ട്രെന്‍ഡിന് പിറകെ സ്കൂള്‍ വിപണി
text_fieldsതൃശൂര്‍: പുതിയ അധ്യയന വര്‍ഷാരംഭത്തിന് മൂന്നാഴ്ചയിൽത്താഴെ മാത്രം ശേഷിക്കെ സുസജ്ജമായി സ്കൂള്‍ വിപണി. പുത്തന്‍ ട്രെന്‍ഡിലുള്ള ബാഗ്, കുട, വാട്ടര്‍ബോട്ടില്‍, നോട്ടുപുസ്തകങ്ങള്‍ തുടങ്ങി കുട്ടികള്‍ക്ക് ആവശ്യമായതെല്ലാം വിപണിയില്‍ എത്തിക്കഴിഞ്ഞു. കുട്ടികളെ ആകര്‍ഷിക്കാന്‍ കമ്പനികള്‍ മത്സരിച്ച് സമ്മാനങ്ങളും നല്‍കുന്നുണ്ട്.
സ്കൂള്‍ വിപണിയിലെ മുഖ്യ താരങ്ങൾ പതിവുപോലെ ബാഗുകള്‍. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ബാഗുകള്‍ക്കാണ് ഇക്കുറിയും ഡിമാൻഡ്. സ്പൈഡര്മാന്, മിക്കിമൗസ്, പ്രിന്‍സസ്, ഡോറ, ഛോട്ടാ ഭീം, അവഞ്ചേഴ്സ്, ബാര്‍ബി തുടങ്ങിയവയാണ് മിന്നും താരങ്ങള്‍. 500 രൂപ മുതല്‍ 3000 രൂപ വരെയാണ് വില. വൻവിലയുള്ള ബാഗുകള്‍ക്ക് കമ്പനികള്‍ 50 ശതമാനത്തോളം ഡിസ്കൗണ്ടും നല്‍കുന്നുണ്ട്.
ബാഗ് പോലെ കുട്ടികളുടെ പ്രഥമ പരിഗണനയിലുള്ള കുടയിലും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്കാണ് ആധിപത്യം. ബാര്‍ബിയും ഡോറയും മിക്കി മൗസുമെല്ലാം ഇക്കൂട്ടത്തിലെ നിറസാന്നിധ്യമാണ്. ചെറിയ ക്ലാസിലെ കുട്ടികളാണ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുള്ള കുടകളുടെ ആവശ്യക്കാര്‍.
മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ ത്രീഫോള്‍ഡ് കുടകളാണ് താത്പര്യപ്പെടുന്നത്. 380 രൂപ മുതലാണ് സാധാരണ പ്ലെയിന്‍ ത്രീഫോള്‍ഡ് കുടയുടെ നിരക്ക്. പ്രിന്റഡ് ഡിസൈനിലുള്ള കുടകള്‍ക്ക് 420 രൂപ മുതലാണ് വില. 700 രൂപ മുതല്‍ കാലന്‍കുടകളും ലഭ്യമാണ്. എന്നാല്‍ കാലന് കുടകള്‍ക്ക് പഴയ ഡിമാൻഡില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു.
വാട്ടര്‍ ബോട്ടിലുകളാണ് കുട്ടികള്‍ക്ക് വേണ്ടപ്പെട്ടതില്‍ മറ്റൊന്ന്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുള്ള ബോട്ടിലുകളോടാണ് ചെറിയ കുട്ടികള്‍ക്ക് താത്പര്യം. 200 രൂപ മുതലാണ് ഇവയുടെ വില. കൂടാതെ 200 രൂപ മുതല്‍ ചെരിപ്പുകളും 350 രൂപ തൊട്ട് ഷൂസുകളും വിപണിയിലുണ്ട്.
