അമ്പലപ്പാറയിലെ റോഡ് തകർച്ച; ആനമല പാതയിൽ ഗതാഗത നിയന്ത്രണം
text_fieldsഅമ്പലപ്പാറയിൽ ആനമല റോഡിലുണ്ടായ മണ്ണിടിച്ചിൽ
അതിരപ്പിള്ളി: ആനമല അന്തർ സംസ്ഥാനപാതയിലെ അമ്പലപ്പാറയിൽ മലയിടിച്ചിൽ മൂലം റോഡ് തകർന്നതിനെത്തുടർന്ന് ഗതാഗത നിയന്ത്രണം. തകർച്ചയുണ്ടായ ഭാഗത്ത് ഉള്ളിലേക്ക് ദ്വാരം രൂപപ്പെട്ടതായി സൂചനയുണ്ട്. ഇതുമൂലം റോഡ് കൂടുതൽ ഇടിഞ്ഞ് താഴോട്ടുപോകാൻ സാധ്യതയുള്ളതിനാൽ അതിജാഗ്രത പുലർത്തണമെന്നാണ് നിർദേശം.
വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. അത്യാവശ്യ സർവിസുകൾ മാത്രമേ കടത്തിവിടുന്നുള്ളൂ. അതേസമയം, നിയന്ത്രണങ്ങൾ വകവെക്കാതെ കെ.എസ്.ആർ.ടി.സി വാഹനങ്ങൾ കടന്നുപോയതായി അറിയുന്നു. കനത്ത മഴയെത്തുടർന്നാണ് മലയിടിച്ചിലുണ്ടായത്. മഴ തുടർന്നിരുന്നെങ്കിൽ കൂടുതൽ ഇടിഞ്ഞുവീഴുമായിരുന്നു. ഞായറാഴ്ച മഴ മാറി അന്തരീക്ഷം തെളിഞ്ഞത് പ്രശ്നങ്ങൾ അൽപം ലഘൂകരിച്ചിട്ടുണ്ട്. റോഡ് ഗതാഗതയോഗ്യമാക്കാൻ പൊതുമരാമത്ത് അധികൃതർ സംവിധാനങ്ങളുമായി എത്തി.
അതിരപ്പിള്ളിയില്‍നിന്ന് മലക്കപ്പാറ റൂട്ടില്‍ ഷോളയാര്‍ പവര്‍ഹൗസ് അമ്പലപ്പാറ ഭാഗത്താണ് റോഡ് അപകടാവസ്ഥയിലായത്. ശനിയാഴ്ച ഉച്ചക്കുശേഷം പെയ്ത ശക്തമായ മഴയില്‍ റോഡിന്റെ ഒരുവശത്തെ കരിങ്കല്‍കെട്ട് ഇടിയുകയായിരുന്നു. റോഡിന്റെ ഈ ഭാഗം താഴ്ചയുള്ളതാണ്. ഇതുവഴി വലിയ വാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കനത്ത മഴക്കാലത്ത് ഇവിടത്തെ റോഡ് ദുർബലമാകാറുണ്ട്. വിവിധ ഭാഗങ്ങളിലെ മണ്ണിടിച്ചിൽ മൂലം മുൻകാലങ്ങളിലും ഗതാഗതപ്രശ്നം ഉണ്ടായിരുന്നു. എത്രയും വേഗം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ടൂറിസം മേഖലയെ ബാധിക്കും. അതിരപ്പിള്ളി ഭാഗത്തുനിന്ന് മലക്കപ്പാറ, വാൽപ്പാറ ഭാഗത്തേക്കും തിരിച്ചും നിരവധി പേരാണ് സഞ്ചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

