കാറ്റും മഴയും: ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രത നിർദേശം
text_fieldsവാടാനപ്പള്ളി സൈനുദ്ദീൻ നഗറിൽ തിരയടിച്ച് വീടുകളിലേക്ക് വെള്ളം കയറുന്നു
തൃശൂർ: സംസ്ഥാനത്ത് കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ വൈദ്യുതി കമ്പികളും തൂണുകളും പൊട്ടിവീഴാൻ സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ കെ.എസ്.ഇ.ബിയുടെ 1912 കൺട്രോൾ റൂമിലോ 1077 നമ്പറിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം. തകരാർ പരിഹരിക്കുന്ന പ്രവൃത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെ.എസ്.ഇ.ബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കണം. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം അറ്റകുറ്റപ്പണികൾ ചെയ്യരുത്.
പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.
കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുൻപ് ഉറപ്പ് വരുത്തുക. നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി സുരക്ഷിത ഇടത്തേക്ക് മാറി നിൽക്കണം. അപകടസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ നിർദേശങ്ങൾ ജനങ്ങൾ കർശനമായി പിന്തുടരണം.
കെ.എസ്.ഇ.ബിയുടെ കൺട്രോൾ റൂം: 1912
ജില്ല ദുരന്ത നിവാരണ അതോറിറ്റി: 1077
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

