പൈപ്പിടാൻ റോഡ് പൊളിക്കാൻ ശ്രമം; ചളിങ്ങാട് പ്രതിഷേധവുമായി നാട്ടുകാർ
text_fieldsചളിങ്ങാട് കുടിവെള്ള പൈപ്പിടാനായി റോഡ് പൊളിക്കുന്നത് നാട്ടുകാർ തടഞ്ഞപ്പോൾ
കയ്പമംഗലം: ചളിങ്ങാട് ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡ് പൊളിച്ച് പൈപ്പിടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ചളിങ്ങാട് പള്ളിനട മുതൽ വടക്കോട്ടുള്ള ഭാഗം പൊളിച്ച് കുടിവെള്ള വിതരണ പൈപ്പിടുന്ന പ്രവൃത്തിയാണ് നാട്ടുകാർ വീണ്ടും തടഞ്ഞത്. ഒരു വർഷം മുമ്പ് പൈപ്പിടുന്നതിനായി പൊളിച്ച റോഡ് ഇതുവരെ പൂർണമായും ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കിയിട്ടില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
ചൊവ്വാഴ്ച വൈകീട്ട് നാട്ടുകാർ പ്രവൃത്തി തടഞ്ഞിരുന്നു. എന്നാൽ ബുധനാഴ്ച രാവിലെ കരാർ കമ്പനിയുടെ ആളുകൾ വീണ്ടും റോഡ് പൊളിക്കാനെത്തിയതോടെയാണ് നാട്ടുകാർ സംഘടിച്ച് തടഞ്ഞത്. നേരത്തെ പൊളിച്ച ഭാഗങ്ങൾ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയതിന് ശേഷം മാത്രമേ പുതിയതായി റോഡ് പൊളിക്കാൻ അനുവദിക്കൂ എന്ന നിലപാടിലായിരുന്നു നാട്ടുകാർ.
പള്ളിനടയിൽ നിന്ന് പന്ത്രണ്ട് ഇടങ്ങളിലേക്ക് പൈപ്പിടുന്നതിനായി പൊളിച്ച റോഡ് നാല് മാസം പിന്നിട്ടിട്ടും ടാർ ചെയ്തിട്ടില്ലെന്നും, ചളിങ്ങാട് പള്ളിക്ക് മുന്നിലെ ഏകദേശം 250 മീറ്റർ റോഡ് പൊളിച്ചിട്ട് ആറ് മാസത്തിലേറെയായിട്ടും ടാറിങ് നടത്തിയിട്ടില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പള്ളിനട സ്കൂളിന് സമീപം പൈപ്പ് പരിശോധനക്കായി തുറന്നിട്ടിരിക്കുന്ന ഭാഗവും അപകടകരമായ നിലയിലാണെന്ന് നാട്ടുകാർ പറഞ്ഞു. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടിശല്യം വിദ്യാർഥികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയുണ്ട്.
പൈപ്പ് പരിശോധനക്കായി തോട്ടിൽ നിന്നുള്ള മലിനജലം കടത്തിവിട്ടതായും നാട്ടുകാർ ആരോപിച്ചു. റോഡ് പൊളിച്ച് പൈപ്പിടുന്ന പ്രവൃത്തിയിൽ അധികൃതർ സ്വീകരിക്കുന്ന നടപടികളിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ ശക്തമായ നിലപാടെടുത്തത്.
സംഭവമറിഞ്ഞ് പഞ്ചായത്ത് അധികൃതരും കയ്പമംഗലം പോലീസും സ്ഥലത്തെത്തി. എന്നാൽ റോഡ് ടാർ ചെയ്യുന്നതടക്കമുള്ള വിഷയങ്ങളിൽ എം.എൽ.എയും പഞ്ചായത്ത് അധികൃതരും നാട്ടുകാരും ജനകീയ സമിതി ചേർന്ന് തീരുമാനം എടുക്കുന്നതുവരെ പുതുതായി റോഡ് പൊളിച്ച് പൈപ്പിടാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
റോഡ് പുനർനിർമാണം വൈകുന്നതിലും, പുതിയ പൈപ്പിടൽ പ്രവൃത്തിയുടെ പേരിൽ വീണ്ടും റോഡ് പൊളിക്കുന്നതിനെതിരായ പ്രതിഷേധവും ശക്തമായതോടെ പൈപ്പിടൽ പ്രവൃത്തി നടത്താൻ അധികൃതർക്ക് പ്രതിസന്ധിയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

