കട്ടക്കലിപ്പിൽ കബാലി; ആനയെ കാടുകയറ്റണമെന്ന ആവശ്യം ശക്തം
text_fieldsഅതിരപ്പിള്ളി: ആനമല അന്തർ സംസ്ഥാന പാതയിൽ ആക്രമണകാരിയായി നിലയുറപ്പിക്കുന്ന കബാലി എന്ന പേരിൽ അറിയപ്പെടുന്ന കാട്ടാനയെ കാടുകയറ്റണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാട്ടാനയുടെ ഭീഷണി രൂക്ഷമായതോടെ ഇതിനെ നിയന്ത്രിക്കാൻ സാധിക്കാത്ത വനം വകുപ്പിന് നേരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നു.
മണിക്കൂറുകളോളം കബാലി സൃഷ്ടിക്കുന്ന ഗതാഗത തടസ്സം മലയോര മേഖലയിലെ ആദിവാസികളെയും തോട്ടം തൊഴിലാളികളെയും വിനോദ സഞ്ചാര മേഖലയെയും ചരക്കുനീക്കം അടക്കമുള്ള അന്തർ സംസ്ഥാന ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
ഷോളയാർ, അമ്പലപ്പാറ മേഖലയിൽ രാപകലില്ലാതെ കാട്ടാന റോഡിൽ ഇറങ്ങിനിന്ന് ഗതാഗതം തടസ്സപ്പെടുത്തുകയാണ്. മദപ്പാടുള്ളതുകൊണ്ട് ഈയിടെ കാട്ടാന കൂടുതൽ അക്രമകാരിയാണ്. റോഡ് വിജനമാക്കി മാറ്റിയ കോവിഡ് കാലത്തിന് ശേഷമാണ് കബാലിയെന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ കാട്ടാനയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെടുന്നത്.
അമ്പലപ്പാറ വളവിൽനിന്ന് ബൈക്ക് യാത്രക്കാരെ വിരട്ടിയ ഈ കാട്ടാന പിന്നീട് റോഡിൽ നിരന്തരം പ്രത്യക്ഷപ്പെടാൻ തുടങ്ങി. ലോറിയും ബസും അടക്കമുള്ള വാഹനങ്ങളെ കിലോമീറ്ററുകളോളം പിന്നോട്ട് എടുപ്പിക്കുന്ന ഇതിന്റെ വികൃതി വർധിക്കാൻ തുടങ്ങി. എന്നാൽ വന നിയമങ്ങൾ കർശനമായതിനാൽ കാട്ടാനയെ പ്രകോപിപ്പിക്കുന്നവർക്കെതിരെ കേസെടുക്കാറുമുണ്ട്. ഇടവേളകളിൽ കുറച്ച് മാസത്തേക്ക് ഇതിനെ റോഡിൽ കാണാതാവും. പിന്നെയും ഇടവേളക്ക് ശേഷം കാട്ടിൽനിന്ന് തിരിച്ചെത്തും. കഴിഞ്ഞ ഒരുമാസത്തോളമായി വീണ്ടും ആനമല പാതയിൽ സജീവമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ആന അക്രമിച്ചത്. ഇതുമൂലം മണിക്കൂറുകളോളം സഞ്ചാരികൾ വഴിയിൽ കുടുങ്ങി. മലക്കപ്പാറ മേഖലയിലെ തോട്ടം തൊഴിലാളികളും ആദിവാസി ഉന്നതിയിലെ ജനങ്ങളും അടിയന്തര ആശുപത്രി ആവശ്യങ്ങൾക്കായി പോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയിലാണെന്ന് പരാതിയുണ്ട്.
മേഖലയിലെ ആദിവാസികൾ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളുടെയും സഞ്ചാരികളുടെയും ജീവന് തന്നെ ഭീഷണിയാകുന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി ഷെൽറ്ററിലേക്ക് മാറ്റുകയോ കാടുകയറ്റുകയോ ചെയ്യുന്നതടക്കമുള്ള നടപടികൾ വനം വകുപ്പ് അടിയന്തരമായി സ്വീകരിക്കണമെന്ന് സി.പി.എം അതിരപ്പിള്ളി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കെ.എസ്. സതീഷ് കുമാർ, കെ.കെ. റിജേഷ്, സൗമിനി മണിലാൽ തുടങ്ങിയവർ സംസാരിച്ചു.
പ്രകോപിപ്പിച്ചവർക്കെതിരെ കേസ്; ജാഗ്രത നിർദേശങ്ങളുമായി വനം വകുപ്പ്
അതിരപ്പിള്ളി: കബാലിയെ പ്രകോപിപ്പിച്ചവർക്കെതിരെ കേസ്. മലക്കപ്പാറ അന്തർ സംസ്ഥാന പാതയിൽ അമ്പലപ്പാറ ഭാഗത്തുനിന്ന് 19ന് രാത്രി റോഡിൽ ഇറങ്ങിയ കാട്ടാനയുടെ അടുത്തേക്ക് അപകടകരമായ രീതിയിൽ വാഹനത്തിലെത്തി ആനയെ പ്രകോപിപ്പിച്ചവർക്കെതിരെയാണ് കേസ്. എന്നാൽ ഇവരെ കണ്ടെത്തിയിട്ടില്ല.
വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലെ ഷോളയാർ റേഞ്ച് ഷോളയാർ ഫോറസ്റ്റ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്താനായുള്ള അന്വേഷണം ഊർജിതമാക്കിയതായി വനപാലകർ വ്യക്തമാക്കി.
അതിരപ്പിള്ളി-മലക്കപ്പാറ സംസ്ഥാനപാതയിലൂടെ കടന്നുപോകുന്ന യാത്രികർ വന്യമൃഗങ്ങളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ മൃഗങ്ങളിൽനിന്നും സുരക്ഷിതമായ അകലം പാലിച്ച് വാഹനം നിർത്തേണ്ടതും വന്യമൃഗങ്ങളെ പ്രകോപിക്കുന്ന തരത്തിൽ ഹോൺ മുഴക്കുകയോ മറ്റ് ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കുകയോ ചെയ്യാൻ പാടില്ല. അടിയന്തര സാഹചര്യങ്ങളിൽ വനം വകുപ്പിന്റെ എമർജൻസി ഓപറേഷൻ സെന്ററുമായോ (0-9188407532), മലക്കപ്പാറ (8547601953), വാഴച്ചാൽ (8547601915) എന്നിവിടങ്ങളിലെ വനം വകുപ്പ് ചെക്ക് പോസ്റ്റുകളിലോ സഹായം തേടാവുന്നതാണ്.
നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്ന് വാഴച്ചാൽ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ഐ.എസ്. സുരേഷ്ബാബു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

