പി.എസ്.സിക്ക് 'പണികൊടുത്ത്' ജില്ല ഭരണകൂടം; സ്വന്തം കെട്ടിടം സ്വപ്നം
text_fieldsപി.എസ്.സി ജില്ല ഓഫിസ്
തൃശൂർ: പി.എസ്.സി ജോലിക്കായി വർഷങ്ങളായി കാത്തിരിക്കുന്ന ഉദ്യോഗാർഥിക്ക് സമാനമാണ് ജില്ല പി.എസ്.സി ഓഫിസിന്‍റെ അവസ്ഥ. വാടകക്കെട്ടിടത്തിൽനിന്ന് സ്വന്തം കെട്ടിടത്തിലേക്ക് മാറാനുള്ള ആഗ്രഹത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമാവുകയാണ് അവസരങ്ങൾ.
ഏറെ തടസ്സവാദങ്ങളുമായി ജില്ല ഭരണകൂടം അടക്കം നിൽക്കുകയാണ്. കെട്ടിടം നിർമിക്കാനുള്ള സ്ഥലത്തിനായി പി.എസ്.സി അധികൃതർ നെട്ടോട്ടത്തിലാണ്. മുട്ടുന്ന വാതിലുകളിലെല്ലാം തടസ്സവാദം. ഏകദേശം കാൽ കോടി രൂപയിൽ അധികമാണ് പ്രതിവർഷം വാടകയിനത്തിൽ മാത്രം നൽകുന്നത്. സംസ്ഥാനത്ത് സ്വന്തമായി കെട്ടിടമില്ലാത്ത ജില്ല പി.എസ്.സി ഓഫിസുകൾ കുറവാണ്. തൃശൂരിൽ പി.എസ്.സിക്ക് വിപുലമായ ഓഫിസും മറ്റും ഉണ്ടായാൽ വടക്കൻ ജില്ലക്കാർക്ക് തിരുവനന്തപുരത്തേക്ക് പോകാതെ കാര്യങ്ങൾ നടത്താനുമാവും.
എം.ജി റോഡിലെ പാറയിൽ കെട്ടിടത്തിൽ വാടകക്കായിരുന്നു ആദ്യം പി.എസ്.സി ഓഫിസ്. 2010ലാണ് രാമനിലയത്തിന് സമീപത്തെ പട്ടികജാതി വികസന കോർപറേഷൻ കെട്ടിടത്തിന്‍റെ മുകളിലെ നിലയിൽ എത്തിയത്. ഗർഭിണികളും രോഗികളുമടക്കം പി.എസ്.സി ഓഫിസിലേക്ക് വരുന്ന ഉദ്യോഗാർഥികൾക്കും ദുരിതമാണ് ഈ കാര്യാലയം. അഭിമുഖം, പ്രമാണ പരിശോധന, മറ്റ് അന്വേഷണം എന്നിവക്കെല്ലാം ലിഫ്റ്റ് ഇല്ലാതെ കെട്ടിടത്തിന്‍റെ മുകളിലെ നിലയിലെത്തണം.
ഭിന്നശേഷിക്കാർക്ക് മുകളിലെ ഓഫിസിലേക്ക് എത്താനാവാത്ത സാഹചര്യമുണ്ട്. പലപ്പോഴും ഇന്‍റർവ്യൂ ബോർഡ് താഴത്തെ നിലയിലെത്തി അഭിമുഖം നടത്തേണ്ടിവരുന്നുണ്ട്. പട്ടികജാതി വികസന കോർപറേഷൻ ഓഫിസിലേക്ക് എത്തുന്നവർക്ക് ഇടയിൽ ഇരുന്നാണ് പലപ്പോഴും അഭിമുഖം നടത്താറുള്ളത്. നിലവിലുണ്ടായിരുന്ന ഓഫിസിന് പുറമെ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഓൺലൈൻ പരീക്ഷകേന്ദ്രം ഉൾപ്പെടെ രണ്ട് ഓഫിസുകളാണ് പട്ടികജാതി വികസന കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. 5734 ചതുരശ്രയടി വിസ്തീർണത്തിന് പ്രതിമാസ വാടക 1,56,974 രൂപയാണ്. പ്രതിവർഷമിത് 18,83,688 രൂപയാണ്. 1565 ചതുരശ്രയടി വിസ്തീർണമുള്ള പുതിയ ഓൺലൈൻ പരീക്ഷകേന്ദ്രത്തിന് 69,629 രൂപയാണ് പ്രതിമാസ വാടക. പ്രതിവർഷം 8,35,548 രൂപയാണ് നൽകുന്നത്.
ജവഹർ ബാലഭവൻ പരിസരത്ത് രാമനിലയത്തിന്‍റെ അധീനതയിലുള്ള ഭൂമി പി.എസ്.സിക്ക് കെട്ടിടത്തിനായി നൽകാമെന്ന് ധാരണയുണ്ടായിരുന്നു. 20 സെന്‍റ് സ്ഥലമാണ് പി.എസ്.സിക്ക് നൽകാൻ അന്ന് കലക്ടറായിരുന്ന ടി.വി. അനുപമ ഉത്തരവിട്ടത്. എന്നാൽ, വിവിധ കോണുകളിൽനിന്ന് തടസ്സവാദങ്ങൾ ഉയർന്ന് വിഷയം വിവാദമായപ്പോൾ വീണ്ടും അന്വേഷണം നടത്തുകയും പൊന്നുംവില കിട്ടാവുന്ന സ്ഥലം വിട്ടുനൽകിയാൽ സർക്കാറിന് നഷ്ടമാകുമെന്നും റിപ്പോർട്ട് നൽകി. നിലവിൽ ചെമ്പുക്കാവിലെ മൃഗശാല പുത്തൂരിൽ സുവോളജിക്കൽ പാർക്കിലേക്ക് കൂടുമാറുമ്പോൾ വെറുതെയാവുന്ന കെട്ടിടം പി.എസ്.സിക്ക് നൽകിയാൽ സൗകര്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

