പുത്തൂർ സുവോളജിക്കൽ പാർക്ക്; ഉദ്ഘാടനം 28ന്
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം/തൃശൂർ: അന്താരാഷ്ട്ര നിലവാരത്തിലുള്ള പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനം 28ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തൃശൂർ മൃഗശാലയുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. മാനുകൾ ഒഴികെ സുവോളജിക്കൽ പാർക്കിലെ കൂടുകളിലേക്കുള്ള മുഴുവൻ മൃഗങ്ങളെയും തൃശൂരിൽ നിന്ന് ഉടൻ മാറ്റും.
സഫാരി പാർക്കിന്റെ നിർമാണം പൂർത്തിയായാൽ മാനുകളെയും പുത്തൂരിൽ എത്തിക്കും. തൃശൂർ മൃഗശാലയിലെ സ്ഥിരം ജീവനക്കാരെ മൃഗശാല വകുപ്പിൽനിന്ന് ധനകാര്യ വകുപ്പിന്റെ അനുമതിയോടെ സുവോളജിക്കൽ പാർക്കിന്റെ കീഴിലേക്ക് മാറ്റി നിയമിക്കാനും മന്ത്രിമാരായ കെ. രാജൻ, എ.കെ. ശശീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ വനം, മൃഗശാല വകുപ്പ് ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത യോഗം തീരുമാനിച്ചു. സാധാരണ മൃഗശാലകളിൽനിന്നും വ്യത്യസ്തമായി പ്രത്യേകം ആവാസ വ്യവസ്ഥകൾ ഒരുക്കിയാണ് സുവോളജിക്കൽ പാർക്ക് സജ്ജമാക്കുക. ജനുവരിയോടെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിന് മുമ്പ് മൃഗങ്ങൾക്ക് അതത് ആവാസ വ്യവസ്ഥയുമായി പൊരുത്തപ്പെടാനാവും.
വിദേശ രാജ്യങ്ങളിൽ നിന്നും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം മൃഗങ്ങളും മറ്റ് ജീവജാലങ്ങളും പുത്തൂരിലെത്തിക്കുന്ന നടപടികൾ ഒക്ടോബർ മാസത്തിൽ നടക്കും. തുടർന്നുള്ള നാളുകളിലും സുവോളജിക്കൽ പാർക്കിലേക്ക് പുതിയ മൃഗങ്ങളെയും പക്ഷികളെയും ഉരഗങ്ങളെയും എത്തിച്ചുകൊണ്ടിരിക്കും. പാർക്കിലെ വിപുലീകരണവും വികസന പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി തുടരും. ഹോളോഗ്രാം സൂ, പെറ്റിങ് സൂ തുടങ്ങിയവയെല്ലാം സഫാരി പാർക്കിനൊപ്പം പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഒരുങ്ങും.
28ന് നടക്കുന്ന ഔപചാരിക ഉദ്ഘാടനവും അനുബന്ധ പരിപാടികളും ആഘോഷമാക്കാൻ വലിയ ഒരുക്കമാണ് പുത്തൂരിൽ നടക്കുന്നതെന്ന് സ്ഥലം എം.എൽ.എ കൂടിയായ കെ. രാജൻ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച പരിപാടികൾക്ക് ഒക്ടോബർ 18ന് കൊടിയുയരും. 21ന് പെറ്റിങ് സൂവിന്റെ ശിലാസ്ഥാപനം നടക്കും. 25, 26, 27 തീയതികളിൽ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും. യോഗത്തിൽ മൃഗസംരക്ഷണ, മൃഗശാല, വനം വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം, മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി, പുത്തൂർ സുവോളജിക്കൽ പാർക്ക് സ്പെഷൽ ഓഫിസർ കെ.ജെ. വർഗീസ്, വനം വകുപ്പ് മേധാവി ഡോ. പി. പുഗഴേന്തി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി. കൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

