ഗ്രൂപ് ആൾക്കൂട്ടമില്ലാതെ ചെന്നിത്തല തൃശൂരിൽ; ഡി.സി.സി ഓഫിസിലും എത്തിയില്ല
text_fieldsതൃശൂർ: ഗ്രൂപ് നേതാക്കളുടെയും പ്രവർത്തകരുടെയും തിരക്കില്ലാതെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തൃശൂരിൽ. ഗുരുവായൂരിൽ വ്യവസായി രവി പിള്ളയുടെ മകെൻറ വിവാഹത്തിലും ഐ ഗ്രൂപ്പിൽ രമേശ് ചെന്നിത്തലയോട് അടുപ്പമുള്ളവർ പ്രസിഡൻറായ രണ്ട് സഹകരണ സംഘങ്ങളുടെ ചടങ്ങുകളിലുമാണ് പങ്കെടുത്തത്. സാധാരണ ചെന്നിത്തല എത്തുന്നതറിഞ്ഞാൽ ഏറെ നേരം മുമ്പുതന്നെ തിരക്കുകൂട്ടി നിൽക്കാറുള്ള നേതാക്കളും പ്രവർത്തകരും രംഗത്തുണ്ടായില്ല.
കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ്, ഡി.സി.സി ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറുമായ സുന്ദരൻ കുന്നത്തുള്ളിയുമായിരുന്നു കൂടെ സജീവമായുണ്ടായിരുന്നത്. കെ.പി.സി.സി സെക്രട്ടറിമാരായ ഷാജി കോടങ്കണ്ടത്തും ടി.യു. രാധാകൃഷ്ണനും സന്ദർശിച്ച് മടങ്ങി. ജില്ല സഹകരണ ആശുപത്രി പ്രസിഡൻറ് ടി.കെ. പൊറിഞ്ചുവും ചില യൂത്ത് കോൺഗ്രസ് പ്രവർത്തകരും കാണാനെത്തി.
സാധാരണ ഗ്രൂപ് നേതാക്കളും പ്രവർത്തകരുമൊക്കെയായി വൻ ആൾക്കൂട്ടങ്ങളാണ് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെത്തുമ്പോൾ ഉണ്ടാകാറുള്ളത്. പുതിയ ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ സമീപകാലം വരെ രമേശ് ചെന്നിത്തലയോടൊപ്പമായിരുന്നെങ്കിലും കെ. സുധാകരെൻറ നോമിനിയായാണ് പദവിയിലെത്തിയത്. കൂടെയുണ്ടായിരുന്ന മുൻ ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസെൻറ് അടക്കമുള്ളവർ കെ.സി. വേണുഗോപാൽ പക്ഷത്തേക്കും മാറി. ഡി.സി.സി പ്രസിഡൻറുമാരുടെ നിയമനത്തെ ചൊല്ലിയുള്ള തർക്കത്തിന് ശേഷം ആദ്യമായാണ് ചെന്നിത്തല തൃശൂരിലെത്തുന്നത്. ഡി.സി.സി ഓഫിസിലേക്ക് അദ്ദേഹം വന്നില്ല. ഡി.സി.സി നേതാക്കൾ ഓഫിസിലുണ്ടായിരുന്നെങ്കിലും ചെന്നിത്തലയെ സന്ദർശിക്കാൻ രാമനിലയത്തിലേക്കും പോയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

