ഇന്ധനവില വർധനക്കെതിരെ പ്രതിഷേധമിരമ്പി; മത്സ്യത്തൊഴിലാളി മാർച്ചിൽ സംഘർഷം
text_fieldsപരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി സംഘടിപ്പിച്ച ഫിഷറീസ് സ്റ്റേഷൻ മാർച്ച് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ ഉദ്ഘാടനം ചെയ്യുന്നു
അഴീക്കോട്: ഇന്ധനവില വർധനമൂലം പ്രതിസന്ധിയിലായ മത്സ്യമേഖലയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ ഫിഷറീസ് സ്റ്റേഷൻ ഉപരോധിച്ചു.
മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണയും ഡീസലും 50 രൂപ നിരക്കിൽ മത്സ്യഫെഡിന്റെ പമ്പുകൾ വഴി വിതരണം ചെയ്യുക, പെർമിറ്റ് മണ്ണെണ്ണ മുടക്കം കൂടാതെ വിതരണം ചെയ്യുക, പെയർ ട്രോളിങ് ബോട്ടുകൾ പിടിച്ചെടുക്കുക, ചെറുമീൻപിടിത്ത നിരോധനം കർശനമായി നടപ്പാക്കുക, പഞ്ഞമാസ സമ്പാദ്യപദ്ധതിയിലെ ആശ്വാസ വിഹിതം അടിയന്തരമായി വിതരണം ചെയ്യുക, കടലിൽ അപകടത്തിൽപെടുന്ന തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ ഹെലികോപ്ടർ അടക്കം സുരക്ഷസംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. അഴീക്കോട് ഫിഷറീസ് ഓഫിസിനുമുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു. ഇതിനിടെ പൊലീസ് പ്രതിരോധം ഭേദിക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പൊലീസും മത്സ്യത്തൊഴിലാളികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. ഇന്ധനപ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുന്നില്ലെങ്കിൽ മത്സ്യബന്ധന ഉപകരണങ്ങളുമായി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുമെന്നും അതിന്റെ സൂചനകളാണ് വിവിധ ജില്ലകളിൽ നടക്കുന്ന പ്രതിഷേധങ്ങളെന്നും അദ്ദേഹം പറഞ്ഞു.
കെ.എ. ഷിഹാബ് അധ്യക്ഷത വഹിച്ചു. പി.വി. ജനാർദനൻ, പി.വി. ജയൻ എന്നിവർ സംസാരിച്ചു. ടി.എസ്. ഷിഹാബ് സ്വാഗതവും കെ.എസ്. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. നൂറുകണക്കിന് തൊഴിലാളികൾ മാർച്ചിൽ പങ്കെടുത്തു. കെ.എ. പത്മനാഭൻ, ടി.ഡി. അശോകൻ, ഇ.കെ. ബൈജു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

