കലക്ടറുടെ ഓഫിസിൽ പഞ്ചിങ് ഇന്ന് മുതൽ
text_fieldsതൃശൂർ കലക്ടറുടെ ഓഫിസിൽ സ്ഥാപിച്ച ബയോമെട്രിക്
പഞ്ചിങ് മെഷീൻ
തൃശൂർ: അയ്യന്തോളിൽ കലക്ടറുടെ ഓഫിസിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം ബുധനാഴ്ച മുതൽ. മാർച്ചിനകം കലക്ടറേറ്റ് ഉൾപ്പെടുന്ന സിവിൽ സ്റ്റേഷനിൽ പഞ്ചിങ് പ്രാബല്യത്തിൽ വരും. ഓഫിസിലെത്താതെ മുങ്ങി നടക്കുന്നവരെ പിടികൂടാനും ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ട് നിർദേശിച്ച പഞ്ചിങ് സംവിധാനം നടപ്പാക്കാത്തത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു.
ജനുവരി ഒന്ന് മുതൽ സംവിധാനം കർശനമായി നടപ്പാക്കാൻ അന്ത്യശാസനം നൽകിയിരുന്നെങ്കിലും തൃശൂർ അടക്കമുള്ള കലക്ടറേറ്റുകളിൽ പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയാതിരുന്നതിനാൽ 26ന് മുമ്പെന്ന് പരിഷ്കരിച്ച് അനുവദിക്കുകയായിരുന്നു.
നിലവിൽ ജില്ലയിൽ കലക്ടറുടെ ഓഫിസിൽ മാത്രമാണ് ബയോമെട്രിക് പഞ്ചിങ് മെഷീൻ സ്ഥാപിച്ചിട്ടുള്ളത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പരീക്ഷണാടിസ്ഥാനത്തിൽ ജീവനക്കാരുടെ പഞ്ചിങ് നിരീക്ഷിച്ചു. അതിന് ശേഷമാണ് ബുധനാഴ്ച മുതൽ ഔദ്യോഗികമായി നടപ്പാക്കുന്നത്. മറ്റ് ഓഫിസുകളിൽ ഇൻസ്റ്റലേഷൻ പ്രവൃത്തി പുരോഗമിക്കുകയാണ്.
പഞ്ചിങ്ങിലൂടെ ജീവനക്കാരുടെ ശമ്പള സോഫ്റ്റ്വെയറായ ഹാജർ സ്പാർക്കുമായിട്ടാണ് ബന്ധിപ്പിക്കുന്നത്. മൂന്ന് ഘട്ടമായി പഞ്ചിങ് സംവിധാനം പൂർത്തിയാക്കാനാണ് നിർദേശിച്ചിട്ടുള്ളത്. മാർച്ചിന് മുമ്പായി കലക്ടറേറ്റുൾപ്പെടുന്ന സിവിൽ സ്റ്റേഷനുകളിലും പിന്നീട് താലൂക്ക് ഓഫിസുകളിലും അവസാനമായി വില്ലേജ് ഓഫസുകളിലും പഞ്ചിങ് സംവിധാനമൊരുക്കും. ആറ് മാസത്തിനുള്ളിൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാൽ 2018 ജനുവരി മുതൽ സെക്രട്ടേറിയറ്റിൽ ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്തിയതിന് പിന്നാലെ ആ വർഷം കേരളപ്പിറവി ദിനം മുതൽ എല്ലാ ഓഫിസുകളിലും നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതാണ് ആറ് വർഷത്തിനിപ്പുറം കലക്ടറുടെ ഓഫിസ് വരെയെത്തി നിൽക്കുന്നത്.