രോഗിയുമായി പോയ ആംബുലൻസിന്റെ വഴിതടഞ്ഞ് സ്വകാര്യ ബസുകൾ
text_fieldsആംബുലൻസ് പോകുന്ന ഭാഗത്ത് നിയമം ലംഘിച്ച് ഗതാഗതം തടസമാകും വിധം കയറി നിന്ന ബസുകൾ
കാഞ്ഞാണി: അത്യാസന നിലയിലായ രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കി സ്വകാര്യബസുകൾ. മനപ്പൂർവം ആംബുലൻസിന് മാർഗതടസ്സം ഉണ്ടാക്കി എന്നാണ് പരാതി. ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ അന്തിക്കാട് പൊലീസ് മൂന്ന് ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു.
തൃശൂർ-വാടാനപ്പള്ളി സംസ്ഥാന പാതയിൽ ഗതാഗതകുരുക്ക് രൂക്ഷമായ കാഞ്ഞാണി സെന്ററിൽ ശനിയാഴ്ച വൈകീട്ട് 4.30നായിരുന്നു സംഭവം. പുത്തൻപീടികയിലെ സ്വകാര്യആശുപത്രിയിൽനിന്ന് തൃശൂരിലെ ആശുപത്രിയിലെത്തിക്കാനുള്ള രോഗിയുമായി പോയ പെരിങ്ങോട്ടുകര സർവ്വതോഭദ്രത്തിന്റെ ആംബുലൻസാണ് സ്വകാര്യബസുകളുടെ ധിക്കാരപരമായ നടപടിമൂലം ദുരിതത്തിലായത്.
ഒരുവരിയിൽ ബ്ലോക്കിൽപെട്ട് വാഹനങ്ങൾ ഉണ്ടെങ്കിലും ആംബുലൻസ് പോകുന്ന ഭാഗത്താണ് ബസുകൾ നിയമംലംഘിച്ച് ഗതാഗതം തടസ്സമാകും വിധം കയറ്റിയിട്ടത്. സൈറൺ മുഴക്കി വന്ന ആംബുലൻസിനെ കണ്ടിട്ടും ഗൗനിക്കാതെ സ്വകാര്യ ബസുകാർ നടത്തിയ ധികാരം ആംബുലൻസ് ഡ്രൈവറാണ് മൊബൈൽ കാമറയിൽ പകർത്തിയത്.
അഞ്ച് മിനിറ്റിലധികം രോഗിയുമായി ആംബുലൻസ് വഴിയിൽ കുടുങ്ങി. ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ ബസുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അന്തിക്കാട് എസ്.ഐ കെ. അജിത്ത് വ്യക്തമാക്കി. ശ്രീമുരുക, അനുശ്രീ, സെന്റ് മേരീസ് എന്നീ ബസുകൾക്കെതിരെയാണ് പരാതി.
രണ്ടുവർഷം മുമ്പും സ്വകാര്യബസ് ഡ്രൈവർ മനക്കൊടി-ചേറ്റുപുഴയിൽ വെച്ച് ആംബുലൻസിനെ വഴിതടഞ്ഞ് ആശുപത്രിയിൽ യഥാസമയം എത്തിക്കാൻ ആകാതെ വീട്ടമ്മ മരിച്ചിരുന്നത് വിവാദമായിരുന്നു. സംഭവം വിവാദമായതോടെ മൂന്നു ബസുകൾക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് ഇരിങ്ങാലക്കുടി ഡിവൈ.എസ്.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

