പെരുമ്പിലാവിൽ കാന നിർമാണം അശാസ്ത്രീയമെന്ന് വ്യാപാരികൾ; നിർമാണം നിർത്തിവെച്ചു
text_fieldsസംസ്ഥാന പാതയിലെ പെരുമ്പിലാവിലെ അശാസ്ത്രീയ കലുങ്ക് നിർമാണം
പെരുമ്പിലാവ്: വർഷങ്ങൾക്ക് മുമ്പ് വെള്ളക്കെട്ട് പരിഹരിക്കാനായി നിർമിച്ച കലുങ്കിന് സമീപത്തെ പുതിയ കാന നിർമാണം അശാസ്ത്രീയമെന്ന് നാട്ടുകാരും വ്യാപാരികളും കുറ്റപ്പെടുത്തി. റോഡ് വികസനത്തിന്റെ ഭാഗമായി 2010ൽ നിർമിച്ച കലുങ്കിന്റെ ഒരു ഭാഗം പൊളിച്ച് കാന നിർമിക്കാൻ തുടങ്ങിയപ്പോഴാണ് നിർമാണ ജോലികൾ ശാസ്ത്രീയമല്ലെന്ന പരാതിയുമായി വ്യാപാരികൾ രംഗത്തെത്തിയത്.
ജല അതോറിറ്റിയുടെ കൂറ്റൻ പൈപ്പുകൾ സ്ഥാപിക്കാനായി കലുങ്കിലേക്ക് വെള്ളം ഒഴുകിപ്പോകുന്ന കാനയുടെ അടിഭാഗത്തെ കോൺക്രീറ്റ് പൊട്ടിക്കുകയും പിന്നീട് പൈപ്പ് സ്ഥാപിക്കുകയുമാണ് ചെയ്തത്. ഇതിനിടെ പെയ്ത കനത്ത മഴയിൽ കലുങ്കിനുള്ളിലേക്ക് ശക്തമായി മണ്ണൊലിച്ചുപോവുകയും കലുങ്കിലൂടെ വെള്ളമൊഴുകി പോകാനാകാത്ത വിധം തടസ്സപ്പെട്ടതും വ്യാപാരികൾ നിർമാണ അധികാരികളുടെ ശ്രദ്ധയിൽപെടുത്തി. കലുങ്കിനടിയിലെ മണ്ണ് നീക്കം ചെയ്യുകയും കാനയിൽനിന്നും വെള്ളം ശക്തമായി കലുങ്കിലേക്ക് ഒഴുകിപോകാൻ നേരത്തേ ഒരുക്കിയ ക്രമീകരണം തന്നെ തുടരണമെന്നുമാണ് നാട്ടുകാരുടേയും വ്യാപാരികളുടേയും ആവശ്യം.
ഇതോടെ നിലവിൽ ചെയ്തിരുന്ന കോൺക്രീറ്റ് ജോലികൾ തൊഴിലാളികൾ നിർത്തിവെച്ചിരിക്കയാണ്. റോഡിന്റെയും കാനയുടെയും നിർമാതാക്കളായ എൻജിനീയർമാർ വന്ന് വ്യാപാരികളുമായി ചർച്ച ചെയ്തതിന് ശേഷമേ ജോലികൾ തുടങ്ങാവൂ എന്ന നിലപ്പാടിലാണ് നാട്ടുകാർ. ഷാജി കല്ലംവീട്ടിൽ, കെ. മണി, രഘുനാഥൻ, വി.കെ. മോഹനൻ, ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

