രാമവിലാസം സ്കൂൾ തുറന്ന് പ്രവർത്തിച്ചതായി എ.ഇ.ഒ
text_fieldsവലിയപറമ്പ് രാമവിലാസം സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് അംഗം സിനി ബെന്നി
ഉദ്ഘാടനം ചെയ്യുന്നു
മാള: വലിയപറമ്പ് രാമവിലാസം സ്കൂൾ ഈ അധ്യയനവർഷം തുറന്ന് പ്രവർത്തിച്ചതായി മാള എ.ഇ.ഒ രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ പ്രവർത്തിച്ചില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു.
അതേസമയം, സ്കൂൾ ഏറ്റെടുക്കൽ സംബന്ധിച്ച് സർക്കാർ പ്രഖ്യാപനം ഉണ്ടായെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. 90 വർഷത്തെ പാരമ്പര്യമുള്ള സ്കൂളിന് രണ്ട് ഏക്കർ സ്ഥലം ഉൾപ്പെടെ സൗകര്യങ്ങളുണ്ട്. 2021ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ് സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചത്.
കുട്ടികൾ കുറഞ്ഞതാണ് നിലനിൽപ് പ്രതിസന്ധി നേരിടാൻ കാരണം. ഈ അധ്യയനവർഷം പുതിയ അഡ്മിഷൻ വന്നിട്ടുണ്ട്. മാള പഞ്ചായത്തിലെ 10 മുതൽ 13 വരെ വാർഡുകളിലെ വിദ്യാർഥികൾക്ക് ആശ്രയമാണ് സ്കൂൾ. എസ്.സി വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന വലിയപറമ്പിൽ സർക്കാർ സ്കൂൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായുണ്ട്. സ്കൂളും സ്ഥലവും സർക്കാർ ഏറ്റെടുക്കാൻ അനുവാദം നൽകിയിരുന്നെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
പ്രവേശനോത്സവം
മാള: വലിയപറമ്പ് രാമവിലാസം സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് അംഗം സിനി ബെന്നി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് രതീഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ബിന്ദു, ഒ.എസ്.എ പ്രസിഡന്റ് പി.കെ. രത്നാകരൻ, സീനിയർ അസി. അധ്യാപിക വിറ്റി എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
രാമവിലാസം സ്കൂൾ സർക്കാർ ഏറ്റെടുക്കൽ ഈ വർഷം
മാള: വലിയപറമ്പ് രാമവിലാസം സ്കൂൾ സർക്കാർ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാകുമെന്ന് വി.ആർ. സുനിൽകുമാർ എം.എൽ.എ. സ്കൂൾ ഏറ്റെടുക്കുന്നതിന് ഭൂമി രേഖ പരിശോധിക്കപ്പെടേണ്ടതുണ്ട്. റവന്യൂ വിഭാഗവുമായി അന്വേഷണം നടത്തി. ഇതിനു കാലതാമസം സ്വാഭാവികമാണ്. ഏറെ പഴക്കമുള്ള രേഖകൾ യഥാക്രമം തിരഞ്ഞ് പരിശോധന നടത്തി വേണം മുന്നോട്ടുപോകാൻ. ഇതോടൊപ്പം ഏതാനും സ്കൂളുകൾ കൂടി സർക്കാർ ഏറ്റെടുക്കുന്നുണ്ട്.
ഈ മാസം അതിന്റെ ഫയലുകൾ തലസ്ഥാനത്ത് എത്തിക്കും. ഈ വർഷംതന്നെ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നും എം.എൽ.എ അറിയിച്ചു. ‘മാധ്യമം’ വാർത്തയെ തുടർന്നാണ് നടപടി വേഗത്തിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

