രണ്ടുമാസം മുമ്പ് നിർമിച്ച റോഡ് മഴയിൽ ഒലിച്ചുപോയി
text_fieldsബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിൽ ഒലിച്ചുപേയ വെള്ളറക്കാട്-ആദൂർ-നീണ്ടൂർ റോഡ്
എരുമപ്പെട്ടി: നിർമാണം കഴിഞ്ഞ് രണ്ടുമാസം തികയും മുമ്പെ മഴയിൽ റോഡ് ഒലിച്ചുപോയി. ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലാണ് വെള്ളറക്കാട്-ആദൂർ-നീണ്ടൂർ റോഡിന്‍റെ വശമിടിഞ്ഞ് ഒലിച്ചുപോയത്. റോഡിന്‍റെ വശങ്ങളിൽനിന്നും ടാറിളകി മെറ്റലുൾപ്പടെ കുത്തിയൊലിച്ചും റോഡിടിഞ്ഞ് താഴ്ന്നും തകർന്ന നിലയിലാണ്.
കടങ്ങോട് പഞ്ചായത്തിൽ ആദൂർകുന്ന് മുതൽ വെള്ളറക്കാട് വരെയുള്ള റോഡിന്‍റെ വശങ്ങളിൽ കാനയോ പാർശ്വഭിത്തിയോ നിർമിക്കാതെയാണ് പണി പൂർത്തീകരിച്ചിരിക്കുന്നത്. കിലോമീറ്ററിന് ഒരു കോടിയിലധികം രൂപ ചെലവഴിച്ച് ബി.എം.ബി.സി നിലവാരത്തിലാണ് റോഡ് നിർമിക്കേണ്ടത്.
എന്നാൽ, നിർമണം നടത്തുമ്പോൾ തന്നെ പ്രവൃത്തിയിലെ അപാകതയും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ശക്തമായ മഴ പെയ്താൽ റോഡൊന്നാകെ ഒലിച്ചുപോകുന്ന സ്ഥിതിയാണ്. റോഡിലൂടെ സുരക്ഷിതമായി വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്.
റോഡിന്‍റെ അശാസ്ത്രീയ നിർമാണമാണ് റോഡ് തകരാൻ കാരണമെന്ന് പഞ്ചായത്തിലെ ബി.ജെ.പി അംഗം എം.വി. ധനീഷ് ആരോപിച്ചു. മഴക്ക് മുമ്പ് റോഡിനെതിരെ നൽകിയ പരാതിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചില്ല. കരാറുകാരന് അഴിമതി നടത്താനുള്ള ഒത്താശയാണ് ഉദ്യോഗസ്ഥർ നടത്തിയതെന്നും ധനീഷ് ആരോപിച്ചു. നിർമാണം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും ധനീഷ് ആവശ്യപ്പെട്ടു.