മാലിന്യം നീക്കി; ഒടുവിൽ റോഡ് കണ്ടെത്തി തൃശൂർ കോർപറേഷൻ
text_fieldsവെളിയന്നൂരിൽനിന്ന് രാമഞ്ചിറ മഠം റോഡിലെത്താനുള്ള
ലിങ്ക് റോഡിലെ മാലിന്യം നീക്കിയ നിലയിൽ
തൃശൂർ: നാളുകളായി മാലിന്യം തള്ളി മറഞ്ഞുപോയ ലിങ്ക് റോഡ് വീണ്ടെടുക്കാൻ ഒടുവിൽ കോർപറേഷൻ നടപടി. ‘മാധ്യമം’ വാർത്തയെ തുടർന്ന് ഈ റോഡിലെ മാലിന്യം കോർപറേഷൻ ഇടപെട്ട് നീക്കി. ഇതോടെ ഒളിഞ്ഞുകിടന്ന ഒരു റോഡ് കണ്ടെത്തി. വെളിയന്നൂർ റോഡിൽനിന്ന് രാമൻചിറ മഠം ലൈനിലേക്കുള്ള ലിങ്ക് റോഡാണ് മാലിന്യം നീക്കി വൃത്തിയാക്കിയത്.
വൈകാതെ ടാറിട്ട് റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് അധികൃതർ പറഞ്ഞു. ഈ റോഡിന്റെ നാളുകളായി തുടരുന്ന ദുരവസ്ഥക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. 200മീറ്ററോളം വരുന്ന ഈ റോഡിൽ വർഷങ്ങളായി മാലിന്യം തള്ളൽ പതിവായിരുന്നു.
ഇരുഭാഗത്തും മാലിന്യം കുമിഞ്ഞതോടെ ബൈക്കിന് കടന്നുപോകാൻ പോലും പ്രയാസമുള്ള സ്ഥിതിയായി. മഴപെയ്താൽ ഈ മാലിന്യത്തിൽ വെള്ളം കെട്ടിനിന്ന് കൊതുകും എലികളും പെരുകുന്നത് പരിസരത്തെ വീട്ടുകാർക്കും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ദുരിതമായിരുന്നു.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യങ്ങൾ എറിയുന്നതും പുറത്തുനിന്ന് കൊണ്ടുതള്ളുന്നതും ഇവ കത്തിക്കുന്നതും പതിവായതോടെ കെട്ടിടങ്ങളിൽ ജോലിചെയ്യാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. ഇന്നർ റോഡായും ഗതാഗതക്കുരുക്ക് പരിഹരിക്കാനും ഉപയോഗിക്കാൻ കഴിയുന്ന റോഡാണ് കോർപറേഷന്റെ അനാസ്ഥമൂലം വിസ്മൃതിയിലായിരുന്നത്.
റോഡ് ആരംഭിക്കുന്നിടത്തും അവസാനിക്കുന്നിടത്തും അനധികൃത പാർക്കിങ്ങും രാത്രി സാമൂഹിക വിരുദ്ധരുടെ ശല്യവും മറ്റൊരു ദുരിതമായിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട കോർപറേഷൻ ദിവസങ്ങളെടുത്താണ് മാലിന്യം നീക്കിയത്.
പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ദിവസങ്ങളെടുത്ത് നീക്കി മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ചാണ് മാലിന്യം നിറഞ്ഞ മണ്ണ് കോരിക്കൊണ്ടുപോയത്. വൈകാതെ ടാറിങ് നടത്തുമെന്ന് അധികൃതർ പറഞ്ഞു. വഴിവിളക്കുകളും മാലിന്യം തള്ളൽ ആവർത്തിക്കാതിരിക്കാൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും അനധികൃത പാർക്കിങ് ഒഴിവാക്കാനും നടപടി വേണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

