സഹോദയ സി.ബി.എസ്.ഇ കലോത്സവം: ആറ്റൂർ അറഫ ഇംഗ്ലീഷ് സ്കൂൾ തുടരുന്ന വിജയ പാരമ്പര്യം...
text_fieldsചെറുതുരുത്തി: ആറ്റൂർ അറഫ ഇംഗ്ലീഷ് സ്കൂൾ 32 വർഷത്തെ പാരമ്പര്യവുമായി ജൈത്രയാത്ര തുടരുന്നു. ഇല്ലായ്മയിൽനിന്ന് പോരാടി, വൻ വിജയം കൈവരിച്ച കഥയാണ് ട്രസ്റ്റ് ഭാരവാഹികൾക്ക് പറയാനുള്ളത്. 200ലേറെ ഭാരവാഹികളുള്ള ഈ ട്രസ്റ്റിൽ ഒരു പ്രതിഫലവും കൈപ്പറ്റാതെയാണ് വിദ്യാഭ്യാസത്തിനുവേണ്ടി രാവും പകലുമില്ലാതെ അംഗങ്ങൾ പ്രവർത്തിക്കുകയും വിദ്യാർഥികളുടെ പഠനത്തിന് വേണ്ട കാര്യങ്ങൾക്ക് മുൻകൈയെടുക്കുകയും ചെയ്യുന്നത്.
1994ൽ വാടക കെട്ടിടത്തിൽ രണ്ടു അധ്യാപകരും 40 വിദ്യാർഥികളുമായി ചെറുതുരുത്തി അൻസാർ എന്ന വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് സ്കൂളിന് തുടക്കം കുറിച്ചത്. തുടർന്ന് 1996ൽ പാഞ്ഞാൾ പഞ്ചായത്തിലെ ആറ്റൂരിൽ സ്വന്തമായി രണ്ടര ഏക്കർ ഭൂമി വാങ്ങുകയും അവിടെ ചെറിയ കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തു. പിന്നീട് വലിയ കെട്ടിടത്തിലേക്ക് മാറി. ചേലക്കര നിയോജക മണ്ഡലത്തിൽ വിദ്യാർഥികൾക്ക് ലിഫ്റ്റ് സംവിധാനമുള്ള ഏക വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷനുമായി അഫിലിയേറ്റ് ചെയ്ത ആറ്റൂർ അറഫ സ്കൂൾ.
ഇന്ന് ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ 2,300ലേറെ വിദ്യാർഥികളുണ്ട്. അവർക്കായി നൂറോളം അധ്യാപകരും മറ്റു ജോലിക്കാരുമടക്കം 200ൽപരം പേരും ജോലി ചെയ്യുന്നു. ഓരോ വിദ്യാർഥിയുടെയും കഴിവുകൾ കണ്ടെത്താനും പഠനത്തോട് ആജീവനാന്ത സ്നേഹം വളർത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള അന്തരീക്ഷം ഇവിടെയുണ്ട്. അക്കാദമിക മികവിനൊപ്പം സാമൂഹിക, വൈകാരിക, ശാരീരിക വളർച്ചയും സന്തുലിതമാക്കുന്ന സമഗ്രമായ വിദ്യാഭ്യാസം നൽകാൻ സ്കൂളിൽ പരിചയസമ്പന്നരും അർപ്പണബോധവുമുള്ള അധ്യാപകർ പ്രതിജ്ഞാബദ്ധരാണ്. സർഗാത്മകത, വിമർശനാത്മക ചിന്ത, സഹകരണം എന്നിവ വളർത്തിയെടുക്കുന്നതിൽ മുൻപന്തിയിലാണിവർ.
പഠനത്തോടൊപ്പം കായികം ഉൾപ്പെടെ മറ്റു മേഖലകളിലും ആറ്റൂർ അറഫ സ്കൂൾ ബഹുദൂരം മുന്നിലാണ്. ഫുട്ബോളിൽ അണ്ടർ 19, അണ്ടർ 17, അണ്ടർ 14 ഇനങ്ങളിൽ അഖിലേന്ത്യ തലത്തിൽ ട്രോഫി നേടിയത് ആറ്റൂർ അറഫയാണ്. സ്കൂളിനു പുറമെ ടീച്ചർ ട്രെയിനിങ് കോളജ്, ബി.എഡ് കോളജ് എന്നിവ പ്രവർത്തിക്കുന്നുണ്ട്.
മൂന്നുവർഷം കൂടുമ്പോൾ തെരഞ്ഞെടുക്കുന്ന 15 അംഗ കമ്മിറ്റിയാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത്. ആവശ്യമായ ഭൂമി വാങ്ങാനും മറ്റും മുൻകൈയെടുത്ത ട്രസ്റ്റ് ചെയർമാൻ കെ.എസ്. അബ്ദുല്ല, ജനറൽ സെക്രട്ടറിയും കേരള വഖഫ് ബോർഡ് ചെയർമാനുമായ കെ.എസ്. ഹംസ, ട്രഷറർ പി.എം. അബ്ദുല്ലത്തീഫ്, വൈസ് ചെയർമാൻ കെ.എം. മുഹമ്മദ്, ജോയിന്റ് സെക്രട്ടറി എം.വി. സുലൈമാൻ അടങ്ങുന്ന 15 അംഗ കമ്മിറ്റിയാണ് നിലവിലുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

