റിപ്പർ മോഡൽ കൊലപാതക ശ്രമം; പ്രതി അറസ്റ്റിൽ
text_fieldsആമ്പല്ലൂർ: തൃക്കൂർ നെല്ലിച്ചോട് റിപ്പർ മോഡലിൽ യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പോട്ട പനമ്പിള്ളിനഗർ പടിഞ്ഞാറേക്കാടൻ വീട്ടിൽ സിറിളാണ് അറസ്റ്റിലായത്. മരത്താക്കര പുഴമ്പള്ളം സ്വദേശി വെളിയംകുളങ്ങര വീട്ടിൽ ഡിനസ് ഡേവിസിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഡിനസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
നെല്ലിച്ചോടുള്ള ജിംനേഷ്യത്തിൽനിന്ന് ഇറങ്ങിയ ഡിനസിനെ പ്രതി പിറകിൽനിന്ന് വന്ന് ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ബോധരഹിതനായി വീണ ഡിനസിന്റെ തലയിൽ രണ്ടു പ്രാവശ്യം കൂടി സിറിൽ ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു.
തുടർന്ന് സമീപത്തെ സൈക്കിൾ എടുത്ത് സിറിൽ രക്ഷപ്പെടുകയായിരുന്നു. സൈക്കിൾ തൊട്ടടുത്ത പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അവിടെ നിന്ന് സ്വന്തം ബൈക്ക് എടുത്താണ് രക്ഷപ്പെട്ടത്. ചാലക്കുടിയിൽനിന്ന് ചുറ്റിക വാങ്ങിയ ഇയാൾ കുപ്പിയിൽ പെട്രോളും കരുതിയിരുന്നു. ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം കത്തിക്കുകയായിരുന്നു ലക്ഷ്യം. പ്രതിയുടെ വ്യക്തി വൈരാഗ്യമാണ് ക്രൂരമായ അതിക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണ കുമാറിന്റെ നേതൃത്വത്തിൽ 25ഓളം രഹസ്യ പൊലീസിനെ സംഘങ്ങളായി നിയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

