വാഗ്ദാനങ്ങൾ പാഴ്വാക്ക്; കളിസ്ഥലം സംഗീത കോളജിന് കൈമാറാൻ നീക്കം, പ്രതിഷേധം ശക്തം
text_fieldsതൃശൂർ: രാമവർമപുരം ഗവ. യു.പി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക വിദ്യാഭ്യാസ സമുച്ചയമാക്കി മാറ്റുമെന്ന മന്ത്രിയുടെ വാഗ്ദാനം പാഴ്വാക്കായി. വർഷങ്ങളായി സ്കൂൾ ഗ്രൗണ്ടായി ഉപയോഗിച്ചുവരുന്ന യു.പി സ്കൂളിനോട് ചേർന്നുള്ള മൈതാനം സംഗീത കോളജിന് കൈമാറാൻ നീക്കം നടക്കുന്നതായാണ് പരാതി.
അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക സമുച്ചയമെന്ന നാട്ടുകാരുടെ വർഷങ്ങളുടെ സ്വപ്നങ്ങളിലാണ് കരിനിഴൽ വീഴുന്നത്. പ്രദേശത്തെ ഏക കളിസ്ഥലം ഇല്ലാതാക്കുന്നതിനെതിരെ പാടൂക്കാട് നിവാസികളും പൂർവ വിദ്യാർഥികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്കൂൾ ഗ്രൗണ്ടിൽ മ്യൂസിക് കോളജ് പണിയാതെ ഗ്രൗണ്ടിനോടടുത്ത് കാട് പിടിച്ചു കിടക്കുന്ന സ്ഥലം വൃത്തിയാക്കി മ്യൂസിക് കോളജിന് സ്ഥലം അനുവദിച്ച് സ്കൂൾ ഗ്രൗണ്ട് ഗ്രൗണ്ടായി സംരക്ഷിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. 2016-‘17 കാലയളവിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) സ്കൂൾ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നിരുന്നു.
എന്നാൽ, അന്നത്തെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഇടപെട്ട്, സംസ്ഥാന സർക്കാർ തന്നെ സ്കൂൾ നവീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഉറപ്പ് നൽകി. അതോടെ ‘സായ്’ പദ്ധതിയിൽനിന്ന് പിന്മാറി. എന്നാൽ വർഷങ്ങൾക്കിപ്പുറവും ആ ഉറപ്പ് യാഥാർഥ്യമായില്ല. പാടൂക്കാട് പ്രദേശത്തെ കുട്ടികളും യുവാക്കളും മുതിർന്നവരുമടക്കം നിരവധി പേരുടെ കായിക സ്വപ്നങ്ങൾക്ക് ചിറകുനൽകിയ മൈതാനമാണിത്.
ഈ കളിസ്ഥലത്ത് പരിശീലനം നേടിയാണ് രാമവർമപുരം സ്കൂൾ ഹോക്കി ടീം ദേശീയ തലത്തിൽ ശ്രദ്ധ നേടിയത്. ഈ സാധ്യതകൾ തിരിച്ചറിഞ്ഞാണ് സ്കൂളിനെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സമ്പൂർണ സ്പോർട്സ് സ്കൂളാക്കി മാറ്റണമെന്ന ആവശ്യം നാട്ടുകാർ മുന്നോട്ടുവെച്ചത്. എൽ.പി, യു.പി, ഹൈസ്കൂൾ, വി.എച്ച്.എസ്.ഇ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഒരു സംയോജിത വിദ്യാഭ്യാസ-കായിക സമുച്ചയമായിരുന്നു ലക്ഷ്യം. അടുത്തിടെ മൈതാനത്ത് നവീകരണ പ്രവൃത്തികൾ ആരംഭിച്ചത് പ്രതീക്ഷ നൽകിയെങ്കിലും, അത് സ്ഥലം കൈമാറ്റത്തിനുള്ള മുന്നൊരുക്കമാണോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
പാട്ടുരായ്ക്കൽ മുതൽ വടക്കാഞ്ചേരി വരെ മറ്റൊരു കളിസ്ഥലമില്ല. നിലവിൽ മൈതാനം പലയിടത്തും കാടുപിടിച്ച് സാമൂഹികവിരുദ്ധരുടെ താവളമായിരിക്കുകയാണിത്. വൃത്തിയാക്കാൻ കോർപറേഷനോട് പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. വിഷയത്തിന്റെ ഗൗരവം ബോധിപ്പിച്ച് കഴിഞ്ഞ പല വർഷങ്ങളിലായി അധികൃതർക്ക് പലതവണ പരാതി നൽകിയെങ്കിലും നടപടിയില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

