പപ്പേട്ടന്റെ മനസ്സ് സമ്മേളനത്തിലാണ്
text_fieldsഅപ്പാട്ട് വീട്ടിൽ ഭാര്യ പാർവതിയോടൊപ്പം പപ്പേട്ടൻ
ചെറുതുരുത്തി: ജില്ലയിലെ മുതിർന്ന നേതാവായ മുള്ളൂർക്കര ഇരുന്നിലംകോട് സ്വദേശിയായ പപ്പേട്ടൻ (എ. പത്മനാഭൻ -92) ഇത്തവണ നേരിട്ട് സമ്മേളനത്തിനില്ല. ആരോഗ്യവും കോവിഡ് സാഹചര്യവും അനുവദിക്കാത്തതിനാലാണത്. എന്നാൽ, മനസ്സ് സമ്മേളന നഗരിയിലുണ്ടാവും.
മുള്ളൂർക്കര ഇരുന്നിലംകോട് നടന്ന പതാകദിനാചരണത്തിലും ആവേശത്തോടെ എത്തിയെങ്കിലും ജില്ല സമ്മേളനത്തിന് പങ്കെടുക്കാൻ കഴിയാത്ത വിഷമമുണ്ടെങ്കിലും സാഹചര്യത്തെ ഉൾക്കൊള്ളണമെന്ന് പപ്പേട്ടൻ ഓർമിപ്പിക്കുന്നു. ഏഴു പതിറ്റാണ്ട് നിറഞ്ഞു നിൽക്കുന്ന ഈ നേതാവ് ഇല്ലായ്മയിൽ നിന്ന് പോരാടിയാണ് ജീവിച്ചത്. നാലാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള പപ്പേട്ടൻ ജീവിക്കാൻ വേണ്ടി 1949ലാണ് ബാംഗ്ലൂരിലേക്ക് തൊഴിൽ തേടി പോയത്. താൻ ജോലി ചെയ്യുന്ന കമ്പനിയിൽ മുതലാളിമാരോട് തൊഴിലിനു വേണ്ടി സമരം ചെയ്തതോടുകൂടിയാണ് കമ്യൂണിസ്റ്റ് പാർട്ടിയിലെത്തിയത്.
തുടർന്നങ്ങോട്ട് കമ്യൂണിസ്റ്റ് പാർട്ടിയിലെ വിശ്വസ്തനായി മാറി. എ.കെ.ജിക്ക് പാർട്ടിയുടെ കത്തുകൾ എത്തിച്ചുകൊടുക്കുന്ന ചുമതലയായിരുന്നു ആദ്യമേറ്റെടുത്തത്. തൊഴിലിന് വേണ്ടി പഴയ മദ്രാസിലേക്ക് മാറി. ഇതുവഴി ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകൾ നന്നായി കൈകാര്യം ചെയ്യാനായി. വരവൂരിൽ 48 ഏക്കർ മിച്ചഭൂമി ഭൂരഹിതർക്ക് പതിച്ചു നൽകുന്നതിനുള്ള ഒന്നര വർഷം നീണ്ട സമരത്തിന് നേതൃത്വം നൽകിയതോടെയാണ് രാഷ്ട്രീയ ജീവിതത്തിൽ നേതാവായി മാറിയത്.
വരവൂർ ഗ്രാമപഞ്ചായത്ത് അംഗം, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, തൃശൂർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങളിലെത്തി. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് 21 മാസം ജയിൽവാസം അനുഭവിച്ചു. 1980ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചു.
ചേലക്കരയിലും വടക്കാഞ്ചേരി ഉൾപ്പെടുന്ന മേഖലയുടെ പാർട്ടി സെക്രട്ടറിയായി പ്രവർത്തിച്ചു. കാൽ നൂറ്റാണ്ടിൽ അധികമായി ജില്ല സെക്രട്ടേറിയറ്റ് അംഗമായിരുന്നു. കർഷക തൊഴിലാളി യൂനിയൻ അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗം, സംസ്ഥാന വൈസ് പ്രസിഡൻറ്, ജോയൻറ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴും കർഷക തൊഴിലാളി യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗമാണ്. ഇപ്പോഴും പ്രദേശത്തെ കാര്യങ്ങളിൽ സജീവമാണ്. ഭാര്യ പാർവതി, മക്കൾ അജയകുമാർ, അനിൽകുമാർ, അനിഷ് കുമാർ, പ്രമീള എന്നിവരോടൊപ്പം അപ്പാട്ട് വീട്ടിൽ കഴിയുകയാണ് സഖാവ് പപ്പേട്ടൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

