പുലിപ്പൂരം
text_fieldsതൃശൂർ നഗരത്തിൽ ഇറങ്ങിയ പുലികൾ
തൃശൂർ: തട്ടകങ്ങളിലെ പുലിയൊരുക്കങ്ങളുടെ അവസാനം അസുരവാദ്യത്തിന് പെരുമ്പറ മുഴങ്ങിയപ്പോൾ തട്ടകങ്ങൾ ആവേശം കൊണ്ടു. ചായത്തിൽ മുങ്ങിയ പുലികൾക്ക് ആവേശത്തിന്റെ അരമണി കെട്ടാൻ നാട് ഓടിക്കൂടി. നാലോണത്തിലെ തൃശൂരിന്റെ സായാഹ്നം അരമണിക്കിലുക്കത്തിലും പുലിക്കൊട്ടിലും താളത്തോടെ മുങ്ങി. ചുവടുവെച്ച് മടവിട്ടിറങ്ങി നഗരത്തിലേക്ക് എത്തിയതോടെ സ്വരാജ് റൗണ്ടിനു ചുറ്റും കാത്തുനിന്ന ജനസഹസ്രങ്ങൾ ആർത്തിരമ്പി. കർപ്പൂര വിളക്കുകൾക്ക് ചുറ്റും താളത്തോടെ ചുവടുവെച്ച് പുലികൾ നടുവിലാൽ ഗണപതിക്ക് മുന്നിൽ തൊഴുതും സാഷ്ടാംഗം പ്രണമിച്ചും തേങ്ങയുടച്ചു. കർക്കടകത്തിന്റെ കറുത്തനാളുകൾ കഴിഞ്ഞെത്തിയ ഓണം പുലികളിയോടെ ആഘോഷത്തിന്റെ പാരമ്യത്തിലായി. തൃശൂരിലെ രണ്ടാം പൂരം കെങ്കേമം... സംസ്ഥാന ടൂറിസം വകുപ്പും ഡി.ടി.പി.സിയും തൃശൂര്‍ കോര്‍പറേഷനും ജില്ല ഭരണകൂടവും സംയുക്തമായി നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമായിരുന്നു പുലികളി. അഞ്ച് സംഘങ്ങളിലായി പെൺപുലികൾ ഉൾപ്പെടെ 250ലേറെ കലാകാരന്മാരാണ് പുലികളിക്ക് വേഷമിട്ട് ദേശംതാണ്ടി നഗരത്തിലെത്തിയത്.
സർക്കാർ സംവിധാനങ്ങൾ ഒപ്പം ചേർന്നതോടെ ഇക്കുറി സംഘങ്ങൾ ആശ്വാസത്തിലാണ്. നാലര ലക്ഷത്തോളമാണ് ഇക്കുറി വിവിധയിടങ്ങളിൽനിന്നുള്ള ധനസഹായം. ഇതുകൂടാതെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് വേറെയും സമ്മാനങ്ങളുണ്ട്. പുലിയാഘോഷം കാണാൻ സ്വരാജ് റൗണ്ട് ചുറ്റി തേക്കിൻകാട്ടിലും കെട്ടിടങ്ങൾക്ക് മുകളിലുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയവർ നേരത്തേതന്നെ സ്ഥാനംപിടിച്ചിരുന്നു. വിദേശ വിനോദസഞ്ചാരികൾക്കായി പ്രത്യേക പവലിയനും ഒരുക്കി. ഓരോ പുലികളി സംഘത്തേയും ആരവങ്ങളോടെയാണ് ജനക്കൂട്ടം വരവേറ്റത്. സമൂഹ മാധ്യമങ്ങളിൽ അപ്ഡേറ്റിനായി അനേക കൈകളിൽനിന്ന് കാമറകൾ മിന്നി. പുരാണങ്ങളിലെ സന്ദർഭങ്ങളും സാമൂഹിക വിഷയങ്ങളും ഉൾപ്പെടുത്തിയ നിശ്ചല ദൃശ്യങ്ങൾ പുലിക്കൂട്ടങ്ങൾക്ക് പൊലിമയേകി. പുള്ളിപ്പുലികളും കരിമ്പുലികളും വെള്ളപ്പുലികളും കൂടാതെ ഹൈടെക് ന്യൂജന്‍ പുലികളും ഉലക്കമേൽ കയറിയുള്ള പുലികളുടെ അഭ്യാസ പ്രകടനങ്ങളുമടക്കം ആസ്വാദകമനം കവർന്നു.
കുടവയര്‍ കുലുക്കുന്ന പുലികള്‍ക്കിടയില്‍ കുട്ടിപ്പുലികളുടെ ചുവടുകളും കൗതുകക്കാഴ്ചയായി. ആസ്വാദകർക്ക് ആനന്ദക്കാഴ്ചകളേറെയൊരുക്കിയാണ് പുലികളി സംഘങ്ങൾ നഗരം വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

