പാലിയേക്കര ടോൾപ്ലാസ വളയൽ സമരത്തിനിടെ ഉന്തും തള്ളും
text_fieldsപാലിയേക്കര ടോള്‍ കൊള്ളക്കെതിരെ കോണ്‍ഗ്രസ് നടത്തിയ ടോള്‍പ്ലാസ വളയല്‍ സമരം
ആമ്പല്ലൂര്‍: പാലിയേക്കരയിലെ ടോള്‍ കൊള്ളക്കെതിരെ കോണ്‍ഗ്രസ് നടത്തിയ ടോള്‍പ്ലാസ വളയല്‍ സമരത്തിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മിലുണ്ടായ ബലപ്രയോഗത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. ടി.എന്‍. പ്രതാപന് എം.പി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍, അനില്‍ അക്കര, രണ്ട് പൊലീസുകാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കോണ്‍ഗ്രസ് നേതാക്കള്‍ ജില്ല ആശുപത്രിയിലും പൊലീസുകാര്‍ പുതുക്കാട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. വെള്ളിയാഴ്ച രാവിലെ 11ന് പാലിയേക്കര സെന്ററില്‍നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ടോള്‍പ്ലാസ സെന്ററിന് മുന്നില്‍ പ്രതിഷേധം തുടങ്ങി.
ടി.എന്‍. പ്രതാപന് എം.പി ഉദ്ഘാടനം ചെയ്തു. ടോൾപ്ലാസയിൽ നടക്കുന്ന വൻ അഴിമതികളിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും സംസ്ഥാന സർക്കാറിന് നേതൃത്വം കൊടുക്കുന്ന എൽ.ഡി.എഫിനുമുള്ള പങ്ക് ഇ.ഡി അന്വേഷിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ് എം.പി, അനില്‍ അക്കര, സുനില്‍ അന്തിക്കാട്, ജോസഫ് ടാജറ്റ്, സി.സി. ശ്രീകുമാര്‍, ഷാജി കോടങ്കണ്ടത്ത്, സെബി കൊടിയന്‍, കെ. ഗോപാലകൃഷ്ണന്, കല്ലൂര്‍ ബാബു, ഒ.ജെ. ജെനീഷ്, ജെറോം ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് എം.പിയും ഡി.സി.സി പ്രസിഡന്റും ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ ടോള്‍ കമ്പനി അധികൃതരുമായി സംസാരിക്കണമെന്ന ആവശ്യവുമായി ടോള്‍പ്ലാസയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചു.
ടോള്‍പ്ലാസയില്‍ പ്രവേശിക്കാനും വിവരങ്ങള്‍ അറിയാനും അനുവദിക്കണമെന്നും എം.പി എന്ന നിലയില്‍ തനിക്കതിന് അവകാശമുണ്ടെന്നും ടി.എന്‍. പ്രതാപന് പറഞ്ഞെങ്കിലും പൊലീസ് അനുവദിച്ചില്ല. ഇതോടെ ടോള്‍ പ്ലാസയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച എം.പിയെയും മറ്റു നാലുപേരെയും പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ലാത്തിയും ഷീല്‍ഡും ഉപയോഗിച്ച് പൊലീസ് സമരക്കാരെ തടയുന്നതിനിടെ താഴെ വീണ് ടി.എന്‍. പ്രതാപന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും രണ്ടു പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇതിനിടെ പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തിലെ ബാരിക്കേഡുകള്‍ തകര്‍ക്കുകയും പിരിവ് നിര്‍ത്തിവെപ്പിക്കുകയും വാഹനങ്ങള്‍ കടത്തിവിടുകയും ചെയ്തു.
പിന്നീട് പ്രവര്‍ത്തകര്‍ ടോള്‍പ്ലാസ ഓഫിസിന് മുന്നില്‍ ഉപരോധം ആരംഭിച്ചു. കലക്ടറോ ജില്ല പൊലീസ് മേധാവിയോ ഇടപെട്ട് പ്രശ്നം പരിഹരിക്കാതെ പിന്മാറില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍. ഒരു മണിക്കൂറോളം ഉപരോധം തുടര്‍ന്നു. ഉച്ചക്ക് ഒന്നോടെ സ്ഥലത്തെത്തിയ കലക്ടര്‍ വി.ആര്. കൃഷ്ണതേജ നേതാക്കളുമായി സംസാരിച്ചാണ് പ്രശ്നം പരിഹരിച്ചത്. ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രെ, എ.ഡി.എം, ചാലക്കുടി ഡിവൈ.എസ്.പി. ടി.എസ്. സിനോജ്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിമാരായ വി.കെ. രാജു, എം. ഉല്ലാസ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
പൊലീസ് മനഃപൂര്‍വം ആക്രമിച്ചു -ടി.എൻ.പ്രതാപൻ എം.പി
തൃശൂർ: ടോൾ കമ്പനി ഉദ്യോഗസ്ഥരെ കാണാൻ ജനപ്രതിനിധി എന്ന നിലയിൽ തനിക്ക് അവകാശമുണ്ടെന്നിരിക്കെ പൊലീസ് സമ്മതിച്ചില്ലെന്നും പൊലീസ് ഷീൽഡും ലാത്തിയും ഉപയോഗിച്ച് ആക്രമിച്ചെന്നും ടി.എൻ. പ്രതാപൻ എം.പി. എം.പിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ കഴുത്ത് പിടിച്ച് ഞെക്കി തള്ളി. ടോളിലെ ഉദ്യോഗസ്ഥരെ കാണാൻ അനുവദിക്കാത്തത്, ടോൾ കൊള്ളക്ക് കൂട്ടുനിൽക്കുന്നത് ആരാണെന്നത് വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാറിനും പൊലീസിനും ഇതിൽ പങ്കുണ്ടെന്നും പ്രതാപൻ ആരോപിച്ചു.
