പണിതിട്ടും പണിതിട്ടും തീരാതെ...
text_fields1. ചെന്ത്രാപ്പിന്നി-സി.വി. സെന്റർ പഴയ പോസ്റ്റ് ഓഫിസ് റോഡിൽ മെറ്റൽ ചിതറിക്കിടക്കുന്നു
2. കുടിവെള്ള പദ്ധതിക്കായി പൈപ്പിട്ട ഭാഗത്തെ മെറ്റൽ ഒലിച്ചുപോയ നിലയിൽ
ചെന്ത്രാപ്പിന്നി: ഫണ്ടനുവദിച്ചിട്ടും പാതിവഴിയിലായി ചെന്ത്രാപ്പിന്നി പഴയ പോസ്റ്റ് ഓഫിസ് റോഡ് നവീകരണം. ചെന്ത്രാപ്പിന്നി മുതൽ സി.വി. സെന്റർ വരെ ഒന്നര കിലോമീറ്റർ റോഡാണ് യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നത്. റീ-ടാറിങിന്റെ ഭാഗമായി റോഡരികിൽ മെറ്റലിട്ടതിനാൽ വാഹനയാത്രികർ ദുരിതത്തിലായി.
എടത്തിരുത്തി പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളിലൊന്നാണ് ചെന്ത്രാപ്പിന്നി-സി.വി. സെന്റർ പഴയ പോസ്റ്റ് ഓഫിസ് റോഡ്. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ, എസ്.എൻ. വിദ്യാഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ, എസ്.ആർ.വി.യു.പി സ്കൂൾ, മൃഗാശുപത്രി എന്നിവടങ്ങളിലേക്ക് എത്താനുള്ള റോഡാണിത്.
കാനയില്ലാത്തതിനാൽ മഴക്കാലത്ത് വെള്ളക്കെട്ടും രൂക്ഷമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രതിനിധീകരിക്കുന്ന വാർഡിലെ റോഡായിട്ട് പോലും ശോച്യാവസ്ഥ പരിഹരിക്കാത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു.
തുടർന്ന് 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 28 ലക്ഷം രൂപ ജില്ല പഞ്ചായത്ത് റീ ടാറിങിന് അനുവദിച്ചു. ടെൻഡർ നടപടികളും പൂർത്തിയാക്കി. ഇതിനിടയിലാണ് ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പിടൽ ആരംഭിച്ചത്. ഇതോടെ ടാറിങ് നടപടികൾ പിന്നെയും നീണ്ടു.
ഘട്ടംഘട്ടമായുള്ള നവീകരണമായതിനാൽ മാർച്ച് അവസാനത്തോടെ റീ ടാറിങ്ങ് നടത്താൻ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ചന്ദ്രബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

