എൺപതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് മാല കവർന്ന സൈക്കോ ബിജു അറസ്റ്റിൽ
text_fieldsഇരിങ്ങാലക്കുട: മാപ്രാണത്ത് എൺപതുകാരിയെ വീട്ടിൽകയറി പീഡിപ്പിക്കാൻ ശ്രമിച്ച് മാലകവർന്ന കേസിൽ പ്രതി പിടിയിൽ. പാലക്കാട് വടക്കഞ്ചേരി സ്വദേശി അവിഞ്ഞിക്കാട്ടിൽ വീട്ടിൽ സൈക്കോ ബിജു എന്ന വിജയകുമാറിനെയാണ് (36) ജില്ല റൂറൽ എസ്.പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവർ അറസ്റ്റ് ചെയ്തത്. ഒമ്പതോളം സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതിയാണ് ഇയാൾ.
കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. വീട്ടിൽ വയോധിക മാത്രമുള്ളപ്പോൾ ബൈക്കിൽ വന്ന വിജയകുമാർ, വാതിൽ തള്ളിത്തുറന്ന് അകത്തുകടന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അതിനുശേഷം മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടു ദിവസത്തിനുള്ളിൽ പ്രതി പിടിയിലായത്.
മോഷ്ടിച്ച മാല വടക്കഞ്ചേരിയിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചിരിക്കുകയാണ്. കസ്റ്റഡിയിൽ വാങ്ങി തുടർനടപടി പൂർത്തിയാക്കുമെന്നും ഇയാൾ മറ്റെവിടെയെങ്കിലും ഇതുപോലുള്ള കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും ഡിവൈ.എസ്.പി അറിയിച്ചു. ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ എം.എസ്. ഷാജൻ, ക്രൈംസ്ക്വാഡ് അംഗങ്ങളായ എസ്.ഐ വി.ജി. സ്‌റ്റീഫൻ, എ.എസ്.ഐമാരായ പി. ജയകൃഷ്ണൻ, മുഹമ്മദ് അഷ്റഫ്, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, സോണി സേവ്യർ, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, എം.വി. മാനുവൽ, ഷറഫുദ്ദീൻ, ഇരിങ്ങാലക്കുട സ്റ്റേഷനിലെ എസ്.ഐ ജോർജ്, സി.എം. ക്ലീറ്റസ്, എ.എസ്.ഐ ജസ്റ്റിൻ, സീനിയർ സി.പി.ഒ രാഹുൽ അമ്പാടൻ, വി.വി. നിധിൻ, മെഹ്റുന്നിസ, സജു, വി.വി. വിമൽ, സച്ചിൻ, സൈബർ വിദഗ്ധരായ പി.വി. രജീഷ്, വിപിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
'സൈക്കോ ബിജു'
ഇരിങ്ങാലക്കുട: പാലക്കാട് വടക്കഞ്ചേരിയിലെ മൂലങ്കോട് ഗ്രാമത്തിൽ ജനിച്ച വിജയകുമാർ ബിജുവെന്ന കള്ളപ്പേരിലാണ് പലയിടത്തും താമസിച്ചിരുന്നത്. ഹൈസ്കൂൾതലം മുതൽ അടിപിടിയും മറ്റു ക്രിമിനൽ സ്വഭാവവുമുണ്ടായിരുന്നു. പിന്നീട് സ്ത്രീകളെ ആക്രമിക്കൽ , ലൈംഗികമായി ഉപദ്രവിക്കൽ, മാല പൊട്ടിക്കൽ, കവർച്ച, വാഹന മോഷണം തുടങ്ങിയ കേസുകളിൽപ്പെട്ട് കുപ്രസിദ്ധി നേടി. മദ്യത്തിന്‍റെയും കഞ്ചാവിന്‍റെയും ഉപയോഗം ഇയാളെ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാക്കിയിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

