എങ്കക്കാട് റെയിൽവേ മേൽപ്പാലത്തിന് പച്ചക്കൊടി; ഡി.പി.ആർ തയാറാക്കാൻ റെയിൽവേ അനുമതി നൽകിയതായി കെ. രാധാകൃഷ്ണൻ എം.പി
text_fieldsവടക്കാഞ്ചേരി: ജനങ്ങളുടെ നീണ്ടകാല സ്വപ്നം യാഥാർഥ്യമാകുന്നു. വടക്കാഞ്ചേരി നഗരസഭയിലെ എങ്കക്കാട് റെയിൽവേ മേൽപ്പാലത്തിന് ഡി.പി.ആർ തയാറാക്കാൻ റെയിൽവേ അനുമതി നൽകിയതായി കെ. രാധാകൃഷ്ണൻ എം.പി അറിയിച്ചു.
എങ്കക്കാട് മേൽപാലം നിർമാണത്തിനായി വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിനുള്ള പ്രവൃത്തികൾക്ക് റെയിൽവേ അനുമതി നൽകിയതായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ യു. സുബ്ബ റാവു എം.പിക്കയച്ച കത്തിൽ വ്യക്തമാക്കി. ഡി.പി.ആർ അന്തിമഘട്ടത്തിലെത്തുന്നതോടെ ലെവൽ ക്രോസ് ഒഴിവാക്കി മേൽപാലം നിർമാണത്തിനുള്ള ഭരണാനുമതി ലഭിക്കുന്നതിനുള്ള തുടർനടപടി സ്വീകരിക്കുമെന്നും കത്തിൽ ഉറപ്പുനൽകിയിട്ടുണ്ട്.
പ്രദേശത്ത് ട്രെയിൻ ഗതാഗതവും വാഹന ഗതാഗതവും വളരെ കൂടുതലായതിനാൽ ദിവസത്തിൽ ഭൂരിഭാഗം സമയവും ലെവൽ ക്രോസ് അടച്ചിടേണ്ടി വരുന്നു.
തുടർന്ന് ആംബുലൻസുകൾ ഉൾപ്പെടെ വാഹനങ്ങൾക്ക് ഉണ്ടാകുന്ന കടുത്ത യാത്രാദുരിതവും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടി കേന്ദ്ര റെയിൽവേ മന്ത്രിക്കും റെയിൽവേ അധികൃതർക്കും കെ. രാധാകൃഷ്ണൻ എം.പി കത്തയച്ചിരുന്നു. മേൽപ്പാലത്തിനായുള്ള ഫീസിബിലിറ്റി പഠനവും സാങ്കേതിക മൂല്യനിർണയവും വേഗത്തിലാക്കി ഭരണാനുമതി ലഭ്യമാക്കണമെന്ന എം.പിയുടെ നിവേദനത്തെത്തുടർന്നാണ് ഡി.പി.ആർ തയാറാക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്.പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കാനുള്ള അടുത്തഘട്ട നടപടികളുമായി മുന്നോട്ടുപോകുമെന്ന് കെ. രാധാകൃഷ്ണൻ എം.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

