പുറം തീരമേഖലയിൽ പൂർണമായും കടൽഭിത്തി കെട്ടാൻ കഴിഞ്ഞിട്ടില്ല. കെട്ടിയ സ്ഥലത്തുതന്നെ തകർന്നു വീഴുന്നഭാഗം അറ്റകുറ്റപ്പണി നടത്താൻ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ കടൽക്ഷോഭ ദുരിതങ്ങൾ നേരിട്ടു ഈ പഞ്ചായത്തിനെ ബാധിക്കുകയാണ്. ടെട്രാപോഡ്, ഗ്രോയിൻസ്, കരിങ്കൽ ഭിത്തി എന്നിവയിൽ അനുയോജ്യമായ സംവിധാനം ഉപയോഗപ്പെടുത്തി കടൽഭിത്തി കെട്ടണമെന്നും നിവേദനത്തിൽ ആവശ്യപെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീന്റെ നേതൃത്വത്തിൽ സ്ഥിരംസമിതി അധ്യക്ഷരായ വി.പി. മൻസൂർ അലി, സ്വാലിഹ ഷൗക്കത്ത്, ശുഭാജയൻ, അംഗങ്ങളായ പ്രസന്ന ചന്ദ്രൻ, ഷിജ രാജാകൃഷ്ണൻ, മുഹമ്മദ് നാസിഫ്, ബോഷി ചാണശേരി, എ.വി. അബ്ദുൽ ഗഫൂർ, പി.എ. മുഹമ്മദ്, ടി.ആർ. ഇബ്രാഹിം, റാഹില വഹാബ്, സുനിത പ്രസാദ് എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചനയാണ് നിവേദന സംഘത്തിൽ പങ്കെടുക്കാതിരുന്നത്. കോൺഗ്രസ് പ്രതിനിധിയുടെ അഭാവം നാട്ടുകാരിലും കോൺഗ്രസ് പ്രവർത്തകർക്കിടയിലും ചർച്ചയായിട്ടുണ്ട്. അതേസമയം, മൂക്കൻ കാഞ്ചന ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോയതിനാലാണ് എത്താതിരുന്നത് എന്നാണ് സ്ഥിരംസമിതി അധ്യക്ഷനും ലീഗ് നേതാവുമായ വി.പി. മൻസൂർ അലിയുടെ വിശദീകരണം.