ഏഴാറ്റുമുഖത്ത് കുരങ്ങുകൾ ചത്തത് ന്യുമോണിയ മൂലമെന്ന് റിപ്പോർട്ട്
text_fieldsഅതിരപ്പിള്ളി: വാഴച്ചാൽ ഡിവിഷനിലെ അതിരപ്പിള്ളി റേഞ്ച് പരിധിയിൽ ഏഴാറ്റു മുഖത്ത് കുരങ്ങുകൾ ചത്തത് ന്യുമോണിയ ബാധിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്ലാന്റേഷൻ കോർപറേഷൻ ബ്ലോക്ക് 18ലെ പമ്പ്ഹൗസിനു സമീപം പുഴയിലാണ് കുരങ്ങുകൾ ചത്തു കിടക്കുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി കുരങ്ങുകളെ ഈ മേഖലയിൽ അവശനിലയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് കുരങ്ങുകളുടെ അഴുകിയ ജഡങ്ങൾ കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികൾ ആശങ്കയിലായിരുന്നു.
ചത്തുകിടന്ന കുരങ്ങുകളിൽ ഒന്നിനെ വനപാലകർ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ന്യുമോണിയ ബാധ സ്ഥിരീകരിച്ചത്. ഈ മേഖലയിലെ മറ്റു കുരങ്ങുകളെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്. വിനോദസഞ്ചാരികളുടെ വരവ് ഏറിയതോടെ അസംഖ്യം കുരങ്ങുകളാണ് തുമ്പൂർമുഴി, ഏഴാറ്റുമുഖം, അതിരപ്പിള്ളി, വാഴച്ചാൽ തുടങ്ങിയ ടൂറിസം സെന്ററുകളിലുള്ളത്. സഞ്ചാരികളും നാട്ടുകാരുമായി ഇവ അടുത്തിടപഴകുന്നുണ്ട്. അതിനാൽ, ഇവയുടെ രോഗങ്ങൾ മനുഷ്യരിലേക്കും പകരുമോയെന്ന ഭീതി നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

