റോഡിലെ കുരുതി; ആക്ഷൻ പ്ലാനുമായി റൂറൽ പൊലീസ്
text_fieldsപ്രതീകാത്മക ചിത്രം
ഇരിങ്ങാലക്കുട: വാഹനാപകടങ്ങൾ കുറക്കാൻ കർശന നടപടികളുമായി തൃശൂർ റൂറൽ പൊലീസ്. ദേശീയപാത 544 ഉൾപ്പെടെയുള്ള പ്രധാന പാതകളിലെ 104 അപകടമേഖലകൾ (ബ്ലാക്ക് സ്പോട്ടുകൾ) കണ്ടെത്തി അപകടവിമുക്തമാക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. ദേശീയപാതയിൽ അപകടസാധ്യതയേറിയ 16 പ്രധാന പോയന്റുകളാണ് പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്.
പൊങ്ങം, ചിറങ്ങര, കൊരട്ടി ജങ്ഷൻ, കൊരട്ടി ജെ.ടി.എസ്, മുരിങ്ങൂർ, പോട്ട, പേരാമ്പ്ര, കൊടകര, ഉളുമ്പത്തുകുന്ന്, കൊളത്തൂർ, നെല്ലായി, നന്തിക്കര, കുറുമാലി, പുതുക്കാട്, ആമ്പല്ലൂർ, പാലിയേക്കര എന്നിവയാണിവ. ഇതിൽ ചിറങ്ങര, കൊരട്ടി ജങ്ഷൻ, മുരിങ്ങൂർ, പേരാമ്പ്ര, ആമ്പല്ലൂർ ഭാഗങ്ങളിൽ അപകടസാധ്യത ഒഴിവാക്കാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം ജില്ലയിലെ മുഴുവൻ റോഡുകളിലും നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെ 104 ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഓരോ ബ്ലാക്ക് സ്പോട്ടിലും പ്രത്യേക ആക്ഷൻ പ്ലാൻ തയാറാക്കി അതത് സ്റ്റേഷനുകൾക്ക് അയച്ചു കൊടുത്തിരുന്നു.
2026 ഫെബ്രുവരി ഒന്ന് മുതൽ ജില്ലയിലെ എല്ലാ ബ്ലാക്ക് സ്പോട്ടുകളിലും പട്രോളിങ്ങും തുടർച്ചയായ വാഹന പരിശോധനകളും നടത്തുന്നുണ്ട്. മദ്യലഹരിയിൽ വാഹനമോടിക്കുക, സിഗ്നലുകളിൽ റെഡ് ലൈറ്റ് അവഗണിച്ച് മുന്നോട്ട് പോവുക, അമിത വേഗത, അമിതഭാരം കയറ്റുക, ഗുഡ്സ് വാഹനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോവുക, സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാതെ യാത്ര ചെയ്യുക എന്നിവ കണ്ടെത്തി നിയമ നടപടികളും സ്വീകരിച്ച് വരികയാണ്.
രാത്രിയിൽ വെളിച്ചമില്ലാത്തതിനാൽ അപകടമേഖലകളാവുന്ന സ്ഥലങ്ങൾ കണ്ടെത്തി മതിയായ വെളിച്ചം ഉറപ്പാക്കാനും, കാഴ്ചമറക്കുന്ന തരത്തിലുള്ള ഫ്ലക്സ് ബോർഡുകളും ബാനറുകളും നീക്കം ചെയ്യാനും, കാഴ്ച മറക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റാനും നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

