ഉപജില്ല കലോത്സവ വേദിയിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി
text_fieldsRepresentational Image
കേച്ചേരി: കുന്നംകുളം ഉപജില്ല സ്കൂൾ കലോത്സവത്തിൽ ചേരിതിരിഞ്ഞുണ്ടായ സംഘർഷം കൂട്ടത്തല്ലിൽ കലാശിച്ചു. പൊലീസ് ലാത്തിവീശി. മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. കടങ്ങോട് പാറക്കൽ ഫറൂക്ക് (17), വടുതല പള്ളിപ്പുറത്ത് റിസ്വാൻ (17), പന്നിത്തടം അമ്പലത്ത് വീട്ടിൽ റെസൽ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദഫ്മുട്ട് മത്സരഫലത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തിന് കാരണമായത്.
പ്രധാന വേദിയായ കേച്ചേരി അൽ അമീൻ സ്കൂളിൽ വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. ഇതിനിടെ ഒരു വിഭാഗം ആളുകള്‍ സ്റ്റേജിലെ മൈക്കും മറ്റു സാധനസാമഗ്രികളും അടിച്ചുതകര്‍ത്തു. ഇതോടെയാണ് പൊലീസ് ലാത്തിവീശിയത്. ദഫ്മുട്ട് മത്സരഫലം വിധികർത്താക്കൾ പ്രഖ്യാപിച്ചതോടെയായിരുന്നു തർക്കം. ആതിഥേയത്വം വഹിച്ച സ്കൂളിനായിരുന്നു വിജയം. ഇത് സംബന്ധിച്ച് ചോദ്യം ചെയ്യാൻ ഒരു വിഭാഗം സ്റ്റേജിൽ കയറി മൈക്കെടുത്ത് വിധികർത്താക്കൾക്ക് നേരെ അസഭ്യം പറയുകയായിരുന്നു. ഇതോടെയാണ് കൂട്ടത്തല്ലുണ്ടായത്. പൊലീസ് ലാത്തിവീശി. നേരത്തേ ഹൈസ്കൂള്‍ വിഭാഗം വട്ടപ്പാട്ട് മത്സരഫലത്തെ ചൊല്ലിയും തര്‍ക്കവും സംഘര്‍ഷവും നടന്നിരുന്നു.
ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ എ. മൊയ്തീന് തര്‍ക്കമുന്നയിച്ചവരോട് പരാതിയുണ്ടെങ്കില്‍ എഴുതി തരാന്‍ ആവശ്യപ്പെടുകയും ചര്‍ച്ചക്ക് ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്ന് കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പി.എ. രാജുവിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചക്ക് ഒടുവില്‍ സംഘര്‍ഷത്തിന് ശ്രമിച്ചവരെ സ്കൂള്‍ അങ്കണത്തില്‍നിന്ന് മാറ്റി ഒന്നര മണിക്കൂറിന് ശേഷമാണ് ഹയര്‍ സെക്കൻഡറി വിഭാഗം വട്ടപ്പാട്ട് മത്സരം പുനരാരംഭിച്ചത്. ഇതിന് ശേഷം നടന്ന ദഫ്മുട്ട് മത്സരം പൂര്‍ത്തിയായതോടെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

