105 കോടി മുടക്കിയിട്ടും റോഡിൽ നിലക്കാത്ത നീരുറവ
text_fieldsവാഴക്കോട്-പ്ലാഴി സംസ്ഥാനപാതയുടെ കായാമ്പൂവം ഫോറസ്റ്റ് സ്റ്റേഷനടുത്തുള്ള ഇറക്കത്തിലുള്ള റോഡിനു നടുവിലെ നീരുറവ
ചേലക്കര: വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയുടെ കായാമ്പൂവം ഫോറസ്റ്റ് സ്റ്റേഷനടുത്തുള്ള ഇറക്കത്തിലാണ് റോഡിനു നടുവിൽ നിലക്കാത്ത നീരുറവയുള്ളത്. വർഷക്കാലത്ത് ഉടലെടുക്കുന്ന റോഡിലെ നീരുറവ മഴമാറിയാലും മാസങ്ങളോളം നിലനിൽക്കും. വളവും ഇറക്കവും കൂടിയ ഭാഗത്തുള്ള നീരൊഴുക്ക് വാഹന യാത്രക്കാർക്ക് അപകട ഭീഷണിയാണ്. ഇപ്പോൾ ഈ ഭാഗത്ത് റോഡിൽ ബോർഡുവെച്ച് മറച്ചിരിക്കുകയാണ്.
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 105 കോടി രൂപ ചെലവിട്ട് കെ.എസ്.ടി.പി രണ്ടു വർഷത്തോളം കാലമെടുത്ത് പണിത റോഡാണിത്. വാഴക്കോട് മുതൽ പ്ലാഴി വരെയുള്ള 22.5 കിലോമീറ്റർ ദൂരമാണ് റോഡ് ഹൈടെക് ആക്കിയത്. വാഹനാപകടം പതിവായ റോഡിൽ നിരവധി ജീവനുകളാണ് നിരത്തിൽ പൊലിഞ്ഞത്. കുന്നുകളും വളവുകളും നേരെയാക്കാതെ പുനർനിർമിച്ചതാണ് അപകടത്തിന്റെ പ്രധാന കാരണം.
കാനകൾ പൂർണമല്ലാതെ പലയിടത്തും മഴവെള്ളം ചരലുകളോടെ ഒഴുകി റോഡിൽ കെട്ടികിടക്കും. റോഡ് പുനർനിർമാണത്തിന്റെ ഉദ്ഘാടന വേളയിൽ റോഡിന് ഒപ്പം കാനയും നിർമിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. മഴ പെയ്താൽ മിക്കയിടത്തും കനത്ത വെള്ളക്കെട്ടും പതിവാണ്.
വെള്ളക്കെട്ടുള്ള പലഭാഗവും ഒഴിവാക്കി അനാവശ്യസ്ഥലത്ത് കോൺക്രീറ്റ് ചെയ്ത റോഡ് നിർമാണം അശാസ്ത്രീയമാണെന്ന് നിർമാണ തുടക്കം മുതൽ ശക്തമായ ആരോപണമുണ്ട്. നിലവാരമുള്ള ബി.എം.ബി.സി ടാറിങ്, സ്ഥിരമായി പാത തകരുന്ന ഇടങ്ങളിൽ കോൺക്രീറ്റിങ്, അഴുക്കുചാൽ, മികച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ. കെ.എസ്.ടി.പി പദ്ധതിയിൽ നിർമിച്ച പാതയിൽ വാഴക്കോട് വരെ മികച്ച യാത്രാസുഖം അങ്ങനെ പലതും പ്രതീക്ഷിച്ച് അന്നത്തെ ചേലക്കര എം.എൽ.എ എന്ന നിലയിൽ കെ. രാധാകൃഷ്ണൻ നേടിയെടുത്ത റോഡ് പലയിടത്തും തകർച്ച നേരിട്ട് തുടങ്ങിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