ബ്രാന്‍ഡുകൾ അനുസരിച്ച് ഇവയുടെ വിലയിലും വ്യത്യാസം വരും. ബ്രാന്‍ഡഡ് അല്ലാത്ത ബാഗുകളും വില്പനക്കുണ്ടെങ്കിലും ഭൂരിഭാഗം പേരും പ്രമുഖ ബ്രാന്‍ഡുകളുടെ ഉൽപന്നങ്ങളാണ് തെരെഞ്ഞെടുക്കുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.നോര്‍മല്‍, കോളജ്, എ ഫോര്‍ എന്നിങ്ങനെ മൂന്നുതരമാണ് പ്രധാനമായി നോട്ടുപുസ്തകങ്ങള്‍. 160 മുതല്‍ 192 വരെ പേജുള്ള ഇവക്ക് 20 രൂപ മുതലാണ് വില. നോട്ടുപുസ്തകങ്ങള്‍ മാത്രം വിലക്കുറവില്‍ ലഭ്യമാക്കുന്ന കടകളും പ്രവര്‍ത്തിക്കുന്നുണ്ട്.
സമ്മാനമായി ഹെഡ് സെറ്റ്
സ്കൂള്‍ വിപണിയിലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ സമ്മാനങ്ങള്‍ നല്കുന്ന പതിവ് കമ്പനികള്‍ തുടരുകയാണ്. ചെറിയ കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളാണ് സമ്മാനമായി നല്‍കുന്നത്. മുതിര്‍ന്ന കുട്ടികള്‍ക്ക് ഹെഡ് സെറ്റാണ് സമ്മാനം. ബാഗ്, കുട എന്നിവ വാങ്ങുമ്പോഴാണ് സമ്മാനം ലഭിക്കുക. ഓരോ വര്‍ഷവും വ്യത്യസ്ത സമ്മാനങ്ങള്‍ നല്‍കുന്നതിലും കമ്പനികള്‍ ശ്രദ്ധ പുലര്‍ത്തുന്നു.
വിപണിയുമായി ജില്ല പൊലീസ് സഹകരണ സംഘം
പൊതുവിപണിയേക്കാൾ വിലക്കുറവില്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ തൃശൂര്‍ ജില്ല പൊലീസ് സഹകരണ സംഘവും സ്കൂൾ വിപണി ആരംഭിച്ചു. തൃശൂര്‍ പൊലീസ് കമീഷണര്‍ ഓഫിസിന് പരിസരത്തെ കണ്ട്രോള് റൂമിന് സമീപം പ്രവര്‍ത്തിക്കുന്ന ഇവിടെ ബാഗ്, കുട, നോട്ടുപുസ്തകം, വാട്ടര്‍ബോട്ടില്‍, പെന്‍സില്‍, ബോക്സ്, പൗച്ച്, കളര്‍ പെന്സിലുകള്, നെയിം സ്ലിപുകള്‍ തുടങ്ങിയ എല്ലാം ലഭ്യമാണ്.
രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കുന്ന ഇവിടെനിന്ന് പൊതുജനങ്ങള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാം. പൊതുവിപണിയേക്കാളും വിലക്കുറവ് ഉള്ളതിനാല്‍ രക്ഷിതാക്കള്‍ക്ക് സാമ്പത്തികമായി ആശ്വാസകരമാകുമെന്ന് സഹകരണ സംഘം അധികൃതര്‍ പറഞ്ഞു.
പതിവ് തിരക്കായില്ല
വിപണിയില്‍ പതിവ് തിരക്ക് ഇതുവരെ ആരംഭിച്ചിട്ടില്ല. നഗരത്തിലെ പ്രധാന സ്കൂള്‍ വിപണികേന്ദ്രമാണ് ഹൈ റോഡ്. സാധാരണഗതിയില്‍ മേയ് ഒന്നുമുതല്‍ തിരക്ക് തുടങ്ങേണ്ടതാണെങ്കിലും ഇത്തവണ അതുണ്ടായില്ലെന്ന് ഹൈ റോഡിലെ ‘സഞ്ചാരി’ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥന് പറയുന്നു.
ഇതുവരെ നിലനിന്ന കനത്ത ചൂട് പഠനോപകരണങ്ങള്‍ വാങ്ങാന്‍ എത്തുന്നതില്‍നിന്ന് കുട്ടികളെയും രക്ഷിതാക്കളെയും പിന്തിരിപ്പിച്ചിരിക്കാമെന്നാണ് കച്ചവടക്കാര്‍ കരുതുന്നത്. എന്നാല്‍ സ്കൂള്‍ തുറക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കുന്നതിനാല്‍ വരുംദിവസങ്ങളില്‍ തിരക്കേറുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.