രജന വൃക്ക നല്കി; വിജീഷ് ജീവിതത്തിലേക്ക്
text_fieldsമറ്റത്തൂര്‍: ഒരു നാടിെൻറ ഒന്നടങ്കമുള്ള പ്രാര്‍ഥന സഫലമാക്കി വിജീഷിെൻറ വൃക്കമാറ്റ ശസ്ത്രക്രിയ വിജയമായി. ഇരുവൃക്കകളും തകരാറിലായി ചികിത്സയിലായിരുന്ന ഒമ്പതുങ്ങല്‍ മൂത്തമ്പാടന്‍ വിൽസെൻറ മകന് വിജീഷിന് (37) തെൻറ വൃക്കകളിലൊന്ന് ദാനം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് നാട്ടുകാരിയും വീട്ടമ്മയുമായ എരണേഴത്ത് രതീഷിെൻറ ഭാര്യ രജനയാണ്.
പോളിഷ് പണിക്കാരനായ വിജീഷിന് രണ്ടുവര്‍ഷം മുമ്പാണ് വൃക്കരോഗം ബാധിച്ചത്. നിര്‍ധന കുടുംബാംഗമായ വിജീഷിെൻറ വൃക്കമാറ്റ ശസ്ത്രക്രിയക്കാവശ്യമായ തുക സ്വരൂപിക്കാൻ നാട്ടുകാര്‍ ചികിത്സസഹായ സമിതി രൂപവത്കരിച്ച് രംഗത്തിറങ്ങി. വിജീഷിെൻറ അമ്മയാണ് വൃക്ക നൽകാൻ ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാല്‍, പ്രമേഹരോഗമുള്ളതിനാല്‍ അമ്മയുടെ വൃക്ക എടുക്കാന്‍ കഴിഞ്ഞില്ല. മറ്റൊരു വൃക്കദാതാവിനെ കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ ശസ്ത്രക്രിയ നീണ്ടുപോയി. വിജീഷിെൻറ അവസ്ഥ കണ്ടറിഞ്ഞ അകന്ന ബന്ധുകൂടിയായ രജന തെൻറ വൃക്കകളിലൊന്ന് നല്കാന് തയാറാവുകയായിരുന്നു. കഴിഞ്ഞ ആറിന് എറണാകുളം ലൂർദ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. രജന കഴിഞ്ഞ ദിവസം ആശുപത്രി വിട്ട് വീട്ടില്‍ തിരിച്ചെത്തി വിശ്രമത്തിലാണ്. വിജീഷിന് കുറച്ചുനാള്‍ കൂടി ആശുപത്രിയില്‍ തുടരേണ്ടിവരും.
ശസ്ത്രക്രിയക്കാവശ്യമായ തുക പൂര്‍ണമായും സമാഹരിച്ചു നല്‍കിയത് പഞ്ചായത്ത് അംഗം സുമേഷ് മൂത്തമ്പാടന്‍, ഉണ്ണികൃഷ്ണന് ചെമ്പകശേരി എന്നിവരുടെ നേതൃത്വത്തിലുള്ള ചികിത്സ സഹായ സമിതിയാണ്.
ചികിത്സക്കാവശ്യമായ തുക കണ്ടെത്തുന്നതിന് ബിരിയാണി ചലഞ്ചും സംഘടിപ്പിച്ചിരുന്നു. മൂന്നു പെണ്‍കുട്ടികളുടെ അമ്മയായ രജനയുടെ സഹജീവി സ്നേഹവും ത്യാഗമനോഭാവവും പരക്കെ അഭിനന്ദിക്കപ്പെടുകയാണ്. ഒമ്പതുങ്ങല്‍ കാരയില്‍ സത്യെൻറ മകളാണ് ഈ 34കാരി.
കഴിഞ്ഞ സെപ്റ്റംബറില്‍ മൂന്നുമുറി ഇടവകാംഗവും ലാസലറ്റ് ഭവന് സുപ്പീരിയറും വയനാട് നടവയല്‍ കായകുന്ന് മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. ജെന്സന് ചെന്ദ്രാപ്പിന്നി തെൻറ വൃക്കകളിലൊന്ന് ദാനം ചെയ്തിരുന്നു. കോടാലി മാങ്കുറ്റിപ്പാടം കണ്ണമ്പുഴ ആൻറുവിെൻറ മകള്‍ ആല്ഫിക്കാണ് ഫാ. ജെന്സന് തെൻറ വൃക്കകളിലൊന്ന് നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