സമരത്തിന് പിന്നാലെ കോൺഗ്രസിൽ പോര്
യു.ഡി.എഫ് ചെയർമാനും കെ.പി.സി.സി സെക്രട്ടറിയും മുതിർന്ന നേതാക്കളും സമരത്തിൽനിന്ന് വിട്ടുനിന്നു
തൃശൂർ: ടോൾ കൊള്ളക്കെതിരെ കോൺഗ്രസ് നടത്തിയ സമരത്തിലും ഭിന്നത. യു.ഡി.എഫ് ചെയർമാനും കെ.പി.സി.സി സെക്രട്ടറിയും മുതിർന്ന നേതാക്കൾ അടക്കമുള്ളവരും സമരത്തിൽ പങ്കെടുത്തില്ല. ടോൾ പ്ലാസയിൽ ഇ.ഡി റെയ്ഡ് നടത്തി 125 കോടി മരവിപ്പിച്ചതിന് പിന്നാലെയാണ് ടോൾ കൊള്ളക്കെതിരെയെന്ന മുദ്രാവാക്യവുമായി കോൺഗ്രസ് ടോൾപ്ലാസ വളയൽ സമരം പ്രഖ്യാപിച്ചത്. ഇതാകട്ടെ, നേതാക്കളുമായി കൂടിയാലോചന ഇല്ലാതെയായിരുന്നുവെന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. വ്യക്തിനേട്ടത്തിനും ഏകപക്ഷീയമായും പരിപാടികൾ തീരുമാനിക്കുകയും പോസ്റ്ററിറക്കുകയും ചെയ്യുന്നുവെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
നേരത്തേ കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ സംരക്ഷണ പദയാത്രയുടെ പ്രചാരണ പോസ്റ്ററിൽ ഏക എം.എൽ.എയുടെ പടം ഒഴിവാക്കിയതും വിവാദമായിരുന്നു. ഈ പരിപാടിയിൽനിന്ന് ഒരുവിഭാഗം വിട്ടുനിന്നിരുന്നു. ടോൾ വിഷയത്തിൽ ഡി.സി.സിക്ക് സബ് കമ്മിറ്റിയും ജോസഫ് ടാജറ്റിന്റെയും കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്തിന്റെയും നേതൃത്വത്തിൽ കോടതിയിൽ വ്യവഹാര നടപടികളും നടക്കുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിനൊരുങ്ങവേ രാഷ്ട്രീയമായി നേട്ടമുണ്ടാക്കേണ്ട വിഷയങ്ങൾ ഏകപക്ഷീയവും വ്യക്തിപരമായ നേട്ടത്തിനും ഉപയോഗിക്കുകയാണെന്നും കൂടിയാലോചനകളില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു.
തിരക്കിട്ടെടുത്ത തീരുമാനമാണെങ്കിൽ പോലും ഫോണിൽ ആലോചിക്കാമായിരുന്നുവെന്ന വിമർശനമാണ് ഉയർത്തുന്നത്. യു.ഡി.എഫ് ചെയർമാൻ എം.പി. വിൻസെന്റ്, കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, മുതിർന്ന നേതാക്കളായ പി.എ. മാധവൻ അടക്കമുള്ളവർ തൃശൂരിൽതന്നെയുണ്ടായിട്ടും പരിപാടി സ്ഥലത്തേക്ക് എത്തിയിരുന്നില്ല. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം പങ്കെടുത്ത് വൈകീട്ട് ചേർന്ന ജില്ല നേതൃയോഗത്തിലും നേതൃത്തിനെതിരെ വിമർശനമുയർന്നു. അർബൻ ബാങ്ക് തെരഞ്ഞെടുപ്പ് അടക്കമുള്ളവയിൽ നേതാക്കൾ മുഖം തിരിച്ചുനിൽക്കുന്നതിലും കൂടിയാലോചനകളില്ലാതെ പരിപാടികൾ തീരുമാനിക്കുന്നതിലും അമർഷവും നേതാക്കൾ യോഗത്തിൽ അറിയിച്ചു. ബൈജു വർഗീസ്, കല്ലൂർ ബാബു, സജീവൻ കുരിയച്ചിറ അടക്കമുള്ളവർ ഡി.സി.സി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് യോഗത്തിൽ ഉയർത്തിയത്. സംഘടന വിഷയങ്ങളിലെ പ്രശ്നപരിഹാരത്തിന് ഡി.സി.സി ഭാരവാഹികളുടെ യോഗം വിളിച്ചുചേർക്കാൻ കെ.പി.സി.സി ഇടപെടണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

