ആമ്പല്ലൂര്‍: വ്യത്യസ്തവും തന്ത്രപരവുമായ അടവുകളും പയറ്റി പരമാവധി വോട്ട് സ്വന്തം പെട്ടിയില്‍ വീഴ്ത്താനുള്ള ഓട്ടപ്പാച്ചിലിലാണ് സ്ഥാനാര്‍ഥികള്‍. പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡ് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ബീന സുരേന്ദ്രെൻറ ഇലക്ഷന് ചിഹ്നമായ ഓട്ടോറിക്ഷ റോഡില്‍ വരച്ച് അതില്‍ കയറിയിരിക്കുന്ന പ്രവര്‍ത്തകരുടെ ചിത്രം നവമാധ്യമങ്ങളില്‍ ശ്രദ്ധനേടി.
ഒമ്പതാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രശാന്ത് നെടിയംപറമ്പത്തിെൻറ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ ഏറെ വ്യത്യസ്തമാണ്. ചായക്കടയില്‍ വയോധികരുടെ സംസാരം സസൂക്ഷ്മം ശ്രദ്ധിച്ചിരിക്കുന്ന പ്രശാന്തിെൻറ ചിത്രമടങ്ങിയ ബോര്‍ഡ് അതിലൊന്നാണ്.
വരന്തരപ്പിള്ളി പഞ്ചായത്തിലെ വെട്ടിങ്ങപ്പാടം ഫോറസ്റ്റ് റോഡിലൂടെ വോട്ട് അഭ്യര്‍ഥനയുമായി പോകുന്നതിനിടെ വഴിയരികില്‍ റോഡിലേക്ക് വീണുകിടന്നിരുന്ന മുള്‍ച്ചെടികള്‍ സമീപത്തെ വീട്ടില്‍ നിന്ന് അരിവാള്‍ വാങ്ങി വെട്ടികളഞ്ഞ കെ.ആര്. സുരേഷ് നാലാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. രാത്രിയിലെ പ്രചാരണത്തിനിടയില്‍ വൈദ്യുതി പോസ്റ്റില്‍ വഴിവിളക്കിെൻറ കത്തിപോയ ഫ്യൂസ് കമ്പി കെട്ടി വെളിച്ചം പുനഃസ്ഥാപിക്കാന്‍ സമയം കണ്ടെത്തി പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂര്‍ ഒമ്പതാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി കെ.എസ്. പ്രസന്നകുമാര്‍.
കൊറോണയുടെ പശ്ചാത്തലത്തില്‍, നിങ്ങളിങ്ങനെ ഇടക്കിടെ ഇങ്ങോട്ട് വരണമെന്നില്ല. ഞങ്ങള്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്തോളാം എന്ന് ചില വീട്ടുകാര്‍ മുഖത്തുനോക്കി പറഞ്ഞതായി അല്‍പ്പം ജാള്യതയോടെ വെളിപ്പടുത്തിയ സ്ഥാനാര്‍ഥികളുമുണ്ട്.