റോഡ് പണി ഇഴയുന്നു; രാമവർമപുരം നിവാസികൾ ദുരിതത്തിൽ
text_fieldsരാമവർമപുരം യു.പി സ്കൂളിനോട് ചേർന്ന മെറ്റൽ വിരിച്ച റോഡിലൂടെ പോകുന്നവർ
തൃശൂർ: അധികൃതരുടെ അനാസ്ഥ വിളിച്ചോതി രാമവർമപുരം ആകാശവാണി-വൃന്ദാവൻ റോഡ്. പുനരുദ്ധാരണത്തിനായി 45 ദിവസത്തേക്ക് അടച്ചിട്ട റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ എവിടെയും എത്താതെ നിലച്ചതോടെ വിദ്യാർഥികളും രക്ഷിതാക്കളുമടക്കം നൂറുകണക്കിന് പേർ ദുരിതത്തിലാണ്.
70 ലക്ഷം രൂപയുടെ ഈ പദ്ധതി അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഉത്തമ ഉദാഹരണമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജൂൺ ആറിനാണ് രാമവർമപുരം യു.പി സ്കൂളിന് സമീപത്തുനിന്നും ആരംഭിക്കുന്ന 400 മീറ്റർ മാത്രമുള്ള റോഡ് 45 ദിവസത്തിനകം പുതുക്കി പണിയുമെന്ന ഉറപ്പിൽ അധികൃതർ അടച്ചത്.
എന്നാൽ, 43 ദിവസവും പിന്നിടുമ്പോഴും ഉണ്ടായിരുന്ന ടാർ റോഡ് പൊളിച്ച് മെറ്റൽ വിരിച്ചതല്ലാതെ മറ്റൊരു പണിയും ഇവിടെ നടന്നിട്ടില്ല. കേന്ദ്രീയ വിദ്യാലയം, ഐ.എം.എ തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലേക്ക് എളുപ്പത്തിൽ എത്താനുള്ള ഈ വഴി അടഞ്ഞതോടെ ജനങ്ങൾ കിലോമീറ്ററുകൾ ചുറ്റിയാണ് യാത്ര ചെയ്യുന്നത്.
‘സ്കൂൾ കുട്ടികളടക്കം നിരവധി പേർ ആശ്രയിക്കുന്ന വഴിയാണിത്. ഇപ്പോൾ മെറ്റൽ ഇളകിക്കിടക്കുന്നതിനാൽ കാൽനടയാത്ര പോലും ദുഷ്കരമാണ്’- ഒരു രക്ഷിതാവ് പറയുന്നു. തൃശൂർ കോർപറേഷൻ വിൽവട്ടം മേഖലയിലെ ആറാം ഡിവിഷനിൽ ഉൾപ്പെട്ട ഈ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് 45 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചത്. എന്നാൽ, പണി പൂർത്തിയാകുന്നത് എങ്ങനെയെന്നോ എപ്പോഴെന്നോ അധികൃതർക്ക് നിശ്ചയമില്ല.
മഴക്കാലം കണക്കിലെടുക്കാതെയാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. റോഡിനിരുവശത്തും മരങ്ങൾ ധാരാളമുള്ളതിനാൽ വെള്ളം കെട്ടിനിന്ന് ടാർ റോഡ് എളുപ്പത്തിൽ പൊളിയുന്നത് പതിവായിരുന്നു. ഈ സാഹചര്യത്തിൽ ടൈൽ വിരിക്കാനുള്ള തീരുമാനം സ്വാഗതാർഹമായിരുന്നെങ്കിലും നിർമാണത്തിലെ അനാസ്ഥ തിരിച്ചടിയായി.
പുതിയതായി വിരിച്ച മെറ്റലുകൾ റോളർ ഉപയോഗിച്ച് ഉറപ്പിച്ചിട്ടില്ല. വെറുതെ കല്ല് നിരത്തിപ്പോയതിനാൽ പലയിടത്തും മെറ്റൽ കൂനകൂടി അപകടാവസ്ഥയിലാണ്. ‘മഴ തുടങ്ങിയ ശേഷമാണ് അവർ റോഡ് പൊളിക്കാൻ വന്നത്. ഇപ്പോൾ മഴ പെയ്യുന്നതോടെ പണി പൂർണ്ണമായും നിലച്ചു.
മെറ്റൽ വിരിച്ചതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല’-പ്രദേശവാസി രോഷത്തോടെ പറയുന്നു. സ്കൂളിന് മുൻവശം വരെയുള്ള പി.ഡബ്ല്യു.ഡിയുടെ റോഡ് നല്ലരീതിയിൽ ടാർ ചെയ്തിട്ടുണ്ടെങ്കിലും, കോർപറേഷൻ കീഴിൽ വരുന്ന ആകാശവാണി-വൃന്ദാവൻ റോഡ് പുതുക്കിപണിയാൻ വേണ്ടി പൊളിച്ചതല്ലാതെ പണി എവിടെയും എത്തിയിട്ടില്ല.
വിഷയത്തിൽ കോർപറേഷൻ അധികൃതർ മൗനം പാലിക്കുകയാണ്. അടിയന്തരമായി ഇടപെട്ട് റോഡ് പണി പൂർത്തിയാക്കി ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

