അനുബന്ധ സൗകര്യങ്ങളില്ല; ദേശീയപാതയിൽ വാഹനാപകടം തുടർക്കഥ
text_fieldsആമ്പല്ലൂർ: ദേശീയപാതയിൽ വാഹനാപകടങ്ങളെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്കുണ്ടാകുന്ന കാലതാമസം വാഹനയാത്രികർക്ക് ദുരിതമാകുന്നു.
സിഗ്നലുകളിലും ട്രാക്ക് സംവിധാനത്തിലുമുള്ള അവ്യക്തതയും സുരക്ഷസംവിധാനങ്ങളിലുള്ള സൂക്ഷ്മതക്കുറവുമാണ് ദേശീയപാതയിലെ അപകടങ്ങൾക്ക് മുഖ്യകാരണം.
ഞായറാഴ്ച കെണ്ടയ്നർ ലോറി മറിഞ്ഞ് എട്ട് മണിക്കൂറാണ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടത്. പുലർച്ച നാലിന് മറിഞ്ഞ ലോറിയിൽനിന്ന് ചരക്കുകൾ മാറ്റി, ഗതാഗതം പുനഃസ്ഥാപിച്ചത് ഉച്ചക്ക് 12നാണ്.
ദേശീയപാതയിൽ അപകടങ്ങളുണ്ടായാൽ അടിയന്തര സഹായവും രക്ഷാപ്രവർത്തനങ്ങളും നടത്തേണ്ടത് ടോൾ പിരിക്കുന്ന കമ്പനിയുടെ ചുമതലയാണ്.
നാട്ടുകാർ ഇടപെടുന്നതിനാൽ പരിക്കേറ്റവരെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കുന്നുണ്ടെങ്കിലും അപകടത്തിൽപെട്ട വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാൻ ഏറെ സമയമെടുക്കുന്നുണ്ട്. ഈ സമയം ദേശീയപാതയിലൂടെ വരുന്ന മറ്റുവാഹനങ്ങൾ മണിക്കൂറുകളോളമാണ് റോഡിൽ കുടുങ്ങുന്നത്.
ദൂരയാത്ര ചെയ്യുന്ന ഭാരവാഹനങ്ങൾ ഫാസ്റ്റ്ട്രാക്ക് ഉപയോഗിക്കണമെന്ന നിർദേശം നിലവിലുണ്ടെങ്കിലും ഡ്രൈവർമാർക്ക് ഈ ചട്ടങ്ങളെക്കുറിച്ച് വലിയ ധാരണയില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. നിലവിലെ കരാർ വ്യവസ്ഥപ്രകാരം അനുബന്ധ സൗകര്യങ്ങൾ ഒരുക്കിയാൽ ദേശീയപാതയിലെ ദുരിതയാത്രക്ക് ഒരുപരിധിവരെ പരിഹാരം കാണാനാവുമെന്ന് യാത്രികർ പറയുന്നു. ദേശീയപാതയുടെ അറ്റകുറ്റപ്പണി തട്ടിയും മുട്ടിയും നടത്തുന്ന കമ്പനി റീടാറിങ് കൃത്യമായി ചെയ്താൽ വാഹനങ്ങൾ മഴയിൽ തെന്നി നിയന്ത്രണം നഷ്ടപ്പെട്ട് സംഭവിക്കുന്ന അപകടങ്ങളെങ്കിലും ഒഴിവാക്കാൻ കഴിയും. ലൈൻ ട്രാഫിക് സംവിധാനം കാര്യക്ഷമമായി നടപ്പാക്കാൻ അധികൃതർ ശ്രമിക്കാത്തതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
കെണ്ടയ്നർ ലോറി മറിഞ്ഞ് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു
പുലർച്ച നാലിനായിരുന്നു അപകടം
ആമ്പല്ലൂർ: ദേശീയപാതയിൽ പുതുക്കാട് സിഗ്നൽ ജങ്ഷന് സമീപം നിയന്ത്രണംവിട്ട് കെണ്ടയ്നർ ലോറി മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു.
കൊച്ചിയിൽനിന്ന് ചെന്നൈയിലേക്ക് സീഫുഡുമായി പോയ കണ്ടെയ്നർ ലോറിയാണ് റോഡിന് കുറുകെ മറിഞ്ഞത്. ഞായറാഴ്ച പുലർച്ച നാലിനാണ് അപകടം. തുടർന്ന് മണിക്കൂറുകളോളം ദേശീയപാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടു. സർവിസ് റോഡിലൂടെയാണ് ഭാഗികമായി വാഹനങ്ങൾ വിട്ടത്. മറിഞ്ഞ കണ്ടെയ്നറിൽനിന്ന് സാമഗ്രികൾ മറ്റൊരു കെണ്ടയ്നറിലേക്ക് മാറ്റി ഉച്ചയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

